അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ സ്ഥലം മാറ്റാം: കൊലപാതക കേസ് അന്വേഷണം വഴിമാറുന്നു

Posted on: March 25, 2014 6:00 am | Last updated: March 25, 2014 at 7:26 pm
SHARE

വണ്ടൂര്‍: അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ സ്ഥലം മാറ്റത്തോടെ കൊലപാതക കേസ്് അന്വേഷണം വഴിമാറുന്നു.
വണ്ടൂരില്‍ കഴിഞ്ഞ മാസം നടന്ന ഒരു കൊലപാതക കേസിന്റെ അന്വേഷണമാണ് പുതിയ ഉദ്യോഗസ്ഥന്‍ ചുമതലയേറ്റതോടെ വഴിതിരിഞ്ഞുപോകുന്നത്. കഴിഞ്ഞ മാസം പത്തിനാണ് കുടുംബ വഴക്കിനിടെ ഭാര്യയുടെ വലിയുമ്മയുടെ വീട്ടില്‍ നിന്നുണ്ടായ അക്രമത്തില്‍ മരുമകന്‍ കൊല്ലപ്പെട്ട സംഭവം നടന്നത്.
കൂരാട് തെക്കുംപുറം സ്വദേശി വലിയപീടിക മുജീബ്(42)ആണ് കൊല്ലപ്പെട്ടത്. മക്കളെ കാണാന്‍ ഭാര്യമാതാവിന്റെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ട മുജീബിനെ ഒരുമിച്ചുകൂടിയവര്‍ ചേര്‍ന്ന് അടിച്ചും എറിഞ്ഞും കൊല്ലുകയായിരുന്നു. മുജീബിന്റെ ആക്രമത്തില്‍ ഭാര്യമാതാവ് പാത്തുണ്ണി(68),മക്കളായ സി ടി പി ഉണ്ണിമൊയ്തീന്‍(46), അബ്ദുല്‍ മജീദ്(40) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.
സി ടി പി ഉണ്ണിമൊയ്തീന്റെ ഇടതു കൈപ്പത്തി അറ്റുവീണിരുന്നു. സംഭവത്തില്‍ പത്ത് പേരെയാണ് കേസ് അന്വേഷിച്ചിരുന്ന സിഐ മൂസ വള്ളിക്കാടന്‍ കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇതില്‍ രണ്ടുപേരെ സി ഐ അറസ്റ്റ് ചെയ്തിരുന്നു. എറിയാട് സ്വദേശി അമ്പാഴത്തില്‍ ആശിഖ്‌റോഷന്‍ എന്ന റോസ്‌മോന്‍ (23), വണ്ടൂര്‍ താഴെകാപ്പിച്ചാല്‍ ഇറ്റ്‌ലിയത്ത് അബ്ദുല്‍മജീദ് എന്ന പാറ മജീദ് (39)എന്നിവരെയാണ് വണ്ടൂര്‍ സി ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പിന്നീട് ഇദ്ദേഹത്തെ കോഴിക്കോട് നടക്കാവിലേക്ക് സ്ഥലം മാറ്റി. നേരത്തെ നിലമ്പൂരില്‍ സിഐ ആയിരുന്ന ഷാജിയെ ആണ് പിന്നീട് നിയമിച്ചത്. മുജീബിന്റെ വധം കൊലപാതകമായി കാണാനാകില്ലെന്നാണ് സി ഐ ഷാജിയുടെ നിലപാട്. ഇത് സംബന്ധിച്ച് വിദഗ്ദ ഉപദേശം തേടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അടികൊണ്ട് മുജീബ് നിലത്തുവീണിട്ടും ജീവന്‍ പോകും വരെ പ്രതികള്‍ അടിച്ചെന്നും ഇത് കൊലപാതകം തന്നെയാണ് വ്യക്തമാക്കുന്നതെന്നുമായിരുന്നു മൂസ വള്ളിക്കാടന്‍ പറഞ്ഞത്.
മുജീബിന്റെ അക്രമത്തില്‍ പരുക്കേറ്റ മൂന്ന് പേരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞാണ് മുജീബ് കൊല്ലപ്പെട്ടതെന്നതും ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. തലയുടെ പിറകില്‍ അഞ്ച് മുറിവുകളുണ്ട്.
അടിയേറ്റ് തലയോട്ടി പൊട്ടി, കണ്ണിന്റെ ഭാഗത്ത് കല്ലുകൊണ്ട് കുത്തിയ മുറിവും ഉണ്ടായിരുന്നു. കൂടാതെ കൊല്ലപ്പെട്ട മുജീബിന്റെ ശരീരത്തില്‍ ഇരുപതോളം മുറിവുകളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ അക്രമിയെ നിരായുനാക്കി കീഴ്‌പ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും മറിച്ച് കായികമായി നിയമം കയ്യിലെടുക്കാന്‍ പാടുളളതല്ലെന്നുമാണ് സി ഐ മൂസ വള്ളിക്കാടന്‍ പറഞ്ഞത്.
എന്നാല്‍ പുതിയ സിഐയുടെ നിലപാട് കേസില്‍ പുതിയ വഴിത്തിരിവുണ്ടാകുമെന്നാണ് സൂചന.