Connect with us

Editorial

ലയനത്തിന്റെ ഇരകള്‍

Published

|

Last Updated

മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ ഉക്രൈനിനെ പിളര്‍ത്തുന്നതില്‍ റഷ്യയും ഈ രാജ്യത്തെ യൂറോപ്പിനോട് ചേര്‍ത്ത് നിര്‍ത്തുന്നതില്‍ പാശ്ചാത്യ ശക്തികളും വിജയിച്ചിരിക്കുന്നു. കോളനിവത്കരണത്തിന്റെ പുതിയ പരീക്ഷണത്തില്‍ ഇരുപക്ഷത്തിനും വിജയം അവകാശപ്പെടാവുന്നതാണ്. റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയയെ അടര്‍ത്തി മാറ്റി തങ്ങളോട് ചേര്‍ക്കുക വഴി മേഖലയില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന മേല്‍ക്കോയ്മ ഊട്ടിയുറപ്പിക്കാനാണ് റഷ്യ ശ്രമിച്ചത്. എന്നാല്‍ റഷ്യന്‍ പക്ഷപാതിയായ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിനെ അട്ടിമറിച്ച് യൂറോപ്യന്‍ പക്ഷക്കാരനായ ഇടക്കാല പ്രസിഡന്റിനെയും സര്‍ക്കാറിനെയും വാഴിക്കുക വഴി റഷ്യയുടെ മൂക്കിന് ചുവട്ടില്‍ മേധാവിത്വം പ്രഖ്യാപിക്കാന്‍ അമേരിക്കയുടെ സഹായത്തോടെ യൂറോപ്യന്‍ യൂനിയന് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. ക്രിമിയയെ ആദ്യം സൈനിക വലയത്തിലാക്കുകയാണ് റഷ്യ ചെയ്തത്. എന്നിട്ടായിരുന്നു ഹിതപരിശോധന. സ്വാഭാവികമായും 96 ശതമാനം പേര്‍ റഷ്യയില്‍ ലയിക്കുന്നതിനെ പിന്തുണച്ചു. ക്രിമിയന്‍ പ്രവിശ്യയില്‍ നിന്ന് ഉക്രൈനിന്റെ സൈനികരെ പുറത്താക്കി. നാണയം മരവിപ്പിച്ചു. പതാക പറിച്ചെറിഞ്ഞു. ഒടുവില്‍ ക്രിമിയയെ ലയിപ്പിക്കുന്ന നിയമത്തില്‍ വഌദമീര്‍ പുടിന്‍ ഒപ്പ് വെച്ചു. അങ്ങനെ 1954ല്‍ നികിത ക്രൂഷ്‌ചേവിന്റെ കാലത്ത് ഉക്രൈനിന് വിട്ടു കൊടുത്ത ക്രിമിയ എന്ന വശ്യമനോഹരമായ ഉപദ്വീപ് റഷ്യയുടെ അധീനതയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. യു എന്‍ അംഗീകാരമുള്ള പരമാധികാര റിപ്പബ്ലിക്കിനെ പിളര്‍ത്തിയതിനെതിരെ പാശ്ചാത്യ ശക്തികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തുന്നുണ്ട്. അതത് പ്രദേശത്തെ ഹിതമാണ് പുലരേണ്ടതെന്ന പ്രഖ്യാപിത നയം അട്ടത്ത് വെച്ച് ക്രിമിയന്‍ ഹിതപരിശോധനയെ അമേരിക്ക തള്ളിപ്പറയുന്നു. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ഒറ്റക്കും കൂട്ടായും റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിക്കുന്നു. ഉക്രൈനിലേക്ക് വന്‍തോതില്‍ സൈനിക സാമഗ്രികള്‍ അയച്ചുകൊടുക്കുന്നു. റഷ്യ പ്രത്യക്ഷ അധിനിവേശം നടത്തുമ്പോള്‍ പാശ്ചാത്യര്‍ അത് പരോക്ഷമായി ചെയ്യുന്നുവെന്നര്‍ഥം. ഈ നാടകങ്ങള്‍ക്കൊടുവില്‍ തികച്ചും സാമ്പത്തികമായ കാരണങ്ങളാല്‍ വന്‍ ശക്തികള്‍ പിണക്കം മറന്ന് ഒറ്റക്കെട്ടാകുന്നത് ലോകത്തിന് കാണാം, താമസിയാതെ.
അപ്പോഴും വിഭജനവും ലയനവും ഏല്‍പ്പിച്ച ആഘാതം കുറേ മനുഷ്യരെ നിതാന്തമായ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വിശകലനങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് ഈ മനുഷ്യര്‍ക്ക് പ്രവേശം ലഭിക്കാറില്ല. ക്രിമിയയിലെ താര്‍ത്താരി മുസ്‌ലിംകളാണ് പുതിയ സംഭവവികാസങ്ങളുടെ യഥാര്‍ഥ ഇരകള്‍. അവര്‍ ഹിതപരിശോധന ബഹിഷ്‌കരിച്ചവരാണ്. അങ്ങനെ തീരുമാനിക്കുന്നതിന് അവര്‍ക്ക് വ്യക്തമായ കാരണമുണ്ട്. ചരിത്രം തന്നെയാണ് കാരണം. ക്രിമിയന്‍ ഉപദ്വീപില്‍ റഷ്യന്‍ വംശജര്‍ക്ക് മുമ്പേ വന്നവരാണ് തുര്‍ക്കി പാരമ്പര്യമുള്ള താര്‍ത്താരികള്‍. ഉസ്‌ബെക്കിസ്ഥാനിലേക്ക് നാടുകടത്തി വംശശുദ്ധീകരണത്തിന് ശ്രമിച്ച സ്റ്റാലിന്‍ താര്‍ത്താരി തലമുറയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഈ ചരിത്രബോധമുള്ളതു കൊണ്ട് വഌദമീര്‍ പുടിനെ അവര്‍ക്ക് വിശ്വസിക്കാനാകില്ല. ക്രിമിയയുടെ റഷ്യന്‍ ലയനത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഹിതപരിശോധന ബഹിഷ്‌കരിച്ച താര്‍ത്താരികള്‍ തീര്‍ച്ചയായും ഈ നിര്‍വചനത്തിന്റെ പരിധിയിലായിരിക്കും. പീഡനത്തിന്റെയും സംശയത്തിന്റെയും തീവ്രവാദ മുദ്രയുടെയും ദുരന്ത നാളുകളാണ് ഈ മനുഷ്യരെ കാത്തിരിക്കുന്നത്.
ചൈനയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സിന്‍ജിയാംഗില്‍ ഇതേ ദുരവസ്ഥ കാണാം. ഇവിടുത്തെ പരമ്പരാഗത നിവാസികളാണ് ഉയ്ഗൂര്‍ മുസ്‌ലിംകള്‍. ഭാഷാപരമായും സാംസ്‌കാരികമായും വ്യതിരിക്തത പുലര്‍ത്തുന്ന സമൂഹം. 1949ലാണ് സിന്‍ജിയാംഗ് ഔപചാരികമായി ചൈനയോട് ചേര്‍ക്കപ്പെട്ടത്. അന്ന് വാഗ്ദാനം ചെയ്ത യഥാര്‍ഥ സ്വയംഭരണാവകാശം ഇന്നും അവര്‍ക്ക് ലഭിച്ചിട്ടില്ല. തങ്ങളുടെ മതപരവും സാംസ്‌കാരികവും ഭാഷാപരവുമായ സ്വത്വം പ്രഖ്യാപിക്കാനായി ഉയ്ഗൂര്‍ മുസ്‌ലിംകള്‍ നടത്തിയ സംഘംചേരലുകളെ വിഘടനവാദപരമെന്ന് മുദ്രകുത്തുകയാണ് ചൈനീസ് ഭരണകൂടം ചെയ്തത്. അവരെ ഉള്‍ക്കൊള്ളുന്നതിന് പകരം സംശയത്തിന്റെ ഇരുട്ടിലേക്ക് തള്ളിവിടുകയാണുണ്ടായത്. മ്യാന്‍മറിലെ രാഖിനെ പ്രവിശ്യയിലെ റോഹിംഗ്യ മുസ്‌ലിംകളും ഇത് അനുഭവിക്കുന്നു. അവരെ ഭരണകൂടത്തിന്റെ ഒത്താശയോടെ ബുദ്ധ തീവ്രവാദികള്‍ ആട്ടിയോടിക്കുകയാണ്.
രാഷ്ട്രീയ അതിര്‍ത്തികള്‍ മാറ്റിവരച്ച ഓരോ അധിനിവേശത്തിനും ലയനത്തിനും ഇത്തരം ആഘാതങ്ങളുണ്ട്. ഇവ സൃഷ്ടിക്കുന്ന അമര്‍ഷം എത്ര തലമുറ പിന്നിട്ടാലും പുകഞ്ഞുകൊണ്ടിരിക്കും. കൂട്ടിച്ചേര്‍ക്കലുകളില്‍ അഹങ്കാരം കൊള്ളുന്നവര്‍ക്കും അന്താരാഷ്ട്ര സമൂഹമെന്ന് വിളിക്കപ്പെടുന്ന സംവിധാനങ്ങള്‍ക്കും ഈ അമര്‍ഷത്തെ അഭിസംബോധന ചെയ്യാനുള്ള ബാധ്യതയുണ്ട്. സമാധാനമാണല്ലോ എല്ലാവര്‍ക്കും വേണ്ടത്.

Latest