യു എ ഇ യില്‍ 7.43 ലക്ഷം പ്രമേഹ രോഗികളെന്ന്

Posted on: March 24, 2014 9:48 pm | Last updated: March 24, 2014 at 9:48 pm
SHARE

അബുദാബി: നിശബ്ദ കോലയാളിയെന്നറിയപ്പെടുന്ന പ്രമേഹ രോഗത്തിനടിമപ്പെട്ടവരുടെ എണ്ണം യു എ ഇയില്‍ 7.43 ലക്ഷമെന്ന് കണക്ക്. പ്രമേഹ രോഗത്തിന്റെ പ്രതിവിധിയായി ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുന്നവരുടെ എണ്ണമാണിത്. ആവശ്യമായ പരിശോധന നടത്താത്തതിനാല്‍ പ്രമേഹ രോഗിയാണെന്ന് തിരിച്ചറിയാത്ത ആയിരങ്ങള്‍ രാജ്യത്ത് വേറെയുമുണ്ടെന്ന് അധികൃതര്‍.
ഇതിനെല്ലാം പുറമെ അടുത്ത ഭാവിയില്‍ രോഗികളാകുമെന്ന് പ്രതീക്ഷിച്ച് വെയിറ്റംഗ് ലിസ്റ്റില്‍ ഉള്ളവരുടെ എണ്ണം രാജ്യത്ത് 9.34 ലക്ഷം വരുമെന്നും കണക്കുകള്‍ പറയുന്നു. ഇത്തരക്കാര്‍ നിലവിലെ ഭക്ഷണ രീതികള്‍ തന്നെ തുടര്‍ന്നാല്‍ അടുത്ത ഭാവിയില്‍ ഇവരും പ്രമേഹ രോഗികളുടെ പട്ടികയില്‍ ഇടം നേടുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു.
ഓരോ അഞ്ച് സെക്കന്റിലും ലോകത്ത് ഓരോ പുതിയ ആളുകള്‍ പ്രമേഹ രോഗികളാകുന്നുവെന്ന് യു എന്‍ വെളിപ്പെടുത്തുന്നു. പ്രമേഹം കാരണം ഓരോ പത്ത് സെക്കന്റില്‍ ഒരു മരണവും, ഓരോ മുപ്പത് സെക്കന്റില്‍ ഒരാളുടെ കാഴ്ച ശക്തി നഷ്ടപ്പെടുന്നന്നും യു എന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള 13-ാം മത്തെ രാജ്യമാണ് യു എ ഇ. 201.ലെ പഠനമനുസരിച്ചാണ് ഈ റാങ്കിംഗ്.
രോഗം വ്യക്തിയെയും സമൂഹത്തെയും വിവിധ രീതിയില്‍ ആക്രമിക്കുന്നതാണ്. പകര്‍ച്ച വ്യാധിയല്ലെങ്കിലും പാരമ്പര്യമായി പകരുന്നതാണ് ഈ മഹാമാരി. ഒരു പ്രമേഹ രോഗിക്ക് വര്‍ഷാവര്‍ഷം രാജ്യത്ത് വരുന്ന ചികിത്സാ ചിലവ് 5,500 ന്റെയും 11 ആയിരത്തിന്റെയും ഇടയിലാണന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. രോഗിയാകുന്ന വ്യക്തിയുടെ ആന്തരികാവയവങ്ങള്‍ക്കു പുറമെ ബാഹ്യഭാഗങ്ങള്‍ക്കും ഇത് ക്ഷതം ഏല്‍പിക്കുന്നു എന്നത് അവിതര്‍ക്കിതമായി തെളിയിക്കപ്പെടതാണ്. ഇതിനു പുറമെ പ്രമേഹ ചികിത്സക്കായി രാജ്യത്ത് ഒരു വര്‍ഷം കോടികള്‍ ചിലവഴിക്കപ്പെടുന്നുവെന്ന് മന്ത്രാലയത്തിന്റെ കണക്ക്. 360 മില്യന്‍ ദിര്‍ഹമാണ് പ്രമേഹ രോഗ ചികിത്സക്ക് രാജ്യത്തെ വാര്‍ഷിക ചിലവ്.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 18.98 ശതമാനം പ്രമേഹ രോഗികളെന്ന് ദുബൈ ആരോഗ്യ വകുപ്പിലെ അസി. ഡയറക്ടര്‍ ഡോ. നാഹിദ് മുനസഫ് പറയുന്നു. വളരെ വ്യക്തമായ പദ്ധതികളും ബോധവല്‍കരണവുമായി പൊതു ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിച്ചാല്‍ ഒരളവോളം പ്രതിരോധം സാധ്യമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.