Connect with us

Ongoing News

ഒരു മുദ്രാവാക്യം, ഒരുപാട് മറിമായം

Published

|

Last Updated

പാര്‍ട്ടിയേക്കാളും ഉന്നതനായി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയെ ചിത്രീകരിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് തടയിടാനുള്ള ബി ജെ പി ദേശീയ അധ്യക്ഷന്റെ ശ്രമങ്ങള്‍ക്കും തിരിച്ചടി. തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം മാറ്റിയെഴുതിയ രാജ്‌നാഥ് സിംഗിന്റെ നടപടി മിനുട്ടുകള്‍ക്കകം തിരുത്തി. “മാറ്റത്തിനുള്ള സമയം, ഇനി മോദി സര്‍ക്കാര്‍” എന്ന മുദ്രാവാക്യമാണ് “മാറ്റത്തിനുള്ള സമയം, ഇനി ബി ജെ പി” എന്ന് തിരുത്തിക്കൊണ്ട് രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍, മിനുട്ടുകള്‍ക്കകം തന്നെ രാജ്‌നാഥിന് വീണ്ടും പഴയ മുദ്രാവാക്യത്തിലേക്ക് മടങ്ങേണ്ടി വന്നു.
മോദിയെ മാത്രം ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ മുതിര്‍ന്ന നേതാക്കളായ അഡ്വാനി, സുഷമാ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അഡ്വാനിയെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്ത നടപടിയോടെ ഇത് രൂക്ഷമായി. അഡ്വാനി പക്ഷ നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ച് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് സമിതിയല്ല തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന് മോദിയെ നേരിട്ട് പരാമര്‍ശിക്കാതെ സുഷമ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു.
ബി ജെ പിയെ വളര്‍ത്തിയെടുത്ത മുതിര്‍ന്ന നേതാക്കളെയാണ് ഉത്തര്‍പ്രദേശിലെ സീറ്റ് നിര്‍ണയത്തിനിടെ മോദി വെട്ടിവീഴ്ത്തിയത്. മുരളി മനോഹര്‍ ജോഷിയും ലാല്‍ജി ഠണ്ഡനുമെല്ലാം ഇതിന് ഇരകളായിരുന്നു. മോദി ഏകാധിപതിയെപ്പോലെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ഒരു വിഭാഗം നേതാക്കള്‍ ശക്തമായി ആരോപിച്ചതോടെയാണ് മുദ്രാവാക്യം മാറ്റിയെഴുതാന്‍ രാജ്‌നാഥ് തയ്യാറായത്. മോദി പാര്‍ട്ടിയെ അടക്കി ഭരിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നത് ബി ജെ പിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന് ആര്‍ എസ് എസ് തിരിച്ചറിയുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മുദ്രാവാക്യം ഇനി ബി ജെ പി സര്‍ക്കാര്‍ എന്ന് തിരുത്താന്‍ രാജ്‌നാഥ് നിര്‍ബന്ധിതനായത്. പക്ഷേ, മോദി പക്ഷക്കാരില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പഴയ മുദ്രാവാക്യത്തിലേക്ക് അദ്ദേഹത്തിന് തിരിച്ചു പോകേണ്ടി വന്നു.
ഏത് സമയവും “നമോ, നമോ” എന്ന് ഉരുവിട്ട് സമയം കളയരുതെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മോദി തരംഗം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്നു വന്ന “ഹര ഹര മോദി” മുദ്രാവാക്യവും കഴിഞ്ഞ ദിവസം ആര്‍ എസ് എസ് ഇടപെട്ട് തടയുകയും ചെയ്തു.
“ഹര ഹര മഹാദേവ” എന്നത് മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ കാശി ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ ആര്‍ എസ് എസ് നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് മോദി തന്നെ ഇടപെട്ട് അതൊഴിവാക്കിയത്.

Latest