ആഹ്ലാദം നിലാവായി പെയ്തിറങ്ങി; പാരാപ്ലീജിയ രോഗികളുടെ സംഗമം നവ്യാനുഭവമായി

Posted on: March 25, 2014 6:00 am | Last updated: March 25, 2014 at 7:21 pm
SHARE

തിരൂര്‍: പുതിയ ഉദയം വിഷയമാക്കി നന്ദന്റെ കവിതയും കാണികളെ വിസ്മയിപ്പിച്ച ജംശീറിന്റെ ഗാനവും ചേര്‍ന്ന് ആഹഌദം നിലാവായി പെയ്തിറങ്ങിയ അസുലഭനിമിഷങ്ങള്‍……. വീടെന്ന ഏകാന്തതയുടെ ലോകത്ത് നിന്ന് വര്‍ണങ്ങളുടെയും ശബ്ദങ്ങളുടെയും ലോകത്തെത്തി തങ്ങളുടെ സഹജീവികളുടെ കൂടി കാര്യങ്ങള്‍ കണ്ടറിഞ്ഞപ്പോള്‍ അവര്‍ ശരിക്കും തിരിച്ചറിയുക തന്നെയായിരുന്നു.
തിരൂര്‍ കാരുണ്യ പാലിയേറ്റീവ് കഌനിക്കിന്റെ പുനരധിവാസ പദ്ധതിയായ നിലാവിന്റെ രണ്ടാംവാര്‍ഷിക പരിപാടിയിലാണ് ശാരീരിക – മാനസിക വൈകല്യമുള്ളവര്‍ ഒത്തുകൂടിയത്. വീല്‍ചെയറിലിരുന്ന് ഒപ്പനയും കോല്‍ക്കളിയും പിന്നെ വട്ടപ്പാട്ട്, മിമിക്രി, വഞ്ചിപ്പാട്ട് എന്നിവയും അവതരിപ്പിച്ച് അവര്‍ കാണികളെ വിസ്മയിപ്പിച്ചു. തിരൂരിലെ നിയമപാലകരുടെ സമ്പൂര്‍ണ്ണ പിന്തുണയുമായി ഡി വൈ എസ് പി. അസൈനാര്‍, സി ഐ. ആര്‍ റാഫി, എസ് ഐ. സുനില്‍ പുളിക്കന്‍ എന്നിവര്‍ എത്തിയത് സദസ്സിന് ആവേശമേകി.
ഡോ. എന്‍ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കുഞ്ഞാലന്‍കുട്ടി, ഡോ. അഹമ്മദ് കുട്ടി, അബ്ദുല്‍ നാസര്‍, ഡോ. സിയ, പി അബ്ദുല്‍ഫസല്‍ സംസാരിച്ചു.