ചൂട് 40 ഡിഗ്രി കടന്നു; ക്ഷീര മേഖലയിലും ഉത്പാദന നഷ്ടം

Posted on: March 23, 2014 12:35 am | Last updated: March 23, 2014 at 12:35 am
SHARE

പാലക്കാട്: ജില്ലയില്‍ ചൂട് 40 ഡിഗ്രിയും കടന്നു. ഇന്നലെ മുണ്ടൂരിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 40.9ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം മൂന്നാം തവണയാണ് ചൂട് 40.9 ഡിഗ്രിയിലെത്തുന്നത്.
താപനില കൂടിയതോടെ ജില്ലയില്‍ പത്തോളം പേര്‍ക്ക് സൂര്യ താപം ഏറ്റിരുന്നു. ഇതേ തുടര്‍ന്ന് വെയിലേറ്റുള്ള അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടെ ജോലി സമയം ക്രമീകരിച്ചിട്ടുണ്ട്. പകല്‍ 12 നും വൈകിട്ട് മൂന്നിനും ഇടക്ക് നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലത്ത് തൊഴിലാളികളെ ജോലിചെയ്യിപ്പിക്കരുതെന്നാണ് നിര്‍ദേശം. ജോലി സ്ഥലത്ത് കുടിവെള്ളം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തൊഴിലുറപ്പില്‍ തൊഴില്‍ സമയം ക്രമീകരിച്ചെങ്കിലും നിര്‍മാണ മേഖലയില്‍ ഈ ഉത്തരവ് പാലിക്കപ്പെടുന്നില്ല. പട്ടാമ്പി, മലമ്പുഴ മേഖലകളിലെല്ലാം താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. കഴിഞ്ഞ വര്‍ഷവും ജില്ലയില്‍ താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു. സൂര്യാഘാതമേറ്റുള്ള മരണങ്ങളും മുന്‍ വര്‍ഷങ്ങളില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടുതല്‍ സമയം വെയിലേറ്റാല്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിച്ച് സൂര്യാഘാതത്തിന് ഇടയാക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്. രോഗികളും ശാരീരിക അവശതകളുള്ളവരും അധിക സമയം വെയില്‍കൊള്ളുന്നത് ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.—ക്ഷീര മേഖലയിലും ചൂട് ഉത്പാദന നഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. ജില്ലയില്‍ ചിലയിടങ്ങളില്‍ ചാറ്റല്‍മഴ ലഭിക്കുന്നുണ്ടെങ്കിലും ശക്തമായ വേനല്‍മഴ ഇതുവരെ ലഭിച്ചിട്ടില്ല. ഭാരതപ്പുഴയടക്കം വരള്‍ച്ചയുടെ പിടിയിലമര്‍ന്നതോടെ കുടിവെള്ള വിതരണത്തിലും ബുദ്ധിമുട്ടനുഭവപ്പെട്ടുതുടങ്ങി. ഇതിനെ തുടര്‍ന്ന് മലമ്പുഴയില്‍ വെള്ളം തുറന്ന് വിട്ടിരിക്കുകയാണ്. ഇതിനാല്‍ വരണ്ട് ഉണങ്ങിയ ഭാരതപ്പുഴയില്‍ ചെറിയതോതില്‍ വെള്ളമെത്തി തുടങ്ങി. പമ്പിംഗിനാവശ്യമായ കുടിവെള്ളം ശേഖരിക്കാന്‍ പുഴകളിലുടനീളം താത്ക്കാലിക തടയണകള്‍ നിര്‍മിച്ചിരിക്കുകയാണ്.