Connect with us

Ongoing News

ഇടുക്കിയില്‍ മലയോര രാഷ്ട്രീയം

Published

|

Last Updated

മലയോര കര്‍ഷകരുടെ രാഷ്ട്രീയമാണ് ഇടുക്കിക്കുള്ളത്. പശ്ചിമഘട്ട സംരക്ഷണം ഉയര്‍ത്തിയ ആശങ്കയും ഭീതിയും തെല്ലൊന്ന് അടങ്ങിയെങ്കിലും മലയോര മേഖലയിലെ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും അത് ഉയര്‍ത്തിയ രാഷ്ട്രീയവുമാണ്. ഇടുക്കിയുടെ രാഷ്ട്രിയം കേരളാ കോണ്‍ഗ്രസുകളെ ആശ്രയിച്ചുള്ളതാണ്. ഇടുക്കി സീറ്റിന് വേണ്ടി കേരളാ കോണ്‍ഗ്രസ് അവകാശവാദവുമായി രംഗത്തെത്തിയെങ്കിലും ഇക്കുറിയും കോണ്‍ഗ്രസ് തന്നെയാണ് മത്സരരംഗത്ത്. കസ്തൂരിരംഗനില്‍ തട്ടി സിറ്റിംഗ് എം പി. പി ടി തോമസിന് സീറ്റ് നഷ്ടപ്പെട്ടതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസിനാണ് യു ഡി എഫില്‍ നറുക്ക് വീണത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജിനെയാണ് ഇടതു മുന്നണി പിന്തുണക്കുന്നത്. യു ഡി എഫിനാണ് ഇടുക്കിയില്‍ എന്നും മുന്‍തൂക്കം. എന്നാല്‍, ഇടതു മുന്നണിക്ക് ആഭ്യമുഖ്യം കാട്ടിയ ചരിത്രവും ഇടുക്കിക്ക് പറയാനുണ്ട്. അവിടെയും മുന്നണികളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്നതിന് കേരളാ കോണ്‍ഗ്രസ് നിലപാടുകള്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിലും പ്രക്ഷോഭങ്ങളിലും ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ തന്നെയാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് മലയോര കര്‍ഷകരുടെയും മണ്ഡലത്തിലെ നിര്‍ണായക ശക്തിയായ കത്തോലിക്കാ സഭയുടെയും എതിര്‍പ്പിന് മുന്നില്‍ സീറ്റ് നഷ്ടപ്പെട്ട സിറ്റിംഗ് എം പി. പി ടി തോമസിന്റെ നാടുകടത്തലും ഇടുക്കിയില്‍ ഇത്തവണ മറ്റൊരു വിഷയാണ്.
മണ്ഡല പുനര്‍നിര്‍ണയത്തോടെ ഇല്ലാതായ മുവാറ്റുപുഴ പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നുള്ള മുവാറ്റുപുഴ, കോതമംഗലം, നിയോജക മണ്ഡലങ്ങളും ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല നിയമസഭാ മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. മണ്ഡല രൂപവത്കണത്തിനു ശേഷം നടന്ന 1977ലെ പ്രഥമ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സി എം സ്റ്റീഫന്‍ 79,257 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 1980ല്‍ ഇടുക്കി മണ്ഡലത്തില്‍ സി പി എം പിടിച്ചെടുത്തു. അന്ന് സി പി എമ്മിലെ എം എം ലോറന്‍സ് 7,033 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസിലെ ആന്റണി വിഭാഗവും ഇടതു മുന്നണിക്കൊപ്പമായിരുന്നു അന്ന് മത്സരിച്ചത്. കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസിലെ ആന്റണി വിഭാഗവും യു ഡി എഫില്‍ എത്തിയതിനു ശേഷം നടന്ന 1984ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വിജയം അനായാസമായി. 1,30,624 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ പി ജെ കുര്യന്‍ വിജയിച്ചു. തുടര്‍ന്ന് 1989ല്‍ കോണ്‍ഗ്രസിലെ പാലാ കെ എം മാത്യു വിജയിച്ചതും ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.
1993ലെ തിരഞ്ഞെടുപ്പ് വന്നപ്പോഴെക്കും കേരളാ കോണ്‍ഗ്രസ് (ജോസഫ്) ഇടതു മുന്നണിയിലെത്തിയിരുന്നു. ഇടതു മുന്നണി സ്ഥാനാര്‍ഥിയായി പി ജെ ജോസഫ് മത്സരിക്കാനെത്തിയെങ്കിലും വിജയം കോണ്‍ഗ്രസിന് തന്നെയായിരുന്നു. പക്ഷേ, ഭൂരിപക്ഷം 25,206 ആയി കുറഞ്ഞു. 1999ലെ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച കേരളാ കോണ്‍ഗ്രസി (ജോസഫ്)ലെ ഫ്രാന്‍സിസ് ജോര്‍ജ് 9,298 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ പി ജെ കുര്യനെ പരാജയപ്പെടുത്തി. 2004ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജ് വിജയം വീണ്ടും ആവര്‍ത്തിച്ചു. അന്ന് ഭൂരിപക്ഷം 69,384 ആയി ഉയര്‍ന്നു. 2009ല്‍ കോണ്‍ഗ്രസിലെ പി ടി തോമസ് ഫ്രാന്‍സിസ് ജോര്‍ജിനെ 74,796 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി ഇടുക്കിയില്‍ യു ഡി എഫിന്റെ പഴയ പ്രതാപം വീണ്ടെടുത്തു.
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പി ടി തോമസ് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍, 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, ഇടുക്കി മണ്ഡലങ്ങള്‍ യു ഡി എഫിനൊപ്പം നിന്നപ്പോള്‍ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങളില്‍ എല്‍ ഡി എഫിനായിരുന്നു വിജയം. ഡീന്‍ കുര്യാക്കോസിന്റെ ജന്മദേശമായ മുവാറ്റുപുഴക്ക് പുറമെ കോതമംഗലം, തൊടുപുഴ, ഇടുക്കി നിയോജക മണ്ഡലങ്ങളില്‍ നിന്ന് ഇത്തവണ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. മറ്റ് മണ്ഡലങ്ങളിലെ യു ഡി എഫ് വോട്ടുകള്‍ വിള്ളല്‍ വീഴാതെ സ്വന്തം പെട്ടിയില്‍ വീഴ്ത്തിയാല്‍ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ തിരുത്തിക്കാന്‍ കഴിഞ്ഞതും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കി സീറ്റിന് വേണ്ടി ഇടഞ്ഞ കേരളാ കോണ്‍ഗ്രസിനെ സമാധാനിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞതും കോണ്‍ഗ്രസിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വിവിധ പ്രശ്‌നങ്ങളില്‍ ഇടഞ്ഞ ബിഷപ്പുമാരെയും സഭകളെയും ഒപ്പം നിറുത്താനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. ഇക്കാര്യം ജനങ്ങളിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യു ഡി എഫ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സൃഷ്ടിച്ച പ്രശ്‌നങ്ങളില്‍ നിന്നാണ് ഇടതു മുന്നണി സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. പ്രക്ഷോഭങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്വന്തം സ്ഥാനാര്‍ഥിയായ അഡ്വ. ജോയ്‌സ് ജോര്‍ജാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തതിനാല്‍ കര്‍ഷകരുടെ വോട്ടും സഭാ വോട്ടുകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. ബി ജെ പി സ്ഥാനാര്‍ഥിയായി അഡ്വ. കെ വി സാബുവും ആം ആദ്മിയുടെ സ്ഥാനാര്‍ഥിയായി സില്‍വി സുനിലും എസ് ഡി പി ഐ സ്ഥാനാര്‍ഥിയായി മുഹമ്മദ് ശറഫുദ്ദീനും മത്സരരംഗത്തുണ്ട്.

Latest