വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ കാസര്‍ക്കോട്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു

Posted on: March 24, 2014 9:07 am | Last updated: March 24, 2014 at 9:07 am

cameraകാസര്‍ക്കോട്: വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ കാസര്‍കോട്ടെ പ്രശ്‌നസാധ്യതാ പ്രദേശങ്ങളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നു. ജില്ലാ ഭരണകൂടവും പൊലീസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ ഉണ്ടാക്കുന്ന ചെറിയ പ്രശ്‌നങ്ങളാണ് ജില്ലയില്‍ വലിയ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികള്‍ പിടിക്കപ്പെടാറുമില്ല. ഇതുതടയാനാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. സ്ഥിരമായി സംഘര്‍ഷങ്ങളുണ്ടാകുന്ന പ്രദേശങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. വ്യാപാരി സംഘടനകളും ആരാധനാലയ കമ്മിറ്റികളും ബസുടമകളുടെ സംഘടനകളും ഇതുമായി സഹകരിക്കും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.

രണ്ടേക്കാല്‍ കോടിരൂപയാണ് സര്‍ക്കാര്‍ വിഹിതം. ജില്ലയിലെ മൂന്ന് എം എല്‍ എമാര്‍ പത്ത് ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. മറ്റ് രണ്ട് എം എല്‍ എമാരും പത്തുലക്ഷം വീതം നല്‍കും. വ്യാപാരികള്‍ക്കും ആരാധനാലയങ്ങള്‍ക്കും സ്വന്തം ചെലവില്‍ ക്യാമറകള്‍ സ്ഥാപിക്കാം. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നായിരിക്കും നീരീക്ഷണം.