മഴവില്‍ റസ്റ്റോറന്റ് പൊളിക്കാത്തതിന് കോടതിയലക്ഷ്യ നടപടി

Posted on: March 24, 2014 1:03 pm | Last updated: March 25, 2014 at 12:02 am
SHARE

mazhavil resturantന്യൂഡല്‍ഹി: ആലുവയില്‍ പെരിയാര്‍ തീരത്ത് ജില്ലാ ടൂറിസം ഡെവലപ്‌മെന്റ് കൗണ്‍സില്‍ നിര്‍മിച്ച് മഴവില്‍ റസ്റ്ററന്റും കെട്ടിടവും പൊളിച്ചു നീക്കാത്തതിനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടി തുടങ്ങി. ടൂറിസം സെക്രട്ടറി, ജില്ലാ കലക്ടര്‍, കെ ടി ഡി സി ചെയര്‍മാന്‍ തുടങ്ങിയവര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. കേന്ദ്രസേനയെ കൊണ്ടുവന്നോ ബുള്‍ഡോസര്‍ ഉപയോഗിച്ചോ റസ്റ്ററന്റ് പൊളിച്ചു നീക്കണമെന്നാണ് ഉത്തരവ്. എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫോറമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന മഴവില്‍ റസ്റ്ററന്റും കെട്ടിടവും പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി ആറുമാസങ്ങള്‍ക്കു മുന്‍പ് അന്തിമ ഉത്തരവ് നല്‍കിയിരുന്നു. കെട്ടിടം പൊളിക്കാന്‍ ഒരു ദിവസം പോലും സാവകാശം നല്‍കാനാകില്ലെന്നും കെട്ടിടം പൊളിച്ചു നീക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നും കോടതി അറിയിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ചതോടെയാണ് സുപ്രീംകോടതി നടപടി തുടങ്ങിയത്.