Connect with us

Editorial

സ്ത്രീപീഡന വിരുദ്ധ നിയമത്തിന്റെ ദുരുപയോഗം

Published

|

Last Updated

സ്ത്രീധനനിരോധ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ സുപ്രീം കോടതി ശക്തമായ താക്കീത് നല്‍കിയിരിക്കുന്നു. ദക്ഷിണ ഡല്‍ഹിയില്‍ ഒരു സ്ത്രീ ഭര്‍ത്താവിനെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് സ്തീധന നിരോധ നിയമം സ്ത്രീകള്‍ പുരുഷന്മാര്‍ക്കെതിരെ പീഡനോപാധിയാക്കുന്നത് അനുവദിക്കില്ലെന്ന് കോടതി പ്രസ്താവിച്ചത്. ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും ഇതുമൂലം തന്റെ ഗര്‍ഭമലസിയെന്നും കാണിച്ചാണ് അവര്‍ ഹരജി നല്‍കിയത്. ചോദ്യം ചെയ്യലില്‍ പരാതി വ്യാജമാണെന്നും ഭര്‍ത്താവിന്റെ നിര്‍ബന്ധമോ പ്രേരണയോ ഇല്ലാതെ സ്വമേധയാ ആണ് ഗര്‍ഭം അലസിപ്പിച്ചതെന്നും വ്യക്തമായതിനെ തുടര്‍ന്ന് വ്യാജ പരാതി നല്‍കിയതിന് സ്ത്രീക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. രണ്ട് വര്‍ഷം മുമ്പ് കൊട്ടാരക്കര കുടുംബ കോടതിയില്‍ നിന്നും സമാനമായ ഒരു ഉത്തരവ് വന്നിരുന്നു.
കുടുംബച്ചെലവ് നല്‍കണമെന്നാവശ്യപ്പെട്ട് ഗള്‍ഫിലുള്ള ഭര്‍ത്താവിനെതിരെ കൊല്ലങ്കോട് സ്വദേശിയായ സ്ത്രീ നല്‍കിയ പരാതിയിലാണ,് നല്ല ഉദ്ദേശ്യത്തോടെ നിര്‍മിച്ച നിയമങ്ങള്‍ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയമം ആവിഷ്‌കരിക്കണമെന്ന് ജസ്റ്റിസ് ചെറിയാന്‍ കെ കുര്യാക്കോസ് നിര്‍ദേശിച്ചത്.
പുരുഷന്മാരില്‍ പലരും ഭാര്യമാരുടെ മാനസികവും ശാരീരികവുമായ പീഡനത്തിന് വിധേയരും അവരുടെ വ്യാജപരാതികളിന്മേല്‍ കോടതിപ്പടികള്‍ കയറിയിറങ്ങുന്നവരുമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്ത്രീപീഡനം പോലെ ഇത് മാധ്യമങ്ങള്‍ക്കു വാര്‍ത്തയാകുന്നില്ലെന്നു മാത്രം. ഇന്ത്യയില്‍ ഓരോ എട്ട് മിനിട്ടിലും വിവാഹിതനായ ഒരു പുരുഷന്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ദേശിയ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഇതില്‍ വലിയൊരു ഭാഗം ഭാര്യയുടെ സമീപനത്തില്‍ മനം നൊന്തും പീഡനം സഹിക്കവയ്യാതെയുമാണ്.
സ്ത്രീധന നിരോധ നിയമം, സ്ത്രീധന പീഡന നിരോധ നിയമം, തൊഴിലിടങ്ങളിലെ ലൈംഗിക പീഡനത്തിനെതിരായ നിയമം തുടങ്ങി സ്ത്രീകളുടെ സുരക്ഷക്കായി ഒട്ടേറെ നിയമങ്ങളുണ്ട് രാജ്യത്ത്. പുരുഷനേക്കാള്‍ ദുര്‍ബലയും കായികശക്തി കുറഞ്ഞവളുമെന്ന നിലയില്‍ സ്ത്രീകളുടെ പരിരക്ഷ ഉറപ്പ് വരുത്താനായി ആവിഷ്‌കരിച്ച ഇത്തരം നിയമങ്ങള്‍ സ്വാഭാവികവും നിസ്സാരവുമായ സംഭവങ്ങളുടെ പേരില്‍ പുരുഷന്‍മാര്‍ക്കെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കയാണ് സ്ത്രീകളില്‍ പലരും. ഇതിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുരുഷന്മാര്‍ സംഘടിച്ചു വരികയാണ്.
കുടുംബക്കോടതികളിലെ പെരുകുന്ന കേസുകളില്‍ പുരുഷന്മാര്‍ക്കെതിരെ ഭാര്യമാര്‍ സമര്‍പ്പിക്കുന്ന പരാതികളാണ് ബഹുഭൂരിഭാഗവും. വിവാഹമോചനമാവശ്യപ്പെട്ട് കുടുംബക്കോടതിയിലെത്തുന്ന അപേക്ഷകളുടെ എണ്ണം വന്‍തോതില്‍ കൂടിയതായും സ്തീകളാണ് ഈ അപേക്ഷകരില്‍ 60 ശതമാനമെന്നും കണക്കുകള്‍ കാണിക്കുന്നു. ഇടനിലക്കാരുടെ സഹായത്തോടെ വ്യാജ രേഖകള്‍ ഹാജരാക്കി പുരുഷന്‍മാരില്‍ നിന്ന് പണവും മറ്റു ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നതിനായി സമര്‍പ്പിച്ച ഒട്ടേറെ ഹരജികളും ഈ ഗണത്തിലുണ്ട്. സ്ത്രീകളോട് പൊതുവെ കാണിച്ചുവരുന്ന സഹാനുഭൂതി നിറഞ്ഞ സമീപനം മുലം അവര്‍ക്കനുകൂലമായാണ് ഇത്തരം കേസുകളില്‍ വിധിപ്രസ്താവം ഉണ്ടാകാറുള്ളത്. ഇത് പുരുഷന്മാരെ മാനസികമായി തളര്‍ത്തുകയും സമൂഹത്തില്‍ അവര്‍ക്കുണ്ടായിരുന്ന മാന്യസ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്നു.
അര ഡസനോളം മലയാളി മന്ത്രിമാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ ഉന്നത തുറകളിലുള്ളവര്‍ക്കെതിരെ അടുത്ത കാലത്തായി സ്ത്രീപീഡനക്കേസുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതില്‍ പലതും വ്യാജമാണെന്ന് മന്ത്രി തെറ്റിയിലിനെതിരായ കേസില്‍ വിധി പ്രസ്താവിക്കവെ, ഹൈക്കോടതി നിരീക്ഷച്ചതാണ്. സെക്‌സിലൂടെ കാര്യം കണ്ട് ബ്ലാക്ക്‌മെയില്‍ ചെയ്തു കബിളിപ്പിക്കുന്ന പ്രവണത ഇന്ന് വ്യാപകമായിട്ടുണ്ട്. സംസ്‌കാരസമ്പന്നരായ ശാലീന സുന്ദരികളെന്ന സങ്കല്‍പ്പത്തില്‍ നിന്ന് മാറി സമ്പാദിക്കാന്‍ എന്തു മാര്‍ഗവും സ്വീകരിക്കാന്‍ ചങ്കുറപ്പ് കാണിക്കുന്ന പരുവത്തിലേക്ക് സ്ത്രീകളില്‍ നല്ലൊരു പങ്കും മാറിക്കഴിഞ്ഞു. നാഷനല്‍ െ്രെകം ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ഒരു ലക്ഷം പേരില്‍ 455.8 വനിതകളെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെടുന്നുണ്ട്. സ്വന്തം കാമുകനെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കിയ ഡോക്ടര്‍ ഓമന, ശബരിമല തന്ത്രിയുടെ നഗ്‌ന ചിത്രങ്ങളെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത ശോഭാ ജോണ്‍, രാജ്യത്തെ പ്രതിരോധത്തെ തകര്‍ക്കുന്ന ആയുധ ഇടപാടില്‍ പിടിക്കപ്പെട്ട സുബിമലി തുടങ്ങി സരിത എസ് നായര്‍, ശാലു മേനോന്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക. കോടതികളിലെ സ്ത്രീപീഡനക്കേസുകളുടെ പെരുപ്പം ഈ പശ്ചാത്തത്തില്‍ നിന്നു വേണം വിലയിരുത്താന്‍. ജസ്റ്റിസ് ചെറിയാന്‍ കെ കുര്യാക്കോസ് അഭിപ്രായപ്പെട്ടത് പോലെ സ്ത്രീകളുടെ വ്യാജ കേസുകളില്‍ നിന്ന് പുരുഷന് സുരക്ഷ നല്‍കാനും നിയമം അനിവാര്യമായി വന്നിരിക്കുന്നു.

 

Latest