അപരന്മാരില്‍ സുധീരന്‍ തന്നെ താരം

Posted on: March 23, 2014 12:00 am | Last updated: March 23, 2014 at 12:00 am
SHARE

ആലപ്പുഴ: ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പാര്‍ലിമെന്ററി ജീവിതത്തിന് തിരശ്ശീല വീഴ്ത്തിയ കറുത്ത അധ്യായമാണ് 2004ലെ തിരഞ്ഞെടുപ്പിലെ അപരന്‍ സാന്നിധ്യം. ആലപ്പുഴ മണ്ഡലത്തില്‍ ഹാട്രിക് വജിയം പൂര്‍ത്തിയാക്കിയ സുധീരന്‍ നാലാം തവണ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ഹൈക്കമാന്‍ഡിന്റെ നിര്‍ബന്ധത്തിന് വഴങ്ങി 2004ലെ തിരഞ്ഞെടുപ്പിലും പോരാട്ടത്തിനിറങ്ങുകയായിരുന്നു. 1996, 1998, 1999 തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ചുകയറിയ സുധീരനെ തളക്കാന്‍ സി പി എം കണ്ടുപിടിച്ച പോംവഴിയാണ് അപരനെന്നത് അന്നേ ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരികയും സുധീരന്‍ പരാജയപ്പെടുകയും ചെയ്തതോടെ അപരന്‍ പ്രശ്‌നം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചക്ക് കാരണമായി.
മൂന്ന് തവണയും സുധീരനുള്ള എതിരാളികളെ സി പി എം മാറി മാറി പരീക്ഷിച്ചെങ്കിലും അത് കൊണ്ടൊന്നും സുധീരനെ തളക്കാനായില്ല. അങ്ങനെയാണ് 2004ല്‍ അപരന്‍ പരീക്ഷണവുമായി സി പി എം രംഗത്തു വരുന്നത്. വി എസ് സുധീരന്‍ എന്ന അപരന്‍ വാങ്ങിക്കൂട്ടിയ വോട്ടിന്റെ നാലിലൊന്ന് പോലും വി എം സുധീരനെ പരാജയപ്പെടുത്തിയ ഡോ. കെ എസ് മനോജിന് ഭൂരിപക്ഷമായി ലഭിച്ചില്ല.
1991 മുതല്‍ സി പി എം അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന പുത്തനങ്ങാടി സ്വദേശി വി എസ് സുധീരന്‍ 2004ലെ തിരഞ്ഞെടുപ്പില്‍ അപരനായി മത്സരിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു. കെട്ടിവെക്കാനാവശ്യമായ പതിനായിരം രൂപ സുഹൃത്തുക്കള്‍ സമാഹരിച്ചു തന്നതായി സുധീരന്‍ പറഞ്ഞു. ഷട്ടില്‍ കോക്കായിരുന്നു ചിഹ്നം. തിരഞ്ഞെടുപ്പില്‍ ഉറച്ചുനിന്നിട്ടും തന്നെ ആരെങ്കിലും മുഖേന വി എം സുധീരന്‍ സമീപിക്കുകയോ പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ലെന്ന് അപരന്‍ സുധീരന്‍ പറയുന്നു. പക്ഷേ, സ്വന്തം വോട്ട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഡോ. മനോജിന് നല്‍കിയപ്പോള്‍, തന്റെ പെട്ടിയില്‍ വന്ന് വീണ വോട്ടിന്റെ എണ്ണം കേട്ട് അപരന്‍ സുധീരന്‍ ഒന്ന് ഞെട്ടി. ഡോ. മനോജിന്റെ ഭൂരിപക്ഷത്തേക്കാള്‍ എട്ടിരട്ടി.
മനോജിന്റെ ഭൂരിപക്ഷം വെറും 1009 ആയിരുന്നെങ്കില്‍ അപരന്റെ പെട്ടിയില്‍ വീണത് 8,332 വോട്ട്. വോട്ടെണ്ണി ഫലം അറിഞ്ഞ ശേഷം തന്നെ അഭിവാദ്യം ചെയ്താണ് വി എം സുധീരന്‍ മടങ്ങിയതെന്നും അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത് അന്നായിരുന്നെന്നും വി എസ് സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ തന്നെ സുധീരനോട് അമര്‍ഷമുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് അപരന് വോട്ട് ചെയ്തതെന്ന വിലയിരുത്തലിലായിരുന്നു സി പി എമ്മും ഇടതുപക്ഷവും.