Connect with us

Ongoing News

പൊന്നിന്റെ നിറമുള്ള പരീക്ഷണവുമായി യുവ കര്‍ഷകന്‍

Published

|

Last Updated

ചങ്ങരംകുളം: നെല്‍ കൃഷി രംഗത്ത് യുവ കര്‍ഷകന്‍ ഇബ്‌റാഹിം പാലക്കലിന്റെ പരീക്ഷണങ്ങള്‍ ശ്രദ്ധേയമാകുന്നു. അഞ്ച് വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ പുതിയ ഇനം നെല്‍ വിത്ത് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ചെറുവല്ലൂര്‍ സ്വദേശിയായ ഇദ്ദേഹം. ഉമ, പൊന്നി എന്നീ നെല്‍വിത്തുകള്‍ സംയോജിപ്പിച്ചാണ് പുതിയ വിത്ത് രൂപപ്പെടുത്തിയിരിക്കുന്നത്. പുതുതായി രൂപംകൊണ്ട വിത്തിന് ഉമ നെല്ലിന്റെ വലിപ്പവും പൊന്നിയുടെ വെളുപ്പു നിറവും ഗുണവുമാണ് ലഭിച്ചിരിക്കുന്നത്. മറ്റു രണ്ട് നെല്ലുകളെ അപേക്ഷിച്ച് പുതുതായി പിറവിയെടുത്ത നെല്ലിന് ഉയര്‍ന്ന ഉത്പാദന ശേഷി, കുറഞ്ഞ ദിവസത്തെ മൂപ്പ് എന്നിവ അദ്ദേഹം അവകാശപ്പെടുന്നു.

ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ വിത്തുപയോഗിച്ചുള്ള കൃഷി പൂര്‍ണ വിജയം കൈവരിച്ചിരിക്കുകയാണ്. പുതിയ നെല്ലിന് മറ്റു രണ്ട് നെല്ലുകളെ അപേക്ഷിച്ച് ഉയരവും കതിരുകളുടെ നീളവും കൂടുതലാണ്. താന്‍ ഉത്പാദിപ്പിച്ചെടുത്ത നെല്ലിന് സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഫാമില്‍ ട്രയല്‍ കൃഷിക്ക് അയക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഇബ്‌റാഹിം പറഞ്ഞു. പുതിയ നെല്ലിന് തന്റെ നാടിന്റെ ചുരുക്കപ്പേരായ സി വി ആര്‍ 1 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. തന്റെ പരീക്ഷണങ്ങള്‍ക്ക് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും എല്ലാ വിധ സഹകരണങ്ങളും പ്രോത്സാഹനങ്ങളും ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇതിനുപുറമെ അഞ്ച് വ്യത്യസ്ത ഇനം നെല്‍ വത്തുകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായും വരും വര്‍ഷങ്ങളില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ആത്മവിശ്വാസത്തോടെ ഈ യുവ കര്‍ഷകന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ കേരകൃഷി രംഗത്ത് ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. നാളികേരത്തില്‍ നിന്ന് താന്‍ വികസിപ്പിച്ചെടുത്ത വ്യത്യസ്തമായ ഏഴ് ഉത്പന്നങ്ങള്‍ ഉള്‍പ്പടെ 17 ഉത്പന്നങ്ങള്‍ ഇന്ന് ഇബ്‌റാഹീമിന്റെ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ട്. രാസവസ്തുക്കള്‍ ചേര്‍ക്കാതെ രണ്ട് വര്‍ഷം കേട് കൂടാതെ ഇരിക്കുന്ന വറുത്തരച്ച നാളികേരക്കൂട്ടിന്റെ ബയോടെക്‌നോളജി വികസിപ്പിച്ചെടുത്തതിന് നാളികേര വികസന ബോര്‍ഡിന്റെ 2010ലെ ദേശീയ പുരസ്‌കാരവും 2011ലെ ഇ മൊയ്തു മൗലവി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഥമ പുരസ്‌കാരവും 2012ലെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇതിനുപുറമെ പൊളിച്ച തേങ്ങ പത്ത് ദിവസം കൊണ്ട് മുളപ്പിക്കുന്ന വിദ്യയും ഒരു മിനിറ്റില്‍ 48 തേങ്ങകള്‍ പൊളിക്കാന്‍ കഴിയുന്ന യന്ത്രവും ഇബ്‌റാഹിം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Latest