മൊബൈല്‍ ലോട്ടറി തട്ടിപ്പ് സംഘം പിടിയില്‍

Posted on: March 24, 2014 10:00 pm | Last updated: March 24, 2014 at 10:00 pm
SHARE
New Image
പിടിയിലായ പ്രതികള്‍

ഷാര്‍ജ: നഗരത്തില്‍ മൊബൈല്‍ ലോട്ടറിത്തട്ടിപ്പ് നടത്തുന്ന 7 അംഗ സംഘത്തെ പോലീസ് പിടികൂടി. സംഘാംഗങ്ങള്‍ മുഴുവന്‍ ബംഗ്ലാദേശ് സ്വദേശികളാണ്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങളുടെ വിലപിടിപ്പുള്ള ഉല്‍പന്നങ്ങളും പണവും സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് സന്ദേശം മൊബൈലുകളിലേക്ക് അയച്ചാണ് ഇവര്‍ ഇരകളെ വീഴ്ത്തിയിരുന്നതെന്ന് പോലീസ്.
തിരിച്ച് മൊബൈലിലേക്ക് ചാര്‍ജ് ചെയ്‌തോ എക്‌സ്പ്രസ് സംവിധാനത്തിലൂടെ നേരിട്ടോ നിശ്ചിത സംഖ്യ എത്തിച്ചു കൊടുത്താല്‍ സമ്മാനം കൈപ്പറ്റാമെന്നാണ് ഇവര്‍ ഇരകളെ വിശ്വസിപ്പിക്കുന്നത്.
ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട് പണം നഷ്ടമായ ചിലര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറ്റാന്വേഷണ വിഭാഗം പൊക്കിയത്.
പ്രതികളുടെ താമസ സ്ഥലങ്ങള്‍ പരിശോധിച്ച പോലീസ് ഇത്തിസാലാത്ത്, ഡു കമ്പനികളുടെ 341 സിം കാര്‍ഡുകള്‍ ഇവരില്‍ നിന്ന് കണ്ടെടുക്കുകയുണ്ടായി. ലോട്ടറി തട്ടിപ്പിന് ഇവര്‍ മാറിമാറി ഉപയോഗിച്ചിരുന്നവയായിരുന്നു ഇവയെന്ന് പ്രതികള്‍ സമ്മതിച്ചു.
തട്ടിപ്പിലൂടെ കൈക്കലാക്കിയ പണവും തട്ടിപ്പിനുപയോഗിച്ചിരുന്ന വിവിധ ബ്രാന്‍ഡുകളില്‍ പെട്ട 40 മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.