കള്ളവോട്ടിന് പവാറിന്റെ ആഹ്വാനം

    Posted on: March 24, 2014 7:06 am | Last updated: March 24, 2014 at 7:06 am
    SHARE

    SHARATH PAWARമുംബൈ: കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര മന്ത്രിയും എന്‍ സി പി ദേശീയ അധ്യക്ഷനുമായ ശരത് പവാര്‍ വിവാദത്തില്‍. ഇത്തവണ സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്ക ന്നതിനാല്‍, ആ സാഹചര്യം മുതലെടുത്ത് സ്വന്തം മണ്ഡലത്തിലും ജോലി ചെയ്യുന്ന മണ്ഡലത്തിലും വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്താണ് പവാര്‍ വിവാദത്തിലായത്.
    2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സതാര, മുംബൈ മണ്ഡലങ്ങളില്‍ ഒരേ ദിവസമാണ് വോട്ടെടുപ്പ് നടന്നത്. അന്ന് പ്രവര്‍ത്തകര്‍ സ്വന്തം നാട്ടില്‍ മാത്രമാണ് വോട്ട് ചെയ്തത്. എന്നാല്‍, ഇത്തവണ സതാരയില്‍ ഏപ്രില്‍ 17നും മുംബൈയില്‍ 24നുമാണ് വോട്ടെടുപ്പ്. അതുകൊണ്ട് പ്രവര്‍ത്തകര്‍ രണ്ടിടങ്ങളിലും വോട്ട് ചെയ്യാന്‍ തയ്യാറാകണമെന്ന് നവി മുംബൈയില്‍ ചുമട്ട് തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് പവാര്‍ പറഞ്ഞു.
    എന്‍ സി പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്കില്‍ സതാരയിലെത്തി ആദ്യം വോട്ട് ചെയ്യുക. എന്നിട്ട് മുംബൈയിലെ ക്ലോക്കില്‍ വോട്ട് ചെയ്യണം. ഇങ്ങനെ കള്ള വോട്ട് ചെയ്യുമ്പോള്‍ ആവശ്യമായ മുന്‍കരുതലെടുക്കാന്‍ പ്രത്യേക ശ്രദ്ധിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.