മലയോരം ‘കസ്തൂരി’യുടെ പിടിയില്‍

  Posted on: March 23, 2014 12:27 am | Last updated: March 23, 2014 at 12:27 am
  SHARE

  western Ghats

  തിരഞ്ഞെടുപ്പിലെ സജീവ ചര്‍ച്ചയാകുന്ന വിഷയങ്ങളെണ്ണിയാല്‍ ആദ്യ മൂന്നിലൊന്നാകും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. മലയോരം ചേര്‍ന്നിരിക്കുന്ന മണ്ഡലമാണെങ്കില്‍ അവിടെ മറ്റൊന്നും ചര്‍ച്ചാ വിഷയമേ അല്ല. പശ്ചിമഘട്ടത്തിന്റെയോ കര്‍ഷകരുടെയോ സംരക്ഷണത്തിനപ്പുറം ‘വോട്ട്’ എന്ന രണ്ടക്ഷരത്തിലേക്ക് മുഖ്യധാരാ കക്ഷികളെ പോലും ഒതുക്കിയതെന്നാണ് ഈ റിപ്പോര്‍ട്ടിന്റെയും തുടര്‍ച്ചയായി വന്ന വിജ്ഞാപനത്തിന്റെയും പ്രത്യേകത. ഒരു സിറ്റിംഗ് എം പിയുടെ സ്ഥാനാര്‍ഥിത്വം തെറിപ്പിച്ചതും രാഷ്ട്രീയത്തില്‍ പരിചിതനല്ലാത്ത ഒരു പുതുമുഖത്തെ സ്ഥാനാര്‍ഥിത്വം തേടിയെത്തിയതിനും കടപ്പെട്ടിരിക്കുന്നത് ബഹിരാകാശ ശാസ്ത്രജ്ഞനായ കസ്തൂരിരംഗനോടാണ്. എന്തായാലും മലയോര മേഖലയില്‍ കസ്തൂരിരംഗന്‍ യു ഡി എഫിന്റെ അടിക്കല്ല് ഇളക്കിയെന്നതില്‍ തര്‍ക്കമില്ല. അതിന്റെ കാഠിന്യമെത്രയെന്നറിയാന്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണമെന്ന് മാത്രം.
  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 11ന് വനം, പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനമാണ് മലയോര മേഖലയില്‍ ആശങ്ക സൃഷ്ടിച്ചത്. നിയന്ത്രണങ്ങള്‍ ജീവിതോപാധികളെ ബാധിക്കുമെന്ന ആശങ്കയില്‍ കഴിഞ്ഞവരെ കൂടുതല്‍ ഭയപ്പെടുത്തി ചില ബാഹ്യശക്തികളുടെ രംഗപ്രവേശം കൂടിയായതോടെ കാര്യങ്ങള്‍ കൈവിട്ടു. തിരഞ്ഞെടുപ്പ് ലാക്കാക്കി എല്‍ ഡി എഫും അവസരം മുതലെടുത്തു. നാലിലധികം ഹര്‍ത്താലുകള്‍. മറ്റു സമരങ്ങള്‍ വേറെയും. സര്‍ക്കാറിനെതിരെ പ്രത്യക്ഷ സമരം തുടങ്ങിയവര്‍ വനം വകുപ്പിനെ ശത്രുപക്ഷത്ത് നിര്‍ത്തി നേരിട്ടു. ഇതോടെ മലയോരത്തെ മണ്ണ് ഒലിച്ച് പോകുന്നത് യു ഡി എഫും തിരിച്ചറിഞ്ഞു.
  പരിസ്ഥിതിലോല മേഖലകള്‍ ആകുന്നതോടെ കുടിയിറങ്ങേണ്ടി വരുമെന്നും നിര്‍മാണങ്ങള്‍ തടയുമെന്നും കൃഷി സാധ്യമാകില്ലെന്നും മറ്റു ജീവിതോപാധികള്‍ക്കെല്ലാം നിയന്ത്രണം വരുമെന്നും മലയോര ജനതയെ വിശ്വസിപ്പിച്ചു. പരിസ്ഥിതി നിയന്ത്രണങ്ങളാല്‍ ദുരിതം നേരിട്ട് പരിചയിച്ചവരെ ഈ പ്രചാരണം വേട്ടയാടാന്‍ അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല.
  കേരളാ കോണ്‍ഗ്രസിന്റെ ഭീഷണിയില്‍ മുന്നണിയുടെ കെട്ടുറപ്പും തകര്‍ന്നതോടെ സംസ്ഥാന സര്‍ക്കാറും വിഷയത്തില്‍ ഇടപെട്ടു. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവില്‍ വനം, പരിസ്ഥിതി മന്ത്രാലയം മുന്‍ നിലപാട് തിരുത്തി പരിസ്ഥിതിലോല മേഖല പുനര്‍നിശ്ചയിക്കുമെന്ന് കാണിച്ച് കരട് വിജ്ഞാപനവുമിറക്കി. കരട് വിജ്ഞാപനം ഇറങ്ങിയതോടെ നവംബര്‍ 11ലെ ഉത്തരവ് ഇനി ബാധകമല്ലെന്നാണ് സര്‍ക്കാറും യു ഡി എഫും ആവര്‍ത്തിക്കുന്നത്. എന്നാല്‍, കരട് വിജ്ഞാപനം ആശങ്കയകറ്റാന്‍ പര്യാപ്തമല്ലെന്ന് മലയോര മേഖലയില്‍ രൂപം കൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതിയും നവംബര്‍ 11ലെ ഉത്തരവ് റദ്ദാക്കുകയാണ് വേണ്ടതെന്ന് എല്‍ ഡി എഫും വാദിക്കുന്നു. കരട് വിജ്ഞാപനം ഇറങ്ങിയ ശേഷം അതിന്റെ തുടര്‍ച്ചയായി ഇ എസ് എയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് കൊണ്ടുള്ള മാപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ തിരക്കിലാണ് സര്‍ക്കാര്‍.
  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുള്ള നിര്‍ദേശമെന്ന നിലയില്‍ നവംബര്‍ 11ന് വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ 59,940 ചതുരശ്ര കിലോമീറ്റര്‍ ആണ് പരിസ്ഥിതിലോല മേഖലയായി (ഇ എസ് എ) വിജ്ഞാപനം ചെയ്തിരുന്നത്. കേരളത്തില്‍ 123 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ആദ്യ വിജ്ഞാപനത്തില്‍ ഇ എസ് എയായി. കരട് വിജ്ഞാപനം വന്നതോടെ കേരളത്തില്‍ ഇതില്‍ 3,115 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളും കൃഷി, തോട്ടം മേഖലകളുമാണ് ഒഴിവാക്കിയത്. കരട് വിജ്ഞാപനം അനുസരിച്ച് ഇനി ഇ എസ് എയില്‍ നിലനില്‍ക്കുന്നത് 9993.7 ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ 9107 കിലോമീറ്റര്‍ വനപ്രദേശമാണ്. ശേഷിക്കുന്ന 886.7 ചതുരശ്ര കിലോമീറ്റര്‍ പാറക്കെട്ടും ജലാശയങ്ങളും പുല്‍മേടുകളുമാണ്. ഈ പ്രദേശത്തൊന്നും ആള്‍ താമസമില്ലെന്നും ഈ സാഹചര്യത്തില്‍ ഇനി ആശങ്കക്ക് അടിസ്ഥാനമില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എന്നാല്‍, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം അഞ്ചാം വകുപ്പ് അനുസരിച്ച് നവംബര്‍ 11ന് ഇറക്കിയ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കരട് വിജ്ഞാപനത്തിന്റെ നിയമസാധുത എത്രത്തോളമെന്ന സംശയമാണ് പ്രതിപക്ഷം പ്രകടിപ്പിക്കുന്നത്.
  കരട് വിജ്ഞാപനം ഇറങ്ങിയെങ്കിലും ഭൂമിയുടെ ക്രയവിക്രയങ്ങളടക്കമുള്ള കാര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കാന്‍ മടിച്ച് നില്‍ക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇ എസ് എ യില്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ക്ക് കരട് വിജ്ഞാപനം വഴി ഒഴിവായ പ്രദേശങ്ങളില്‍ ഇളവ് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ ഒരു ഉറപ്പും ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. നവംബര്‍ 11ലെ ഉത്തരവ് അനുസരിച്ച് ഇ എസ് എയില്‍ ഖനനം, ക്വാറി, മണല്‍വാരല്‍ എന്നിവക്ക് സമ്പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയില്‍ താപോര്‍ജനിലയങ്ങള്‍ സ്ഥാപിക്കാനും 20,000 ചതുരശ്ര മീറ്ററിലേറെയുള്ള കെട്ടിടങ്ങളും മറ്റു നിര്‍മാണങ്ങളും അനുവദിക്കില്ല. 50 ഹെക്ടറിലേറെയുള്ളതോ 1.5 ലക്ഷം ചതുരശ്ര മീറ്ററിലേറെ നിര്‍മാണമുള്ളതോ ആയ ടൗണ്‍ഷിപ് പദ്ധതികള്‍, ചുവപ്പ് ഗണത്തിലുള്ള വ്യവസായങ്ങള്‍ എന്നിവക്കും നിരോധം ഏര്‍പ്പെടുത്തിയിരുന്നു. 64 തരം വ്യവസായങ്ങളാണ് ചുവപ്പ് ഗണത്തില്‍ വരുന്നത്. ആശുപത്രി, ഡയറി എന്നിവക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നത്. ഈ നിരോധങ്ങളൊന്നും കരട് വിജ്ഞാപനത്തിലൂടെ ഇ എസ് എ അല്ലാതായ പ്രദേശങ്ങള്‍ക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ഉറപ്പിച്ച് പറയുന്നു. എന്നാല്‍, അന്തിമവിജ്ഞാപനം ഇറങ്ങുന്നത് വരെ അനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്ന് തെളിവുകള്‍ നിരത്തി ഹൈറേഞ്ച് സംരക്ഷണ സമിതിയും വാദിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഈ റിപ്പോര്‍ട്ടിന്റെയും വിജ്ഞാപനത്തിന്റെയും ഭാവി എന്തെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ലെങ്കിലും മലയോര മേഖലയിലെ ജയപാരജയം നിര്‍ണയിക്കുന്നതില്‍ ഈ റിപ്പോര്‍ട്ട് നിര്‍ണയാകമാകുമെന്നുറപ്പ്.