പുലാമന്തോളിലും കട്ടുപ്പാറയിലും സ്ഥിരം തടയണ നിര്‍മാണം അന്തിമഘട്ടത്തില്‍

Posted on: March 25, 2014 6:00 am | Last updated: March 25, 2014 at 7:24 pm
SHARE

കൊളത്തൂര്‍: ശുദ്ധജല പദ്ധതികള്‍ക്കും ജലസേചന പദ്ധതികള്‍ക്കും പ്രതീക്ഷ നല്‍കി കുന്തിപ്പുഴയില്‍ പുലാമന്തോള്‍ പാലത്തിന് സമീപവും കട്ടുപ്പാറയിലും ഒരുക്കുന്ന സ്ഥിരം തടയണ നിര്‍മാണം അന്തിമഘട്ടത്തില്‍.
ഇനി കുടിവെള്ളം മുട്ടില്ലെന്ന പ്രതീക്ഷയോടെ ജനം കത്തിരിക്കുകയാണ്. 2.40 കോടി രൂപ ചെലവില്‍ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പുലാമന്തോളില്‍ തടയണ നിര്‍മിക്കുന്നത്. 120 മീറ്റര്‍ നീളത്തില്‍ 1.75 മീറ്റര്‍ ഉയരമുള്ള തടയണ പുലാമന്തോള്‍, വിളയൂര്‍, കൊപ്പം, കുല്‍ക്കല്ലൂര്‍ പഞ്ചായത്തുകളിലെ ശുദ്ധജല പദ്ധതികള്‍ക്ക് പ്രയോജനം ലഭിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ യു ഐ ഡി എസ് എസ് എം ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരിന്തല്‍മണ്ണ നഗരസഭയാണ് കട്ടുപ്പാറയിലെ തടയണ നിര്‍മിക്കുന്നത്. രണ്ട് തടയണകളും പൂര്‍ത്തിയാകുന്നതോടെ മലപ്പുറം, പാലക്കാട് ജില്ലകളിലെ ചെറുതും വലുതുമായ അര ഡസനോളം ശുദ്ധജല പദ്ധതികള്‍ക്ക് സഹായകമാകും.
ഈ രണ്ട് പ്രദേശങ്ങളിലും വേനല്‍കാലത്ത് ജലനിരപ്പ് നിലനിര്‍ത്താനാകും. അതേ സമയം പുഴയിലെ നീരൊഴുക്ക് കുറഞ്ഞുവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കട്ടുപ്പാറയില്‍ ജലവിതരണം പലതവണ തടസ്സപ്പെട്ടിരുന്നു.