വിജയ ശതമാനം മൂന്നിലും താഴെ

    Posted on: March 25, 2014 12:10 am | Last updated: March 25, 2014 at 12:10 am
    SHARE

    ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 114 മണ്ഡലങ്ങളില്‍ വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത് മൂന്ന് ശതമാനത്തിലും താഴെ വിജയ ശതമാനം. കുറഞ്ഞ വിജയ ശതമാനവുമായി ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ലോക്‌സഭയിലെത്തിയത്. 19 പേര്‍. ഏറ്റവും കുറഞ്ഞ വിജയ ശതമാനം നേടിയത് രാജസ്ഥാനിലെ ടോംഗ് സവായ് മധോപ്പൂരിലെ സ്ഥാനാര്‍ഥിയാണ്. .039 ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് ഇവിടുത്തെ സ്ഥാനാര്‍ഥി വിജയിച്ചത്.
    കേരളത്തില്‍ ആലത്തൂര്‍, ആറ്റിങ്ങല്‍, എറണാകുളം, കൊല്ലം, കോഴിക്കോട്, പാലക്കാട് എന്നീ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കാണ് മൂന്ന് ശതമാനത്തില്‍ താഴെ വിജയ ശതമാനം ലഭിച്ചത്. ആലത്തൂരില്‍ സി പി എമ്മിലെ പി കെ. ബിജുവിന്റെ വിജയ ശതമാനം 2.53 ആയിരുന്നു. ആറ്റിങ്ങലില്‍ സി പി എമ്മിന്റെ അഡ്വ. എ സമ്പത്ത് 2.54 ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍ ജയിച്ചപ്പോള്‍ എറണാകുളത്ത് കോണ്‍ഗ്രസിന്റെ പ്രൊഫ. കെ വി തോമസ് 1.58 ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് ജയിച്ചു കയറിയത്. കൊല്ലത്ത് കോണ്‍ഗ്രസിന്റെ എന്‍ പീതാംബരക്കുറുപ്പ് 2.33 ശതമാനം വോട്ടിന്റെയും കോഴിക്കോട് കോണ്‍ഗ്രസിന്റെ എം കെ രാഘവന്‍ .11 ശതമാനം വോട്ടിന്റെയും പാലക്കാട് സി പി എമ്മിലെ എം ബി രാജേഷ് .23 ശതമാനം വോട്ടിന്റെയും വ്യത്യാസത്തിലാണ് എതിര്‍ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയത്.