ദുബൈ പോലീസും അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചും സഹകരണ കരാറില്‍

Posted on: March 24, 2014 9:44 pm | Last updated: March 24, 2014 at 9:44 pm
SHARE
New Image
ദുബൈ പോലീസും അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചും
സഹകരണ കരാര്‍ ഒപ്പു വെച്ചപ്പോള്‍

ദുബൈ: ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനു ദുബൈ പോലീസും അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചും സഹകരിക്കുന്നു. ഓരോ വര്‍ഷവും ഇതിന്നായി അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പത്തു ലക്ഷം ദിര്‍ഹം ദുബൈ പോലീസ് നിധിയിലേക്ക് സംഭാവന ചെയ്യും. അഞ്ച് വര്‍ഷത്തേക്കു ഇതു സംബന്ധമായി ഇരു വിഭാഗവും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. ദുബൈ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങിലാണ് ഇരു വിഭാഗവും സഹകരണകരാര്‍ ഒപ്പുവെച്ചത് കുടുംബത്തിന്റെ ആശ്രയമായ വ്യക്തി ജയിലുകളില്‍ എത്തപ്പെടുന്നതോടെ ആശ്രിതരുടെ ജീവിതം വഴിമുട്ടാതിരിക്കുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ദുബൈ പോലീസ് ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്നോട്ടു വന്നതെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന വ്യക്തമാക്കി.
കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലിലടക്കപ്പെട്ടവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുക ദുബൈ പോലീസിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമാണ്. കുറ്റകൃത്യങ്ങളെ ക്കുറിച്ച് ബോധവാനാകുകയും മാനസാന്തരം സൃഷ്ടിച്ച് സമൂഹത്തിനും കുടുംബത്തിനും ഉപകാരമുള്ളവനാകുകയുമാണ് പോലീസ് ലക്ഷ്യമാക്കുന്നത്. അതോടൊപ്പം തടവുകാരുടെ അഭാവത്തില്‍ അവരുടെ കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടേണ്ടതുമുണ്ട്. സമൂഹത്തിലെ ഉത്തമ പൗരന്മാരായി വളരാനുള്ള സാഹചര്യം ഒരുങ്ങേണ്ടതുമുണ്ട്. ചെറിയ തുക പിഴ അടക്കാനില്ലാത്തതിന്റെ പേരില്‍ ജയിലില്‍ കഴിയേണ്ടി വരുന്നവരും ധാരാളം. ഈ വിഭാഗങ്ങളുടെയെല്ലാം ആവശ്യങ്ങള്‍ക്കാണ് ഫണ്ട് ഉപയോഗിക്കുക.
ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീനയും അല്‍ അന്‍സാരി ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ അന്‍സാരിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ദുബൈ പോലീസിലെയും അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അല്‍ അന്‍സാരി ഏറ്റെടുത്തു നടത്തുന്നുണ്ടെന്നും ദുബൈ പോലീസുമായി നേരത്തേയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സഹകരിച്ചിട്ടുണ്ടെന്നും മുഹമ്മദ് അലി അല്‍ അന്‍സാരി പറഞ്ഞു.