Connect with us

Kannur

നിലപാട് മാറ്റം ബോധ്യപ്പെടുത്താന്‍ വി എസിന് കഴിഞ്ഞില്ല: ഉമ്മന്‍ ചാണ്ടി

Published

|

Last Updated

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നിലപാട് മാറ്റം എല്‍ ഡി എഫിനെ രക്ഷപ്പെടുത്തില്ലെന്നും ഏത് സാഹചര്യത്തിലാണ് താന്‍ സ്വീകരിച്ചുവരുന്ന നിലപാട് പൊടുന്നനെ മാറ്റിയതെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കണ്ണൂര്‍ പ്രസ് ക്ലബിന്റെ ജനവിധി 2014 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനതലത്തില്‍ വളരെയേറെ പ്രാധാന്യമുള്ള ഈ തിരഞ്ഞെടുപ്പിനെ സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍ കൂടിയായാണ് കാണുന്നത്. കേരളത്തിന്റെ ഭരണനേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാകുമ്പോള്‍ അത് പാടില്ലെന്ന ആഗ്രഹമാണ് സി പി എമ്മിനുള്ളത്. സര്‍ക്കാറിനെ കുറിച്ചുള്ള വിലയിരുത്തല്‍ വന്നാല്‍ പ്രതിപക്ഷത്തെ കുറിച്ചുള്ള കാര്യങ്ങളും പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടും. എന്നാല്‍ ഇത് പിണറായി വിജയന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സി പി എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്ത് കൂടിയായി തിരഞ്ഞെടുപ്പ് മാറും.
സി പി എമ്മിന്റെ അക്രമത്തിന് ഇരയായ ഒരാളാണ് താന്‍. തനിക്ക് നേരെയുണ്ടായ കല്ലേറിനേക്കാള്‍ വേദനയുണ്ടായത് അതിനോടുള്ള സി പി എം നേതാക്കളുടെ പ്രതികരണമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ടു. ആര്‍ എസ് പി കൂടി യു ഡി എഫിലെത്തിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോയെന്ന ചോദ്യത്തിന് യു ഡി എഫില്‍ ഒരൊറ്റ ആര്‍ എസ് പിയേ ഉണ്ടാകൂയെന്നും നിലവില്‍ അവര്‍ക്ക് മന്ത്രി സ്ഥാനമുണ്ടല്ലോയെന്നുമായിരുന്നു മറുപടി. എ പി അബ്ദുല്ലക്കുട്ടിയെ പ്രചാരണരംഗത്ത് നിന്നൊഴിവാക്കിയിട്ടില്ലെന്നും അബ്ദുല്ലക്കുട്ടി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.