Connect with us

Kozhikode

ജില്ലയില്‍ 23 ലക്ഷം വോട്ടര്‍മാര്‍

Published

|

Last Updated

കോഴിക്കോട്: തിരഞ്ഞെടുപ്പിന്റെ ആരവത്തിലമര്‍ന്ന ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പുറത്തു വന്നപ്പോള്‍ 23 ലക്ഷം വോട്ടര്‍മാര്‍. കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലായി 23,53,059 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 12,29,906 സ്ത്രീകളും 11,23,153 പുരുഷന്‍മാരുമാണ്.

കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ 11,77,644 പേരും വടകരയില്‍ 11,75,415 പേരുമാണ് വോട്ടമാരായി ഉള്ളത്. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടി നിയമസഭാ മണ്ഡലത്തില്‍ 1,53,537 വോട്ടര്‍മാരാണുള്ളത്. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 1,94,097 പേര്‍. ഇവിടെ 92,866 പുരുഷന്‍മാരും 1,01,231 സ്ത്രീ വോട്ടര്‍മാരുമുണ്ട്. ഏറ്റവും കുറവ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലാണ്. 1,38,600 പേര്‍. കോഴിക്കോട്, വടകര മണ്ഡലങ്ങളിലായി 4,113 പ്രവാസി വോട്ടര്‍മാരും 8,259 സര്‍വീസ് വോട്ടര്‍മാരുമാണുള്ളത്. പ്രവാസി വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ളത് കുറ്റിയാടി നിയോജക മണ്ഡലത്തിലാണ്. 1,149 പേര്‍. സര്‍വീസ് വോട്ടര്‍മാരില്‍ ബാലുശ്ശേരി നിയോജക മണ്ഡലമാണ് മുന്നിട്ട് നില്‍ക്കുന്നത് (1463). മറ്റു നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ കണക്കുകള്‍. ബ്രാക്കറ്റില്‍ പുരുഷന്‍, സ്ത്രീ എന്ന ക്രമത്തില്‍. വടകര- 148980 (70144, 78836), കുറ്റിയാടി-170715 (80932, 89783), നാദാപുരം -188681 (92833, 95848), കൊയിലണ്ടി-173767 (80473, 93294), പേരാമ്പ്ര- 166730 (80230, 86500), തലശ്ശേരി- 157631 (71339, 86292), കൂത്തുപറമ്പ്- 168911 (79143, 89768), ബാലുശ്ശേരി- 194097 (92866, 101231), എലത്തൂര്‍- 172889 (81776, 91113) കോഴിക്കോട് നോര്‍ത്ത്- 156924 (74497, 82427) കോഴിക്കോട് സൗത്ത്- 138600 (66920, 71680) ബേപ്പൂര്‍- 173614 (84127, 89487) കുന്ദമംഗലം- 190693 (92885, 97808) കൊടുവള്ളി- 150827 (74988, 75839).

വോട്ടര്‍ പട്ടികയില്‍
പേരുണ്ടെന്ന് ഉറപ്പാക്കാന്‍
ടച്ച് സ്‌ക്രീന്‍ സൗകര്യം
കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കലക്ടറേറ്റിലെയും താലൂക്ക് ഓഫീസുകളിലെയും വോട്ടര്‍ സഹായ വിജ്ഞാന കേന്ദ്രത്തിലെ ടച്ച് സ്‌ക്രീന്‍ സൗകര്യം ഉപയോഗപ്പെടുത്താം. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റിലും വിവരം ലഭിക്കും. മാര്‍ച്ച് 10 വരെ ലഭിച്ച അപേക്ഷകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പരിഗണിച്ചത്. ഏപ്രില്‍ ഏഴിനകം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

നിരീക്ഷകരുടെ
സിറ്റിംഗ് ഇന്നു മുതല്‍
കോഴിക്കോട്: കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് നിരീക്ഷകരായ രമണ്‍കുമാറും അശോക് കുമാര്‍ സന്‍വാരിയയും കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നു മുതല്‍ സിറ്റിംഗ് നടത്തും. വടകര മണ്ഡലത്തിലെ നിരീക്ഷകന്‍ അശോക് കുമാര്‍ സന്‍വാരിയ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9. 30 മുതല്‍ 10. 30 വരെയും കോഴിക്കോട് മണ്ഡലത്തിലെ നിരീക്ഷകന്‍ രമണ്‍കുമാര്‍ എല്ലാ ദിവസവും രാവിലെ 10. 30 മുതല്‍ 11. 30 വരെയും സിറ്റിംഗ് നടത്തും. പൊതുജനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ബോധിപ്പിക്കാം.

സൂക്ഷ്മ പരിശോധന ഇന്ന് രാവിലെ 11ന്
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് രാവിലെ 11 മുതല്‍ കലക്ടറേറ്റില്‍ നടക്കും. വരണാധികാരിയായ ജില്ലാ കലക്ടര്‍ സി എ ലതയുടെ നേതൃത്വത്തില്‍ നടക്കുന്ന സൂക്ഷ്മ പരിശോധനയില്‍ സ്ഥാനാര്‍ഥി, ഏജന്റ്, സ്ഥാനാര്‍ഥിയെ പിന്താങ്ങിയവരില്‍ ഒരാള്‍ എന്നിവര്‍ക്കു പുറമെ സ്ഥാനാര്‍ഥി നിര്‍ദ്ദേശിക്കുന്ന ഒരു വ്യക്തിക്കും പങ്കെടുക്കാം.

സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നടത്തി
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിതരായ സെക്ടറര്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കോഴിക്കോട് താലൂക്കിലെ സെക്ടറല്‍ ഓഫീസര്‍മാര്‍ക്കും വടകര, കൊയിലാണ്ടി താലൂക്കുകളിലെ ഓഫീസര്‍മാര്‍ക്കുമായിരുന്നു പരിശീലനം. ജില്ലാ കലക്ടര്‍ സി എ ലത, ഇലക്ഷന്‍ കമ്മിഷന്റെ നിരീക്ഷകന്‍ അശോക്കുമാര്‍ സാന്‍വാരിയ പങ്കെടുത്തു.