സംസ്ഥാനത്ത് 55,776 ഹജ്ജ് അപേക്ഷകര്‍

Posted on: March 23, 2014 6:00 am | Last updated: March 23, 2014 at 12:53 am
SHARE

HAJJ 2014കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിക്കാനുള്ള സമയ പരിധി ഇന്നലെ അവസാനിച്ചു. സംസ്ഥാനത്ത് അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഈ വര്‍ഷവും. ഇന്നലെ ആറ് മണി വരെ ലഭിച്ച മൊത്തം അപേക്ഷകരുടെ എണ്ണം 55, 776 ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11,860 അപേക്ഷകള്‍ അധികമായി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 43,916 പേരാണ് ഹജ്ജിന് അപേക്ഷിച്ചത്.
2195 പേര്‍ 70 വയസ്സ് പൂര്‍ത്തിയായ വിഭാഗത്തിലും 7700 പേര്‍ തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവരുടെ വിഭാഗത്തിലുമാണ്. ഇതോടെ ഈ വര്‍ഷം റിസര്‍വ് കാറ്റഗറിയില്‍ മാത്രമായി 9895 അപേക്ഷകരായി. ബാക്കിയുള്ള 45,881 പേരെ ജനറല്‍ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം 43,916 അപേക്ഷകരില്‍ 8380 പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അവസരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം സഊദി അറേബ്യന്‍ ഭരണകൂടം ക്വാട്ടയില്‍ 20 ശതമാനം വെട്ടിക്കുറച്ചത് സ്വകാര്യ സംഘങ്ങള്‍ക്ക് മാത്രം ബാധിമാക്കുകയായിരുന്നു. ഈ വര്‍ഷം 20 ശതമാനം കുറവ് സര്‍ക്കാര്‍, സ്വകാര്യ സംഘങ്ങള്‍ക്ക് ഒരുപോലെ ബാധകമാക്കും. ഇക്കാരണത്താല്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും അഞ്ഞൂറിലേറെ പേര്‍ക്കെങ്കിലും ഈ വര്‍ഷം ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് മാത്രം അവസരം നഷ്ടമായേക്കും.
ഈ വര്‍ഷം സംസ്ഥാനത്തിന് അനുവദിക്കാവുന്ന ക്വാട്ടയേക്കാള്‍ അധികം പേര്‍ റിസര്‍വ് കാറ്റഗറിയില്‍ മാത്രമുള്ളപ്പോള്‍ ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്ക് പ്രതീക്ഷക്ക് യാതൊരു സാധ്യതയുമില്ല. 70 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കുന്നതോടൊപ്പം ബാക്കിയുള്ള സീറ്റിലേക്ക് റിസര്‍വ് ബി വിഭാഗത്തില്‍ നിന്നുള്ളവരെ നറുക്കെടുപ്പിലൂടെ കണ്ടെത്തും. പിന്നീട് സീറ്റ് ലഭിക്കുകയാണെങ്കില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കും.
ഇന്നലെ ആറ് മണിക്കും അപേക്ഷകരുടെ നീണ്ട നിര തന്നെയായിരുന്നു. റിസര്‍വ് വിഭാഗത്തില്‍പെട്ടവര്‍ അപേഷയോടൊപ്പം പാസ്‌പോര്‍ട്ടും സമര്‍പ്പിക്കണമായിരുന്നു.അപേക്ഷകരുടെ ഡാറ്റാ എന്‍ട്രി ജോലികളും സമയബന്ധിതമായി നടക്കുന്നുണ്ട്. തിങ്കളാഴ്ചയോടെ ഡാറ്റാ എന്‍ട്രി ജോലികള്‍ പൂര്‍ണമാകും.
കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് വരെ അപേക്ഷിച്ചവര്‍ക്കുള്ള കവര്‍ നമ്പറുകള്‍ അയച്ചിട്ടുണ്ട്. അടുത്ത മാസം 10നു ശേഷവും കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടണം. ഹജ്ജ് അപേക്ഷകരില്‍ ഈ വര്‍ഷവും കേരളം തന്നെയാണ് ഒന്നാം സ്ഥാനത്ത്. മറ്റു സംസ്ഥാനങ്ങളിലെ ഹജ്ജ് അപേക്ഷകരുടെ എണ്ണം ഇന്ന് അറിയാനാകും.