Connect with us

Ongoing News

മധ്യവേനല്‍ തുടങ്ങും മുമ്പ് സംസ്ഥാനം കൊടും ചൂടിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: മധ്യവേനല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ സംസ്ഥാനം കൊടും ചൂടില്‍ ഉരുകിത്തുടങ്ങി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇത്തവണ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 37 ഡിഗ്രിയായിരുന്നു ഇന്നലെ സംസ്ഥാനത്തെ ശരാശരി താപനില. 34 ഡിഗ്രിക്ക് മുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ മിക്ക ജില്ലകളിലേയും ചൂട്. പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ചൂട് ഏറ്റവും കൂടുതലായി തുടരുന്നത്. പാലക്കാട് ജില്ലയില്‍ താപനില 38 ഡിഗ്രി വരെ ഉയര്‍ന്നു.

പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. മൂന്നിടങ്ങളിലും 37 ഡിഗ്രിയായിരുന്നു താപനില. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത് (32 ഡിഗ്രി). മറ്റ് ജില്ലകളിലെ താപനില ഇങ്ങനെ: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി- 33, എറണാകുളത്ത് 35, തൃശൂര്‍, പാലക്കാട്, വയനാട്- 37, മലപ്പുറം- 36, കോഴിക്കോട്- 35, കണ്ണൂര്‍- 31, കാസര്‍കോട്- 34.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അനുഭവപ്പെട്ട ചൂടാണ് ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ത്തന്നെ അനുഭവപ്പെടുന്നത്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ചൂട് അടുത്ത രണ്ടാഴ്ചക്കിടെ 40 ഡിഗ്രി കടക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലായിരുന്നു. 42 ഡിഗ്രിയായിരുന്നു പാലക്കാട്ടെ താപനില. ഈ വര്‍ഷം പാലക്കാട്ടെ ചൂട് 42 ഡിഗ്രിയിലും അധികമാകുമെന്നാണ് വിലയിരുത്തല്‍.
സാധാരണ ദിവസങ്ങളില്‍ പകല്‍ അനുഭവപ്പെടുന്നതിനേക്കാള്‍ അഞ്ച് ഡിഗ്രി അധികം ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വേനല്‍മഴ ലഭിക്കാത്തതാണ് ചൂട് കൂടാന്‍ പ്രധാന കാരണം. മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയായി 38 സെന്റീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്.
ചൂട് കനത്തതോടെ സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ ഇതിനോടകം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമര്‍ന്നിട്ടുണ്ട്. കനത്ത ചൂടില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും വര്‍ധിച്ചു. വരും ദിവസങ്ങളില്‍ സൂര്യാഘാതത്തിനു സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൂര്യാഘാതം തടയാന്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങളെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ പത്രിക ഇറക്കി. മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കാനും നിര്‍ദേശം ഉണ്ട്. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവര്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് വരെ ജോലി നിര്‍ത്തിവെക്കണമെന്നാണ് അറിയിപ്പ്.

Latest