ജീവനക്കാരുടെ നിയമനം; അനിശ്ചിതത്വം തുടരുന്നു

Posted on: March 25, 2014 6:00 am | Last updated: March 25, 2014 at 7:23 pm
SHARE

മഞ്ചേരി: ജില്ലയില്‍ പി എച്ച് ലാബ് നവീകരണ പദ്ധതിക്ക് ടെന്‍ഡറായി. സ്റ്റാഫ് നിയമനമായില്ല. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ലാബ് സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടര്‍ അനുവദിച്ചത്.
ഒരു വര്‍ഷം മുമ്പ് സ്ഥലം അനുവദിച്ചിട്ടും ഇക്കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം 29 ലക്ഷം രൂപ ലാബ് നവീകരണത്തിനായി അനുവദിച്ചത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
രോഗ നിര്‍ണയത്തിനാവശ്യമായ ആധുനിക പരിശോധന സംവിധാനമായ പി എച്ച് ലാബ് ഇല്ലാത്തതിനാല്‍ രോഗികള്‍ കോഴിക്കോട് റീജ്യണല്‍ ലാബിനെയാണ് ആശ്രയിച്ചിരുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയായതിനാല്‍ രോഗികളും ഇവിടെ കൂടുതലാണ്.
ജില്ല നിലവില്‍ വന്ന് 45 വര്‍ഷം കാത്തിരിക്കേണ്ടി വന്നു ലാബ് യാഥാര്‍ഥ്യമാകാന്‍. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ രോഗ നിര്‍ണയ പരിശോധന നടത്തുന്നത് കോഴിക്കോട് റീജ്യണല്‍ ലാബിലാണ്. വിദഗ്ധ പരിശോധന ആവശ്യമായ കേസുകളില്‍ പരിശോധന ഫലം ലഭിക്കാന്‍ ഒരു മാസമെങ്കിലും എടുക്കും. രോഗം നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഈ കാലയളവില്‍ കൃത്യമായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാറില്ല.
ക്ലിനിക്കല്‍ പത്തോളജി, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, ഓര്‍മോണോളജി, ഹിസ്റ്റോപാത്തോളജി എന്നിവക്ക് പുറമെ എയ്ഡ്‌സ് നിര്‍ണയത്തിനുള്ള എലിസ ടെസ്റ്റ് സൗകര്യവും പി എച്ച് ലാബിലുണ്ടാകും.
മെഡിക്കല്‍ ചാര്‍ജുള്ള ഡോക്ടര്‍മാര്‍ക്ക് പുറമെ മൂന്ന് സയന്റിഫിക് ഓഫീസര്‍മാര്‍, മൂന്ന് ചീഫ് ലാബ് ടെക്‌നീഷ്യന്‍മാര്‍, 12 ലാബ് ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെ 36 ജീവനക്കാര്‍ ലാബിലുണ്ടാകും. എന്നാല്‍ ഇതേ വരെ സ്റ്റാഫ് നിയമനമായിട്ടില്ല.
236 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നവീകരണം, വിവിധ സെക്ഷനുകളുടെ വിഭജനം, ലാബിനാവശ്യമായ ഉപകരണങ്ങള്‍ എന്നിവയടക്കം വിശദമായ പ്രപ്പോസല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ഉമറുല്‍ ഫാറൂഖ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്കും സര്‍ക്കാരിലേക്കും അയച്ചു വര്‍ഷം ഒന്നു കഴിഞ്ഞാണ് റിനവേഷനുള്ള 29 ലക്ഷം രൂപ അനുവദിച്ചത്.
ഡങ്കിപ്പനി, എലിപ്പനി, പക്ഷിപ്പനി എന്നിവ വ്യാപകമായിട്ടും ടെറ്റനസ്, ഡിഫ്തീരിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ആരോഗ്യവകുപ്പ് ജില്ലയെ അവഗണിക്കുകയായിരുന്നു. ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങള്‍ പരിശോധിക്കാനും ജില്ലയില്‍ സംവിധാനമുണ്ടായിരുന്നില്ല.
ഒരു വര്‍ഷം മുമ്പ് മലപ്പുറത്തെത്തിയപ്പോഴാണ് പി എച്ച് ലാബ് ഉടന്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഉറപ്പ് നല്‍കിയത്. ഇപ്പോള്‍ ടെന്‍ഡര്‍ നടപടികളായിട്ടുണ്ടെന്നാണറിയുന്നത്. എന്നാലും ആവശ്യമായ ജീവനക്കാരുടെ നിയമനം എന്നുണ്ടാകുമെന്ന് ഒരു നിശ്ചയവുമില്ല.