Connect with us

International

മലേഷ്യന്‍ വിമാനം തകര്‍ന്നുവീണതായി മലേഷ്യയുടെ സ്ഥിരീകരണം

Published

|

Last Updated

കാണാതായ മലേഷ്യന്‍ വിമാനം എം എച്ച് 370 തകര്‍ന്നു വീണതായി അറിയിച്ചുകൊണ്ട് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

ക്വാലാലംപൂര്‍: അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 പേരുമായി ഈ മാസം എട്ടിന് കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ തകര്‍ന്നു വീണുവെന്ന് സ്ഥിരീകരണം. ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പറന്ന എം എച്ച് 370 വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണ ഭാഗത്ത് തകര്‍ന്നു വീണുവെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്രിട്ടീഷ് എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും ബ്രിട്ടീഷ് ഉപഗ്രഹ കമ്പനിയായ ഇന്‍മാര്‍സാറ്റും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണമെന്നും അദ്ദേഹം പറഞ്ഞു.

“ഇനി ഇക്കാര്യത്തില്‍ കാര്യമായ സംശയങ്ങളൊന്നുമില്ല. പെര്‍ത്തില്‍ നിന്ന് 2000 കിലോമീറ്റര്‍ പടിഞ്ഞാറ്, ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് അത് സംഭവിച്ചെതന്നാണ് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. അങ്ങേയറ്റത്തെ ദുഃഖത്തോടെ ആ വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. എം എച്ച് 370 അവസാനിച്ചിരിക്കുന്നു” – നജീബ് റസാഖ് പറഞ്ഞു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ അന്താരാഷ്ട്ര തിരച്ചില്‍ സംഘം ഊര്‍ജിത അന്വേഷണം ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോഴാണ് മലേഷ്യന്‍ പ്രധാനമന്ത്രി സ്ഥിരീകരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. വിമാനം തകര്‍ന്ന് കടലില്‍ പതിച്ചതായും യാത്രക്കാരെല്ലാം മരിച്ചതായും മലേഷ്യന്‍ എയര്‍ലൈന്‍സും സ്ഥിരീകരിച്ചു. ഇക്കാര്യമറിയിച്ച് വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് വിമാന അധികൃതര്‍ എസ് എം എസ് അയച്ചു. വിമാനത്തിന്റെതെന്ന് കരുതുന്ന അവശിഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ആസ്‌ത്രേലിയ, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളെല്ലാം പകര്‍ത്തിയത് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഏതാണ്ട് അടുത്തടുത്തുള്ള പ്രദേശങ്ങളില്‍ നിന്നായിരുന്നു. ഇതോടെ തിരച്ചില്‍ ഈ മേഖലയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. എട്ടിന് പുലര്‍ച്ചെ 1.30നാണ് വിമാനത്തിന്റെ റഡാര്‍ ബന്ധം അറ്റത്. വിയറ്റ്‌നാം സമുദ്രാതിര്‍ത്തിയില്‍ വെച്ച് ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഇതിനു ശേഷവും വിമാനം ഏറെ ദൂരം സഞ്ചരിച്ചുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പതിവ് സഞ്ചാരപാതയായ തെക്കന്‍ ചൈനാ കടലിലും പിന്നീട് ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപവും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായില്ല.
വിമാനം റാഞ്ചിയതാകാമെന്ന സംശയത്തെത്തുടര്‍ന്ന് തിരച്ചില്‍ കരയിലേക്കും വ്യാപിപ്പിച്ചിരുന്നു. താലിബാന്‍ കേന്ദ്രങ്ങളിലാകാമെന്നും അഭ്യൂഹമുണ്ടായി. ഇതിനിടെയാണ് വിമാനത്തിന്റെതെന്ന് സംശയിക്കുന്ന ഭാഗങ്ങളുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്ത് ഉപഗ്രഹങ്ങള്‍ പകര്‍ത്തിയത്. ഇവിടെ തകര്‍ന്നു വീണുവെന്ന് സ്ഥിരീകരിക്കുമ്പോഴും വിമാനം എന്തിന് പതിവ് വഴിയില്‍ നിന്ന് തിരിഞ്ഞ് സഞ്ചരിച്ചുവെന്ന ചോദ്യം ഉത്തരം കാണാതെ നിലനില്‍ക്കുന്നു. പൈലറ്റിന്റെ മാനസിക ആരോഗ്യത്തെ കുറിച്ച് ചില കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പൈലറ്റിന്റെ ഭാര്യയെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ് ബി എ ചോദ്യം ചെയ്യാനിരിക്കുകയാണ്.