‘ഇസ്‌ലാമിക സംവിധാനത്തിലെ അടിസ്ഥാന യൂനിറ്റുകളാണ് മഹല്ലുകള്‍’

Posted on: March 23, 2014 1:07 am | Last updated: March 23, 2014 at 1:07 am
SHARE

തിരുവനന്തപുരം: ഇസ്‌ലാമിക കര്‍മശാസ്ത്ര സംവിധാനത്തില്‍ കാര്യനിര്‍വഹണത്തിന്റെ അടിസ്ഥാന യൂനിറ്റുകളാണ് മഹല്ല് ജമാഅത്തുകളെന്ന് പ്രമുഖ മഹല്ല് മാനേജ്‌മെന്റ് വിദഗ്ധന്‍ ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി. ഇസ്‌ലാമിക ഭരണകൂടത്തിനകത്താണെങ്കില്‍ മഹല്ലുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ മാതൃകയില്‍ ഭരണ സംവിധാനത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ജമാഅത്ത് കോര്‍ഡിനേഷന്‍ തിരുവനന്തപുരം വള്ളക്കടവില്‍ സംഘടിപ്പിച്ച സംസ്ഥാനതല മഹല്ല് മാനേജ്‌മെന്റ് ശില്‍പ്പശാലയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് ഭാരവാഹികളുടെ ഉത്തരവാദിത്വം വളരെ വലുതാണ്. ഈ അര്‍ഥത്തില്‍ ഓരോ മഹല്ല് ജമാഅത്ത് ഭാരവാഹിയും ഭരണാധികാരിയാണെന്നും ഈ ബോധത്തോടെ വേണം മഹല്ല് ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തെ മുഖ്യധാരയിലേക്ക് നയിക്കലാണ് ക്ഷേമ രാഷ്ട്ര സങ്കല്‍പ്പത്തിന്റെ അടിസ്ഥാന ശിലയെന്ന് ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത മന്ത്രി വി എസ് ശിവകുമാര്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ രാജ്യത്ത് പതിനാറാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം സമൂഹം വിദ്യാഭ്യാസ, സാമൂഹിക മുന്നേറ്റത്തിനായി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സാമൂഹിക സന്നദ്ധ സംഘടകള്‍ നടത്തുന്ന ഇടപെടല്‍ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്‍മാന്‍ എ സൈഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി നസീര്‍, നൂറുല്‍ ഇസ്‌ലാം യൂനിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ എം എസ് ഫൈസല്‍ഖാന്‍, അഡ്വ. എ അബ്ദുല്‍കരീം, ഹാഫിസ് പി എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു.