എല്‍ക്ലാസിക്കോയില്‍ 4-3ന് ബാഴ്‌സ ജയിച്ചു; മെസിക്ക് ഹാട്രിക്

Posted on: March 24, 2014 6:00 am | Last updated: March 24, 2014 at 3:17 pm
SHARE

messi

മാഡ്രിഡ്: റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണേബ്യൂവില്‍ നടന്ന എല്‍ക്ലാസിക്കോ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ബാഴ്‌ലോണക്ക് ഉജ്ജ്വ ജയം. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് മെസിയും സംഘവും റയലിനെ തോല്‍പ്പിച്ചത്. മെസി ഹാട്രിക്ക് നേടി. ആവേശോജ്ജ്വല പോരാട്ടത്തിനായിരുന്നു മാഡ്രിഡ് സാക്ഷ്യം വഹിച്ചത്. ഒരു എല്‍ ക്ലാസിക്കോ മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന മത്സരത്തില്‍ റയലായിരുന്നു പ്രകടനത്തില്‍ ഒരു പടി മുന്നില്‍. കരീം ബെന്‍സീമയായിരുന്നു റയലിനുവേണ്ടി തിളങ്ങിയത്.

benzema

കളി തുടങ്ങി ഏഴാം മിനുട്ടില്‍ തന്നെ ബാഴ്‌സ വലകുലുക്കി. തനിക്ക് മെസിയില്‍ നിന്ന് ലഭിച്ച പാസ് ഇടങ്കാലന്‍ ഷോട്ടിലൂടെ ഇനിയെസ്റ്റ വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇരുപതാം മിനുട്ടില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന കരീം ബെന്‍സീമയുടെ ഹെഡര്‍ റയല്‍ സ്‌കോര്‍ സമമാക്കി. വീണ്ടും ഇരുപത്തിനാലാമിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ ക്രോസ് വലയിലേക്ക് അടിച്ചുകയറ്റി ബെന്‍സീമ തന്നെ റയലിന് മുന്‍തൂക്കം നല്‍കി. അടുത്തത് മെസിയുടെ ഊഴമായിരുന്നു. നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ മെസി അടിച്ച ഗോളില്‍ 2-2 എന്ന സ്‌കോറില്‍ കളി ഹാഫ് ടൈമിന് പിരിഞ്ഞു.

thumb

പിന്നീട് ഇരുടീമുകളും അടിച്ച മൂന്നു ഗോളുകളും പിറന്നത് പെനാല്‍റ്റിയിലൂടെയായിരുന്നു. ഡാനി ആല്‍വെസ് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് സെര്‍ജിയോ റാമോസിന്റെ ഫൗളിന് ബാഴ്‌സക്ക് പെനാല്‍റ്റി ലഭിച്ചു. റാമോസിന് ചുവപ്പ് കാര്‍ഡ് കിട്ടി. കിക്കെടുത്ത മെസി ഭദ്രമായി ബാള്‍ വലയിലാക്കി. സ്‌കോര്‍ 3-3. പിന്നീട് 84ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി മെസി തന്റെ ഹാട്രിക് നേടി. ബാഴ്‌സയുടെ വിജയവും ഉറപ്പിച്ചു.