മുന്നണികളെ പ്രലോഭിപ്പിച്ച് കണ്ണൂര്‍

  Posted on: March 24, 2014 7:04 am | Last updated: March 24, 2014 at 7:04 am
  SHARE

  Kannur Lcരാഷ്ട്രീയം നോക്കി വോട്ട് ചെയ്യുന്നവരുടെ നാടാണ് കണ്ണൂര്‍. ഈ നാടിന്റെ മനസ്സ് ഏതെങ്കിലുമൊരു പക്ഷത്തിന്റെ മാത്രം ഭാഗമായിരുന്നില്ല. ഏതു മറിമായവും എപ്പോഴും സംഭവിക്കാന്‍ പാകത്തിലുള്ള മണ്ണാണ് കണ്ണൂരിന്റേതെന്നതിനാല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരും വരെ സ്ഥാനാര്‍ഥികളുടെ ഹൃദയമിടിപ്പിന്റെ വേഗം കൂടിക്കൊണ്ടേയിരിക്കും. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം 1971 മുതല്‍ നടന്ന 11 തിരഞ്ഞെടുപ്പുകളില്‍ എട്ട് തവണ കോണ്‍ഗ്രസാണ് ജയിച്ചു കയറിയതെങ്കില്‍ മൂന്ന് തവണ ഇടതുപക്ഷം കണ്ണൂരിന്റെ മണ്ണില്‍ കരുത്തറിയിച്ചു. ചില മത്സരങ്ങളിലെങ്കിലും ഇഞ്ചോടിഞ്ച് വ്യത്യാസങ്ങളിലാണ് വിധി നിര്‍ണയിക്കപ്പെട്ടതെന്നത് കണ്ണൂര്‍ പോരാട്ടത്തിന്റെ വീര്യം വിളിച്ചോതുന്നു. സിറ്റിംഗ് എം പിയായ കെ സുധാകരന്‍ സീറ്റ് നിലനിര്‍ത്താന്‍ മത്സരിക്കുമ്പോള്‍ നഷ്ടപ്പെട്ട സീറ്റ് വീണ്ടെടുക്കാന്‍ മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ പി കെ ശ്രീമതിയെ കളത്തിലിറക്കിയാണ് സി പി എം ഇക്കുറി രംഗത്തുള്ളത്.
  ദേശീയ പ്രശ്‌നങ്ങളെക്കാള്‍ പ്രാദേശിക പ്രശ്‌നങ്ങളും വോട്ടര്‍മാരെ വൈകാരികമായി സ്പര്‍ശിക്കുന്ന വിഷയങ്ങളുമാണ് കണ്ണൂരിലെ തിരഞ്ഞെടുപ്പില്‍ സാധാരണയായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്താറുള്ളത്. ഇത്തവണയും ഇതിന് വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ടി പി ചന്ദ്രശേഖരന്‍, ശുക്കൂര്‍ വധക്കേസുകള്‍ ഇടതുപക്ഷത്തെ അടിക്കാന്‍ മൂര്‍ച്ചയുള്ള ആയുധങ്ങളാക്കി യു ഡി എഫ് പ്രയോഗിക്കുമ്പോള്‍ പാര്‍ലിമെന്റ് കാണാത്ത സുധാകരന്‍ വികസനത്തിനു വേണ്ടി ഒന്നും ചെയ്തില്ലെന്ന ആരോപണമാണ് എല്‍ ഡി എഫ് പ്രധാനമായി ഉന്നയിക്കുന്നത്. മലയോര വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലത്തില്‍ കസ്തൂരിരംഗനും എല്‍ ഡി എഫിന്റെ തുരുപ്പു ചീട്ടാണ്. പശ്ചിമഘട്ട വിഷയത്തില്‍ സുധാകരന്‍ മലയോര ജനതക്കു വേണ്ടി ഇടപെട്ടിട്ടില്ലെന്ന വിമര്‍ശവും എല്‍ ഡി എഫ് ഉന്നയിക്കുന്നു. കണ്ണൂര്‍ എം എല്‍ എ. എ പി അബ്ദുല്ലക്കുട്ടിക്കെതിരെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരുടെ ബലാത്സംഗാരോപണവും എല്‍ ഡി എഫ് പ്രചാരണായുധമാക്കുന്നുണ്ട്.
  വിമാനത്താവളം, അഴീക്കല്‍ തുറമുഖം, കൈത്തറി ഗ്രാമം, പുതിയ ട്രെയിനുകള്‍, കണ്ണൂര്‍ വാഴ്‌സിറ്റി ആസ്ഥാനം തുടങ്ങി വികസന നേട്ടങ്ങള്‍ നിരത്തിയും ദേശീയ രാഷ്ട്രീയത്തില്‍ പിടിപാടുള്ള നേതാവാണ് സുധാകരനെന്ന് വ്യക്തമാക്കിയും യു ഡി എഫ് കേന്ദ്രങ്ങള്‍ എല്‍ ഡി എഫ് പ്രചാരണത്തെ പ്രതിരോധിക്കുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ സുധാകരന്‍ എല്ലാവര്‍ക്കും സഹായം നല്‍കുന്നയാളാണെന്നതുമെല്ലാം അക്കമിട്ട് യു ഡി എഫ് നിരത്തുന്നുണ്ട്. സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തെയും പ്രചാരണ വേദിയില്‍ യു ഡി എഫ് വരച്ചുകാട്ടുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ നിര്‍ണായകമായ ന്യൂനപക്ഷ വോട്ടുകളിലും ഇരു മുന്നണികളും കണ്ണ് വെക്കുന്നുണ്ട്. ന്യൂനപക്ഷ സെമിനാറുകളും മറ്റും സംഘടിപ്പിച്ച് നേരത്തെ തന്നെ മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ സി പി എം സജീവമായിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ക്ക് പുറമെ ബി ജെ പി, പോപുലര്‍ ഫ്രണ്ട്, ലീഗ് പാര്‍ട്ടികള്‍ വിട്ടുവന്നവരുടെ വോട്ടുകളും ഇക്കുറി ഇടതു മുന്നണിക്ക് തുണയാകുമെന്ന് സി പി എം കരുതുന്നുണ്ട്. മണ്ഡലത്തിന്റെ എല്ലാ ഭാഗത്തുള്ളവര്‍ക്കും പരിചിതയായ സ്ഥാനാര്‍ഥിയാണ് പി കെ ശ്രീമതി ടീച്ചറെന്നതിനാല്‍ പ്രചാരണ രംഗത്ത് സി പി എം മുന്നില്‍ തന്നെയുണ്ട്. ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ശ്രീമതിയുടെ പ്രചാരണം.
  കണ്ണൂരില്‍ ഇത്തവണയും എളുപ്പം ജയിച്ചു കയറാനാകുമെന്ന വിശ്വാസത്തിലാണ് യു ഡി എഫ്. എല്ലാക്കാലത്തുമുണ്ടാകുന്നതുപോലെ ഇക്കുറിയും യു ഡിഎഫ് തരംഗം മണ്ഡലത്തിലുണ്ടാകുമെന്ന് നേതൃത്വം കരുതുന്നു. സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ മനം മടുത്ത പാര്‍ട്ടി അണികള്‍ തന്നെ സുധാകരന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് യു ഡി എഫ് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു. സുധാകരന്‍ മണ്ഡലത്തില്‍ ഇതിനകം സജീവമായിക്കഴിഞ്ഞു.
  എല്‍ ഡി എഫിനും യു ഡി എഫിനും പുറമെ ബി ജെ പിയുടെ പി സി മോഹനനാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി. കഴിഞ്ഞ തവണ ബി ജെ പി ക്കുവേണ്ടി മത്സരിച്ച പി പി കരുണാകരന് 27,123 വോട്ട് ലഭിച്ചിരുന്നു. ഒ കെ വാസുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ കൊഴിഞ്ഞു പോക്കുണ്ടാക്കിയ ക്ഷീണത്തിലാണ് പി സി മോഹനന്‍ വോട്ട് തേടുന്നത്. പാര്‍ട്ടിക്ക് ഇടിവുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കേണ്ട ബാധ്യതയും ഇക്കുറി ബി ജെ പിക്കുണ്ട്.
  കെ കെ അബ്ദുല്‍ ജബ്ബാറാണ് എസ് ഡി പി ഐ സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമില്ലെങ്കിലും എസ് ഡി പി ഐക്ക് ചില പോക്കറ്റുകള്‍ മണ്ഡലത്തിലുണ്ട്. തങ്ങളുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്ന് തെളിയിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. സി പി ഐ എം എല്‍, ആര്‍ എം പി, ആം ആദ്മി സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. കള്ളവോട്ടുകളെച്ചൊല്ലിയും രാഷ്ട്രീയ സംഘര്‍ഷങ്ങളെച്ചൊല്ലിയും ഏറെ കുപ്രസിദ്ധിയുള്ള മണ്ഡലത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കാന്‍ ഇക്കുറിയും കനത്ത ജാഗ്രതയിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍.
  ഭവന സന്ദര്‍ശനങ്ങളും കണ്‍വെന്‍ഷനുകളും സംഘടിപ്പിച്ച് മുന്നണികള്‍ ഇതിനകം സജീവമായിക്കഴിഞ്ഞു. മീനച്ചൂടിനെ വെല്ലുന്ന ആവേശച്ചൂടിലാണ് അക്ഷരാര്‍ഥത്തില്‍ കണ്ണൂര്‍ മണ്ഡലം.