Connect with us

International

ഉക്രൈനിന്റെ സൈനിക കേന്ദ്രങ്ങള്‍ റഷ്യന്‍ സൈന്യം വളഞ്ഞു

Published

|

Last Updated

സിംഫെര്‍പോള്‍: റഷ്യക്കൊപ്പം ചേര്‍ന്ന ക്രിമിയയില്‍ നിന്ന് ഉക്രൈന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ റഷ്യന്‍ സൈന്യം നടത്തുന്ന മുന്നേറ്റം പശ്ചിമ ക്രിമിയയിലെത്തി. ഉക്രൈന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സെവെസ്റ്റപോള്‍ നഗരത്തിന് സമീപത്തെ ബെല്‍ബെക് വ്യോമസൈനിക കേന്ദ്രം റഷ്യന്‍ സൈന്യം വളഞ്ഞു.
നൊവൊഫെഡെറിക്ക നഗരത്തിലെ ഉക്രൈനിന്റെ നാവിക സേന ആസ്ഥാനവും റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായാണ് റിപ്പോര്‍ട്ട്. ഉക്രൈന്‍ സൈന്യത്തിന്റെ സെവാസ്റ്റോപോളിലെ സൈനിക ആസ്ഥാനം കഴിഞ്ഞ ബുധനാഴ്ച പിടിച്ചെടുത്തതിന് പിന്നാലെ കനത്ത മുന്നേറ്റമാണ് ക്രിമിയന്‍ നഗരത്തില്‍ റഷ്യന്‍ സൈന്യം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, റഷ്യന്‍ സൈന്യത്തിന് മുമ്പില്‍ കീഴടങ്ങാന്‍ ബെല്‍ബെക് വ്യോമ കേന്ദ്രത്തിലെ മേധാവി ഒലെഗ് പൊഡൊവ്‌ലോവ് സമ്മതിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ കേന്ദ്രത്തില്‍ നിന്ന് ഒഴിയാന്‍ റഷ്യന്‍ സൈനിക മേധാവികള്‍ ആവശ്യപ്പെട്ടതായും അല്ലാത്ത പക്ഷം ആക്രമണം നടത്തുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയതായും ഒലെക് കൂട്ടിച്ചേര്‍ത്തു. ഉക്രൈന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് പിടിച്ചെടുത്ത ശേഷം സൈനിക ആസ്ഥാനങ്ങളിലും കേന്ദ്രങ്ങളിലും റഷ്യന്‍ പതാക ഉയര്‍ത്തുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ക്രിമിയയിലെ സൈനിക ആസ്ഥാനങ്ങള്‍ ഉക്രൈന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദത്തിന് പിന്നാലെയാണ് റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം എന്നതും ശ്രദ്ധേയമാണ്.
അതിനിടെ, റഷ്യന്‍ സൈന്യത്തിന് പുറമെ ക്രിമിയന്‍ അതിര്‍ത്തിയിലും മറ്റുമുള്ള ഉക്രൈന്‍ സൈനികര്‍ക്ക് നേരെ റഷ്യന്‍ അനുഭാവികളായ പ്രക്ഷോഭകര്‍ ആക്രമണം നടത്തുന്നതും ഉക്രൈനിന് തിരിച്ചടിയായിട്ടുണ്ട്. ആയുധധാരികളായ സംഘം സൈനിക ആസ്ഥാനങ്ങളിലും മറ്റുമുള്ള ഉക്രൈന്‍ സൈനികര്‍ക്ക് നേരെ ബോംബെറിയുകയും മറ്റ് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest