പാര്‍ക്കിംഗ് സൗകര്യമില്ല: കെ എസ് ആര്‍ ടി സി സര്‍വീസ് വെട്ടിക്കുറക്കുന്നു

Posted on: March 24, 2014 8:42 am | Last updated: March 24, 2014 at 8:42 am
SHARE

മാനന്തവാടി: വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്റെ ഭാഗമായി സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് പാര്‍ക്കിംങ്ങ് സൗകര്യമില്ലാതായതോടെ ട്രിപ്പുകള്‍ വെട്ടിക്കുറക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനിച്ചു.
സാധാരണ ഗതിയില്‍ കഴിഞ്ഞ വര്‍ഷം വരെ കെഎസ്ആര്‍ടിസി ബസ്സ് ഉത്സവ സീസണുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലം പഞ്ചായത്ത് അധികൃതര്‍ ലേലത്തിന് നല്‍കിയതോടെയാണ് കെഎസ്ആര്‍ടിസി ട്രിപ്പ് മുടക്കുന്നത്. ബസ്സ് തിരിക്കാന്‍ സൗകര്യമില്ലാതായതോടെ കൊയിലേരിയില്‍ പോയി വാഹനം തിരിക്കേണ്ട അവസ്ഥയാണ്. അതുകൊണ്ട് ബസ്സ് സര്‍വ്വീസ് പനമരം വരെ വെറുതേ ട്രിപ്പ് ഇടേണ്ടി വരും. ഇത് ഡിപ്പോവിന് വന്‍ ബാധ്യത വരുത്തിവെക്കും.
ഉത്സവ സീസണുകളില്‍ 35 ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്. വള്ളിയൂര്‍ക്കാവില്‍ തിരക്കേറുന്നതോടെ ബസ്സ് പാര്‍ക്കിംങ് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. മാത്രവുമല്ല മാനന്തവാടി പഞ്ചായത്ത് പരിസരത്തെ ഓവുചാലിന്റെ പണിക്കായി ബസ്റ്റാന്‍ഡ് പരിസരം ബ്ലോക്കാക്കിയതോടെ മാനന്തവാടി പട്ടണത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി.
അതോടൊപ്പം തന്നെ കെഎസ്ആര്‍ടിസി ഡിപ്പോവിലേക്കുള്ള റോഡും അടച്ചിട്ടിരിക്കുകയാണ്. ഈ റോഡിലെ പണി പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ റോഡ് പൊട്ടിപൊളിഞ്ഞിരുന്നു. യുവജന സംഘടനകളുടെ ശക്തമായ സമരത്തെ തുടര്‍ന്ന് രണ്ടാമതും ഇതിന്റെ മുകളിലൂടെ കോണ്‍ഗ്രീറ്റ് ചെയ്തിട്ടുണ്ട്. ഈ റോഡും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.
ഉത്സവക്കാലത്ത് പഞ്ചായത്തിന്റെ കാര്യക്ഷമില്ലായ്മ മൂലം ഗാതഗത തടസം ഏറി. വള്ളിയൂര്‍ക്കാവില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് പാര്‍ക്കിങ്ങിനും വാഹനം തിരിക്കാനുമുള്ള സൗകര്യം പഞ്ചായത്ത് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.