ഉത്തേജന മരുന്നുകള്‍ ഓണ്‍ലൈനില്‍ കബളിപ്പിക്കപ്പെടരുതെന്ന് അതോറിറ്റി

Posted on: March 25, 2014 4:30 pm | Last updated: March 25, 2014 at 4:06 pm
SHARE

PACPമസ്‌കത്ത്: ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കാനെന്ന പ്രചാരണവുമായി ഓണ്‍ലൈനിലൂടെ വില്‍പന നടത്തുന്ന മരുന്ന് വ്യാജമാണെന്നും ജനങ്ങള്‍ കബളിപ്പിക്കലിനു വിധേയരാകരുതെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.
മരുന്നു വാങ്ങി വഞ്ചിതരായവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അതോറിറ്റി പരിശോധന നടത്തിയതും വ്യാജാമാണെന്നു കണ്ടെത്തിയതും. ഇത്തരം മരുന്നുകളുടെ ഏജന്റുമാരായി ചിലര്‍ പ്രവര്‍ത്തിക്കുന്നതായും ഇവരുടെ തട്ടിപ്പുകള്‍ക്കു വിധേയരാകരുതെന്നും വിശ്വാസ്യത ഉറപ്പു വരുത്തിയ ഓണ്‍ലൈന്‍ ഷോപ്പുകളിലൂടെ മാത്രമേ സാധനങ്ങള്‍ വാങ്ങാവൂ എന്നം മരുന്നുകള്‍ പോലുള്ളവ വാങ്ങുന്നതിന് ഓണ്‍ലൈന്‍ ഉപയോഗിക്കുന്നതില്‍നിന്ന് ഉപഭോക്താക്കള്‍ പിന്തിരിയണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
വിവിധ ക്രീമുകളും ഓയിന്‍മെന്റുകളുമെല്ലാം ഓണ്‍ലൈന്‍ വഴി വന്‍ പരസ്യവാഗ്ദാനങ്ങളോടെ വിറ്റഴിക്കുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായ ഇത്തരം ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ടെന്നും നിരോധനം മറി കടന്നാണ് മരുന്നുകള്‍ വിറ്റഴിക്കപ്പെടുന്നതെന്നും അതോറിറ്റി അറിയിപ്പില്‍ പറയുന്നു. ഷോപ്പുകളില്‍ വിറ്റഴിക്കാന്‍ കഴിയാത്ത മരുന്നുകളുടെ വിപണനത്തിന് ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പുകള്‍ ഉപയോഗിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.
ഇത്തരം ഉത്പന്നങ്ങളുടെ വില്‍പനക്കെതിരെ നേരത്തെ അതോറിറ്റി ഉപഭോക്താക്കള്‍ക്കിടയില്‍ ബോധവ്തകരണം നടത്തിയിരുന്നു. സൗന്ദര്യവര്‍ധക വസ്തുക്കളും ഉത്തേജന മരുന്നുകളും ഏജന്റുമാര്‍ മുഖേനയും ഓണ്‍ലൈനിലും വിറ്റഴിക്കുന്നതു തടയുകയായിരുന്നു ലക്ഷ്യം. ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്നും ജനം പിന്തിരിയലാണ് മികച്ച മാര്‍ഗമെന്നും രാജ്യത്തിനു പുറത്തിരുന്നു വ്യാപാരം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എളുപ്പമല്ലെന്നും അധികൃതര്‍ പറയുന്നു. അതേസമയം രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഏജന്റുമാരെ ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.