തദ്ദേശസ്ഥാപനങ്ങളുടെ അവഗണന; തോടുകള്‍ നശിക്കുന്നു

Posted on: March 25, 2014 6:00 am | Last updated: March 25, 2014 at 7:20 pm
SHARE

കോട്ടക്കല്‍: തോടുകളും അരുവികളും അവഗണിക്കുന്നത് ജില്ലയിലെ കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നു. ത്രിതല പഞ്ചായത്തുകളുടെ കീഴില്‍ വരുന്ന ഇവയെ വേണ്ടരീതിയില്‍ സംരക്ഷിക്കപ്പെടുന്നില്ല. കരയിടിഞ്ഞും മണ്ണിറങ്ങിയും പ്ലാസ്റ്റിക്കുകള്‍ അടിഞ്ഞ് കൂടിയും പലയിടങ്ങളിലും നശിക്കുകയാണ്. പശ്ചാത്തല വികസന വകുപ്പില്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ഇവയെ സംരക്ഷിക്കാന്‍ ഫണ്ടുണ്ടായിരിക്കെയാണ് തോടുകളെ അവഗണിക്കപ്പെടുന്നത്.
ജില്ലയിലെ മിക്കഗ്രാമപഞ്ചായത്തുകളിലും തോടുകള്‍ ഉണ്ട്. മഴക്കാലമാകുമ്പോള്‍ വിവിധ ഇടങ്ങിളില്‍ നിന്നും വെള്ളം ഒഴുകി എത്തി ഇവ നിറഞ്ഞ് നില്‍കും. കൂട്ടത്തില്‍ കരകള്‍ ഇടിഞ്ഞ് പലഭാഗങ്ങളും തൂര്‍ന്നുപോകാറുമുണ്ട്. ഒഴുകി എത്തുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ അതിലേറെയും ഉണ്ടാകാറുണ്ട്. മഴമാറി തോടുകളിലെ വെള്ളം വറ്റിതുടങ്ങുമ്പോള്‍ ഇവ നീക്കം ചെയ്യുകയോ സംരക്ഷിക്കുന്നതിനാവശ്യമായ മറ്റ് പണികള്‍ നടത്താനോ മിക്ക ത്രിലപഞ്ചായത്തുകളും ശ്രമിക്കാറില്ല. കര്‍ഷകര്‍ക്കാര്‍ക്കാണ് ഇത് ഏറെ ദുരിതം വിതക്കുന്നത്. മണ്ണടിഞ്ഞതിനാല്‍ വേനലായാല്‍ പലതോടുകളും വറ്റിവരളുന്ന അവസ്ഥാണ് . പശ്ചാതല സൗകര്യ വികസന ഫണ്ടിന് പുറമെ സര്‍ക്കാറിന്റെ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗപ്പെടുത്തിയും തോട് സംരക്ഷിക്കാവുന്നതാണ്. ജലസ്രോതസ്സുകള്‍, പുഴകള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ളതാണ് ഈ സംവിധാനം. ഇത്രയും ആനുകൂല ഘടകള്‍ നിലനില്‍ക്കെയാണ് ത്രിതലപഞ്ചായത്ത് അധികൃതര്‍ തോടുകളെ അവഗണിക്കുന്നത്. പലപ്രദേശങ്ങളിലും കൃഷിക് പുറമെ പ്രദേശത്തെ ജലസ്രോതസ് കൂടിയാണ് ഇത്തരം തോടുകള്‍. കനത്ത കുടിവെള്ള ക്ഷാമത്തിനുകൂടി ഇത് ഇടവരുത്തുന്നുണ്ട്.