Connect with us

International

ക്രിമിയയില്‍ നിന്ന് ഉക്രൈന്‍ സൈന്യത്തെ പിന്‍വലിച്ചു

Published

|

Last Updated

ഡൊണെസ്റ്റെകില്‍ ഉക്രൈന്‍ സൈന്യത്തിന് മുമ്പില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്ന റഷ്യന്‍ അനുകൂല പ്രക്ഷോഭകന്‍

കീവ്: റഷ്യക്കൊപ്പം ചേര്‍ന്ന കിഴക്കന്‍ ഉപദ്വീപായ ക്രിമിയയില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും ഉക്രൈന്‍ തിരിച്ചുവിളിച്ചു. ക്രിമിയന്‍ മേഖലയില്‍ നിലയുറപ്പിച്ച റഷ്യന്‍ സൈന്യത്തിന്റെ ആക്രമത്തെ തുടര്‍ന്നാണ് സൈന്യത്തെ പിന്‍വലിക്കുന്നതെന്നും എത്രയും പെട്ടെന്ന് സൈന്യം ക്രിമിയന്‍ അതിര്‍ത്തി കടക്കണമെന്നും ഉക്രൈന്‍ ഇടക്കാല പ്രസിഡന്റ് അലക്‌സാണ്ടര്‍ തുര്‍ചിനോവ് വ്യക്തമാക്കി. ക്രിമിയയിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ഉക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താക്കള്‍ അറിയിച്ചു. പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ക്രിമിയന്‍ തീരത്ത് നിന്ന് കപ്പലിലും മറ്റുമായി സൈന്യവും അവരുടെ കുടുംബാംഗങ്ങളും ഉക്രൈനിലേക്ക് യാത്ര പുറപ്പെടാന്‍ തുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്രിമിയന്‍ സൈനിക കേന്ദ്രങ്ങളിലും അതിര്‍ത്തി മേഖലകളിലുമായി കനത്ത സന്നഹാത്തോടെ റഷ്യന്‍ സൈന്യം വിന്യസിക്കപ്പെട്ടിരുന്നു. മേഖലയില്‍ കനത്ത ഏറ്റുമുട്ടലിനുള്ള സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം പാശ്ചാത്യ രാജ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഉക്രൈനിന്റെ സൈനിക പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്.
ഹിത പരിശോധനക്ക് ശേഷം റഷ്യന്‍ ഫെഡറേഷനില്‍ അംഗമാകാന്‍ ക്രിമിയന്‍ പാര്‍ലിമെന്റ് തീരുമാനിക്കുകയും റഷ്യ ക്രിമിയയെ സ്വാഗതം ചെയ്തതോടെയും ക്രിമിയയിലെ ഉക്രൈന്‍ സൈന്യം പിന്‍വാങ്ങാന്‍ ഒരുങ്ങിയിരുന്നു. പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഉക്രൈന്‍ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ച് അട്ടിമറിക്കപ്പെട്ടതോടെയാണ് റഷ്യക്കൊപ്പം ചേരാന്‍ ക്രിമിയന്‍ ജനത തീരുമാനിച്ചത്.

Latest