രാഹുലിന്റെ ആദിവാസി സമ്മേളനം അലങ്കോലപ്പെട്ടു

    Posted on: March 23, 2014 12:02 am | Last updated: March 23, 2014 at 12:02 am
    SHARE

    rahul gandhi..പദ്രിപദ്പാറ (മധ്യപ്രദേശ്): കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി മധ്യപ്രദേശിലെ മണ്ടല ജില്ലയിലെ ആദിവാസി ഗ്രാമത്തില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണം ആദിവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. ഗോണ്ട്, ബൈഗ ആദിവാസി വിഭാഗങ്ങളിലെ നൂറിലേറെ പേരെ തിരഞ്ഞെടുത്താണ് ഭോപ്പാലില്‍ നിന്ന് 476 കിലോമീറ്റര്‍ കിഴക്കുള്ള ഇവിടെ കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധിയോടൊപ്പം പ്രദേശത്തെ എം പിയും എം എല്‍ എയും കോണ്‍ഗ്രസ് നേതാക്കളും എത്തിയിരുന്നു. പദ്രിപദ്പാറ ഗ്രാമ പഞ്ചായത്തിലെ നൂറ് സ്ത്രീകളുള്‍പ്പെടെയുള്ള ആദിവാസികള്‍ മാത്രം പരിപാടിയില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു പാര്‍ട്ടിയുടെ നിര്‍ദേശം. എന്നാല്‍, സമീപ ഗ്രാമങ്ങളില്‍ നിന്നുപോലും നിരവധി പേര്‍ എത്തിയിരുന്നു. ഇവര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയും ബഹളം വെക്കുകയും ചെയ്തു. ഒടുവില്‍ സംഗതി പന്തിയല്ലെന്ന് കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദിവാസികളെ വേദിക്കരികില്‍ നിന്ന് ദൂരേക്ക് മാറ്റി. മധ്യപ്രദേശ് പോലീസിലെ അഞ്ഞൂറ് പേരും സി ഐ എസ് എഫ്, എസ് പി ജി എന്നിവരുമാണ് സുരക്ഷക്കുണ്ടായിരുന്നത്. രാഹുലിനെ കാണാനെത്തിയ ആദിവാസികളെ എട്ട് കിലോമീറ്റര്‍ അകലെയുള്ള ചെക്ക്‌പോയിന്റില്‍ തടയുകയായിരുന്നു.
    രാഹുല്‍ ഗ്രാമത്തിലെത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറേ ദിവസങ്ങളായി ആദിവാസി ഊരുകളില്‍ പോലീസ് റെയ്ഡും പരിശോധനയും നടത്തി വരികയായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തു. നക്‌സലുകള്‍ നുഴഞ്ഞു കയറി രാഹുലിന്റെ പരിപാടിക്ക് ഭീഷണി സൃഷ്ടിക്കുമോയെന്നായിരുന്നു പോലീസിന്റെ പേടി. ഇതാണ് ഗ്രാമീണരെ പ്രകോപിതരാക്കിയതും രാഹുലിന് നേരെ തിരിയാന്‍ കാരണമായതും. 15 കിലോമീറ്ററോളം നടന്നാണ് മിക്കവരും രാഹുലിനെ കാണാനെത്തിയത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം പരിഹരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, തങ്ങളെ പോലീസ് തടഞ്ഞുവെന്ന് ഗ്രാമീണരായ സ്ത്രീകള്‍ പരാതിപ്പെട്ടു.