പത്രികാ സമര്‍പ്പണം കഴിഞ്ഞു; അപരന്‍മാരുടെ പ്രളയം

  Posted on: March 23, 2014 6:00 am | Last updated: March 23, 2014 at 12:50 am
  SHARE

  vote indiaതിരുവനന്തപുരം: സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോള്‍ പത്രിക നല്‍കിയത് 386 പേര്‍. ഇതില്‍ 160 സ്വതന്ത്രന്‍മാരുമുണ്ട്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയത്. 25 പേരാണ് ഇവിടെ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. തൊട്ടുപിന്നിലുള്ള തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളില്‍ 24 പേര്‍ വീതമാണ് പത്രിക നല്‍കിയത്. വയനാട്, ചാലക്കുടി, എറണാകുളം മണ്ഡലങ്ങളില്‍ 23 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
  മറ്റു മണ്ഡലങ്ങളില്‍ പത്രിക സമര്‍പ്പിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം: ആറ്റിങ്ങല്‍- 20, കൊല്ലം- 16, പത്തനംതിട്ട- 21, മാവേലിക്കര- 15, ആലപ്പുഴ- 17, കോട്ടയം- 15, ഇടുക്കി-11, തൃശൂര്‍- 19, ആലത്തൂര്‍- 15, പൊന്നാനി- 19, മലപ്പുറം- 18, വടകര- 17, കണ്ണൂര്‍- 17 എന്നിങ്ങനെയാണ്.
  സ്വതന്ത്രന്‍മാര്‍ ഏറ്റവും കൂടുതലുള്ളതും കോഴിക്കോട്ടാണ്. 15 സ്വതന്ത്രന്‍മാരാണ് ഇവിടെ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 26 വരെയാണ്. ഇതിന് ശേഷം മാത്രമേ മത്സര ചിത്രം കൃത്യമായി തെളിയൂ. സ്വതന്ത്രന്‍മാരും ഡമ്മികളും അപരന്‍മാരില്‍ ചിലരും പിന്‍മാറുന്നതോടെ മാത്രമേ യഥാര്‍ത്ഥ മത്സരരംഗത്തുളള സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമാവുകയുള്ളൂ. സൂക്ഷ്മ പരിശോധനക്ക് ശേഷം സാധുവായ പത്രികകളില്‍ നിന്നും മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയടങ്ങിയ പട്ടിക വരണാധികാരികള്‍ തയാറാക്കും.
  മത്സരരംഗത്ത് ഇത്തവണയും അപരന്മാരുടെ പ്രളയമാണ്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന് അപരനായി വടകര ചോറോട് കുനിയില്‍ മേനോന്‍തൊടിയില്‍ വീരേന്ദ്രകുമാര്‍ സ്വതന്ത്രനായി പത്രിക നല്‍കി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി രാജേഷിന് അപരനില്ല. എന്നാല്‍ ശിവസേന സ്ഥാനാര്‍ഥിയായി എന്‍ രാജേഷ് പത്രിക നല്‍കിയിട്ടുണ്ട്. തിരുവനനന്തപുരത്ത് ബെന്നറ്റ് ഏബ്രഹാമിന് ബെനറ്റ് ബാബു എന്ന പേരിലും ഒ രാജഗോപാലിന് ടി രാജഗോപാല്‍ എന്ന പേരിലും അപരന്മാരുണ്ട്.
  ആറ്റിങ്ങലില്‍ എ സമ്പത്തിന് സമ്പത്ത് എ എന്ന പേരിലാണ് അപരന്‍. കൊല്ലത്ത് യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനോട് ഏറ്റുമുട്ടാന്‍ രണ്ട് പ്രേമചന്ദ്രന്‍മാര്‍ അപരന്‍മാരായി പത്രിക സമര്‍പ്പച്ചിട്ടുണ്ട്. ഇടതു സ്ഥാനാര്‍ഥി എം എ ബേബിയുടെ അപരന്‍ ബേബിയാണ്. ആലപ്പുഴ ഇടതു സ്ഥാനാര്‍ഥി സി ബി ചന്ദ്രബാബുവിന് അപരന്‍മാരായി രണ്ട് പേരാണുള്ളത്. എം ചന്ദ്രബാബുവും ജി ചന്ദ്രബാബുവും. മാവേലിക്കര ഇടതു സ്ഥാനാര്‍ഥി ചെങ്ങറ സുരേന്ദ്രന്റെ അപരനായി സുരേന്ദ്രന്‍ പത്രിക സമര്‍പ്പിച്ചു.
  ഇടുക്കിയില്‍ ഇടതു സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജിന് ജോയ്‌സ് വിന്‍സെന്റ്, ജോയ്‌സ് ജോര്‍ജ് എന്നീ പേരുകളില്‍ രണ്ട് അപരന്മാരാണുള്ളത്. എന്നാല്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനും ബി ജെ പി സ്ഥാനാര്‍ഥി സാബു വര്‍ഗീസിനും അപരന്മാരില്ല. വടകരയില്‍ ഷംസീറിന് രണ്ട് അപരന്‍മാരുണ്ട്. കാസര്‍കോട് യു ഡി എഫ് സ്ഥാനാര്‍ഥി സിദ്ദിഖിന് അബൂബക്കര്‍ സിദ്ദിഖ് അപരനായി മത്സരിക്കുന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കരുണാകരന്റെ അപരന്‍മാരായി രണ്ട് കരുണാകരന്‍മാരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ആലത്തൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ബിജുവിന് മൂന്ന് അപരന്മാരാണുള്ളത്. ആര്‍ ബിജു, കെ ബിജു, എ ബിജു എന്നിവരാണ് അപരന്മാര്‍. യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരനും എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയും മല്‍സരിക്കുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ രണ്ട് കെ സുധാകരന്മാരും ഒരു പുത്താലത്ത് ശ്രീമതിയും സ്വതന്ത്രരായി പത്രിക നല്‍കി. ഇടതു വലത് മുന്നണികള്‍ പ്രധാന മണ്ഡലങ്ങളില്‍ ഡമ്മി സ്ഥാനാര്‍ഥികളേയും നിര്‍ത്തിയിട്ടുണ്ട്.