ആദം-തുംറൈത്ത് റോഡ് നിര്‍മാണം: രാജകീയ ഉത്തരവ് പുറത്തിറങ്ങി

Posted on: March 25, 2014 4:12 pm | Last updated: March 25, 2014 at 4:12 pm
SHARE

മസ്‌കത്ത്: പൊതുജന അവശ്യ വിഭാഗത്തില്‍ ഉള്‍പെടുത്തി ആദം-തുറൈത്ത് റോഡ് വികസനം പൂര്‍ത്തിയാക്കാന്‍ രാജകീയ ഉത്തരവ്. സൊഹാര്‍-വാദി ഹിബ്രി റോഡ് നിര്‍മാണത്തിനും ഉത്തരവാ=യി.

രാജ്യത്തെ വലിയ റോഡ് വികസന പദ്ധതികളിലൊന്നാണ് ആദം-തുംറൈത്ത് റോഡ്. ദോഫാറിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന റോഡ് നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിച്ചു വരികവേയാണ് പൊതുജന ആവശ്യ വിഭാഗത്തില്‍ ഉള്‍പെടുത്തി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഉത്തരവു പുറത്തിറങ്ങിയത്.
റോഡ് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് നിയമപരമായ പരിരക്ഷ നല്‍കിയാണ് പൊതു ആവശ്യ വിഭാഗത്തില്‍ ഉള്‍പെടുത്തി ഉത്തരവു പുറപ്പെടുവിക്കുന്നത്. ഉത്തരവിറങ്ങിയ സാഹചര്യത്തില്‍ ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകാതെ ആരംഭിക്കും. റോഡ് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ അടുത്ത ദിവസം അനുവദിക്കും. ഇന്നലെ മുതല്‍ തന്നെ പ്രാബല്യത്തില്‍ വരും വിധമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഉള്‍പെടുന്ന സൊഹാര്‍-വാദി ഹിബ്രി റോഡിനാണ് രണ്ടാമത്തെ ഉത്തരവ്. ഇവിടെയും ഭീമി ഏറ്റെടുക്കല്‍ ആവശ്യമായ പദ്ധതിയാണിത്. പൊതു അവശ്യ വിഭാഗത്തില്‍ ഉള്‍പെടുത്തിയാല്‍ പദ്ധതിക്ക് ആവശ്യമായ പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്വകാര്യ ഭൂമിയും കെട്ടിടങ്ങളും സര്‍ക്കാറിന് ഏറ്റെടുക്കാം. നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയാണ് ഭൂമിയും വസ്തുക്കളും ഏറ്റെടുക്കുക.
സാമൂഹിക ക്ഷേമത്തിനായി ഡയറക്‌ടേറേറ്റ് ജനറല്‍ രൂപവ്ത്കരിക്കാനും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഇന്നലെ ഉത്തരവിറക്കി. പ്രധനമായും അംഗവൈകല്യം ബാധിച്ചവരുടെ ക്ഷേമത്തിനു വേണ്ടിയാണ് ഈ വിഭാഗം. ദി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ദി ഡിസേബിള്‍ഡ് അഫയേഴ്‌സ് എന്ന പേരിലുള്ള വിഭാഗം മന്ത്രാലയം അണ്ടര്‍ സെക്രട്ടറിക്കു കീഴിലാണ്.