ദുബൈ ആംബുലന്‍സിന്റെ ‘എമര്‍ജന്‍സി ഡോക്ടര്‍’ ആരംഭിച്ചു

Posted on: March 24, 2014 10:20 pm | Last updated: March 24, 2014 at 10:08 pm
SHARE

New Imageദുബൈ: പൊതുജന സേവനത്തിന്റെ പുതിയൊരു കാല്‍വെപ്പുമായി ദുബൈ ആംബുലന്‍സ് വിഭാഗം രംഗത്തെത്തി. ‘എമര്‍ജന്‍സി ഡോക്ടര്‍’ എന്ന പദ്ധതിയുമായാണ് ആംബുലന്‍സ് പുതുമ സൃഷ്ടിക്കുന്നത്.
അതീവ ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയും പരിചയവുമുള്ള വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാകുന്ന ആംബുലന്‍സ് സര്‍വീസാണ് എമര്‍ജന്‍സി ഡോക്ടര്‍. ഇതോടെ ദുബൈ ആംബുലന്‍സിന്റെ പ്രത്യേക സേവനങ്ങളുടെ എണ്ണം 18 ആയി.
ആംബുലന്‍സ് മേഖലയില്‍ മിഡില്‍ ഈസ്റ്റില്‍ തന്നെ പ്രഥമ സംരഭമാണ് ദുബൈ ആംബുലന്‍സിന്റെ എമര്‍ജന്‍സി ഡോക്ടറെന്ന് ആംബുലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ അല്‍ ദറായ് പറഞ്ഞു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ പുതിയ സര്‍വീസിന്റെ ഭാഗമായി വിദഗ്ധ ഡോക്ടറുടെ സാന്നിദ്ധ്യത്തിനു പുറമെ അത്യാഹിതങ്ങളില്‍ രോഗിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാവശ്യമായ മുഴുവന്‍ മരുന്നുകളും ഉപകരണങ്ങളും വഭ്യമാക്കും.
ഇത്തരം സേവനങ്ങളുടെ ലഭ്യത ദുബൈ പോലുള്ള നഗരങ്ങളിലെ ആശുപത്രികളിലെ സമ്മര്‍ദം കുറക്കാന്‍ കഴിയുമെന്ന് എമര്‍ജന്‍സി ഡോക്ടര്‍ സേവനം നല്‍കുന്ന ഡോ ഫഹദ് സര്‍ഊനി പറഞ്ഞു. ഹൃദയരോഗങ്ങള്‍, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നിലക്കല്‍ തുടങ്ങിയ അതിഗുരുതരമായ കേസുകള്‍ക്കാണ് എമര്‍ജന്‍സി ഡോക്ടര്‍ സൗകര്യം ഉപയോഗപ്പെടുത്തുകയെന്നും അല്‍ ദറായ് പറഞ്ഞു.