തിരഞ്ഞെടുപ്പും വികസന കോപ്രായങ്ങളും

Posted on: March 23, 2014 6:00 am | Last updated: March 22, 2014 at 11:35 pm
SHARE

election aheadആളൊരുങ്ങി, അരങ്ങൊരുങ്ങി, അങ്കത്തട്ടില്‍ രാഷ്ട്രീയ ചേകവന്‍മാര്‍ അണിനിരന്നു. ഇനി പോരാട്ടമാണ്. ഗോദയില്‍ എതിരാളികളെ തറപറ്റിക്കുന്നതിനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കുകയാണ് ഓരോ പാര്‍ട്ടിയും. ചിലര്‍ക്ക് ആത്മവിശ്വാസം. മറ്റു ചിലര്‍ക്ക് അമിത വിശ്വാസം. വേറെയും ചിലര്‍ക്ക് അവിശ്വാസം. അന്തിമ വിജയം ആര്‍ക്കെന്നത് പ്രവചനാതീതം. പക്ഷേ, ഒടുക്കം തോല്‍ക്കന്നത് പൊതുജനമായിരിക്കുമെന്നത് നൂറുതരം. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതനിധികള്‍ ജനങ്ങളെ തോല്‍പ്പിക്കുന്ന ജനായത്ത വ്യവസ്ഥയുടെ മറുപേരാണിന്ന് ജനാധിപത്യം. അത് തിരിച്ചറിയുന്നതു കൊണ്ടാണ് കഴിഞ്ഞ അഞ്ചാണ്ടുകളില്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കു വേണ്ടി നിങ്ങളെന്തു ചെയ്തുവെന്ന് സ്ഥാനാര്‍ഥിയെ നേര്‍ക്കുനേര്‍ വിചരാണ ചെയ്യാന്‍ വോട്ടര്‍മാര്‍ ധൈര്യപ്പെടുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ ഈ രാഷ്ട്രീയ പ്രബുദ്ധത തന്നെയാണ്.

മോദിയും രാഹുലും
അങ്ങനെയാണ് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും ജനങ്ങളെ ധരിപ്പിച്ചിരിക്കുന്നത്. ഇത്തവണ പോരാട്ടം നരേന്ദ്ര മോദിയും രാഹുലും തമ്മിലാണെന്ന്. കോണ്‍ഗ്രസിന്റെ രണ്ടാം നിര നേതാക്കളും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടുമെന്തേ വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകാതിരുന്നത്? മോദിപ്രഭയെ നിഷ്പ്രഭമാക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ ഒറ്റമൂലിയെന്തേ വാരാണസിയില്‍ പ്രയോഗിക്കാത്തത്? രാഷ്ട്രീയത്തിലെ പുതുക്കക്കാരനായ കെജ്‌രിവാളിന്റെ രാഷ്ട്രീയ ധീരതയെങ്കിലും രാഹുല്‍ പ്രകടിപ്പിക്കേണ്ടതായിരുന്നു.
മോദിയോട് മുട്ടാന്‍ കോണ്‍ഗ്രസ് കളത്തിലിറക്കാന്‍ ഉദ്ദേശിച്ചിരുന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറെയായിരുന്നു പോല്‍. ഒരു ദേശീയ പ്രസ്ഥാനം ഇത്രക്ക് ദുര്‍ബലമായിപ്പോകരുത്. കോണ്‍ഗ്രസ് വിലാസത്തില്‍ രാജ്യസഭാംഗമായ സച്ചിന്‍ പാര്‍ലിമെന്റേറിയന്‍ എന്ന നിലയില്‍ അമ്പേ പരാജയമായിട്ടും മോദിയെ വെല്ലാന്‍ അദ്ദേഹത്തിന്റെ ക്രിക്കറ്റര്‍ പ്രഭാവം ഉപയോഗപ്പെടുത്താനുള്ള തീരുമാനം ഒരര്‍ഥത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആത്മഹത്യയായിരുന്നു. കഴിവുകള്‍ കൂട്ടിക്കുഴക്കരുതെന്ന് പറഞ്ഞത് ചിന്തകനായ എം എന്‍ വിജയനാണ്. രാഷ്ട്രീയത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പോലുമറിയാത്തവരെ സ്‌പോര്‍ട്‌സിന്റെയും സിനിമയുടെയുമൊക്കെ വെള്ളിവെളിച്ചത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും പാര്‍ലിമെന്ററി പദവികളിലേക്കും വിളിച്ചിറക്കി കൊണ്ടുവരുന്നതിന്റെ പരിണതി ജനങ്ങളുടെ രാഷ്ട്രീയ ജാഗ്രത അപ്രസക്തമാക്കപ്പെടുമെന്നതാണ്.

മോദി എന്ന മാധ്യമപ്രതിഷ്ഠ
നരേന്ദ്ര മോദിയെ മാധ്യമങ്ങള്‍ക്ക് സ്വീകാര്യനാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ? അദ്ദേഹം ഗുജറാത്തില്‍ നടത്തിയ വികസനമാണ് ഈ വാഴ്ത്തുപാട്ടുകളില്‍ മുഖ്യം. പത്രമോഫീസിലിരുന്ന് വാര്‍ത്തകള്‍ പടക്കുന്ന മാധ്യമരീതിയില്‍ മാത്രമേ ഇങ്ങനെയൊരു വികസന വിജയം അവകാശപ്പെടാന്‍ കഴിയൂ. അതുമല്ലെങ്കില്‍ പെയ്ഡ് ന്യൂസിന്റെ സാധ്യതകള്‍ മോദി ടീം നന്നായി ഉപയോഗിക്കുന്നു എന്നാണ് അനുമാനിക്കേണ്ടത്. മോദി വിമര്‍ശങ്ങളെ മതവത്കരിക്കാന്‍ ശ്രമിക്കുന്ന അപകടകരമായ സാഹചര്യവും നിലവിലുണ്ട്. ഗുജറാത്ത് കലാപ കാലത്ത് രണ്ടായിരത്തിലേറെ മുസ്‌ലിംകളെ കൊന്നൊടുക്കി എന്നതിനാല്‍ മുസ്‌ലിംകള്‍ മോദിക്കെതിരെ നിലപാട് സ്വീകരിക്കുന്നു എന്ന മട്ടില്‍ വിശകലനങ്ങളുണ്ടായിട്ടുണ്ട്. യഥാര്‍ഥത്തില്‍ മോദി മുസ്‌ലിംകളുടെ മാത്രം ശത്രുവാണെന്ന് വിശ്വസിക്കാന്‍ മതേതര പ്രവര്‍ത്തകര്‍ക്ക് കഴിയില്ല. മോദി മാനവരാശിയുടെ എതിര്‍പക്ഷത്ത് നിലയുറപ്പിച്ച ക്രൂരനായ ഭരണാധികാരിയാണ്. അദ്ദേഹം മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ശത്രുവാണ്. ഒരു മുസ്‌ലിം പള്ളി തകര്‍ക്കപ്പെടുമ്പോള്‍ അത് മുസ്‌ലിംകളുടെ മാത്രം നഷ്ടമായി കരുതുന്നത് ആത്യന്തികമായി ഫാഷിസത്തെ ശക്തിപ്പെടുത്തുകയും മതേതരത്വത്തെ ദുര്‍ബലപ്പെടുത്തുകയുമാണ് ചെയ്യുക. ഒരക്രമവും കൊലപാതകവും മതപരമായി വ്യാഖ്യാനിക്കപ്പെടുന്നത് ന്യായീകരിക്കാവതല്ല. ഒരാളുടെ മതം അയാള്‍ക്ക് മരണശിക്ഷ വിധിക്കാനുള്ള മാനദണ്ഡമായി മാറുന്നുവെങ്കില്‍ പിന്നെ നാം കാത്തുസൂക്ഷിച്ച മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് എന്ത് പ്രസക്തി? 2002ല്‍ മോദി ഗുജറാത്തില്‍ അരുംകൊല ചെയ്തത് ഒരു മത സമുദായത്തെയല്ല, രാജ്യത്തിന്റെ മനോഹരമായ മതേതര വിഭാവനകളെയാണ്. ബി ജെ പിയില്‍ അദ്വാനിക്കും വാജ്‌പേയിക്കും കിട്ടാത്ത സ്വീകാര്യത മോദിയെ തേടിയെത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല.

വികസന വീരസ്യങ്ങള്‍
മോദി വികസനനായകനായി എഴുന്നള്ളിക്കപ്പെടുന്നതുപോലെ മറ്റൊരസംബന്ധമാണ് സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കുന്ന എം പിമാര്‍ വികസന തുടര്‍ച്ചക്ക് വോട്ടഭ്യര്‍ഥിക്കുന്നത്. ഒരു എം പിയുടെ പ്രാഥമിക ചുമതല മണ്ഡലത്തിന്റെ വികസനമാണ്. അതിന് കോടിക്കണക്കിന് രൂപയാണ് ഓരോ എം പിക്കും അനുവദിക്കപ്പെടുന്നത്. അത് ചെലവഴിക്കാന്‍ ബാധ്യതപ്പെട്ട വ്യക്തി അത് സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നത് ബുദ്ധിശൂന്യമായ പ്രവൃത്തിയാണ്. അത് ഒരും എം പിയുടെയും എം എല്‍ എയുടെയും ഔദാര്യമല്ല. റോഡിനും പാലത്തിനും സ്‌കൂളിനും കോളജിനും എം പിക്കും എം എല്‍ എമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് കവലകളില്‍ പ്രത്യക്ഷപ്പെടുന്ന ബാനറുകളും ബോര്‍ഡുകളും ഒരു അശ്ലീല കാഴ്ചയാണെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം. അനുവദിച്ചിട്ടും ചെലവഴിക്കപ്പെടാത്ത ലക്ഷങ്ങളുടെ പേരില്‍ ജനപ്രതിനിധിയെ വിചാരണ ചെയ്യുന്ന ഒരു ബാനറും ബോര്‍ഡും പ്രത്യക്ഷപ്പെടുന്നില്ലെന്നത് ജനങ്ങളുടെ പരാജയവും എം പിയുടെയും എം എല്‍ എയുടെയും സന്തോഷവുമാണ്.
ജനങ്ങളുടെ ജീവല്‍പ്രദാനമായ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള വ്യഗ്രതയാണ് വികസന വായ്ത്താരികളില്‍ പ്രകടമാകുന്നത്. രൂക്ഷമായ വിലക്കയറ്റം, പെട്രോളിയം ഉത്പന്നങ്ങളുടെ ഇടക്കിടെയുള്ള വിലവര്‍ധന, സാമ്പത്തിക പ്രതിസന്ധി, കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള വഴിവിട്ട നീക്കങ്ങള്‍, ആധാറിന് വേണ്ടിയുള്ള ദുശ്ശാഠ്യം, പാചകവാതക വിതരണത്തിലെ പ്രശ്‌നങ്ങള്‍, ജനകീയ സമരങ്ങളോട് സ്വീകരിച്ച പിന്തിരിപ്പന്‍ നിലപാടുകള്‍..ഇതൊന്നും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകരുതെന്ന് രാഷ്ട്രീയ കക്ഷികള്‍ക്ക് നിര്‍ബന്ധമുണ്ട്. ജനങ്ങളുടെ മറവിയിലും നിസ്സംഗതയിലുമാണ് നേതാക്കള്‍ ജനാധിപത്യത്തിന്റെ സ്വര്‍ഗം തേടുന്നത്. മറവികള്‍ക്കും മൗനങ്ങള്‍ക്കുമെതിരെ ഓര്‍മകൊണ്ടും ശബ്ദം കൊണ്ടും പ്രതിരോധം തീര്‍ക്കാനുള്ള ധര്‍മമാണ് ഈ തിരഞ്ഞെടുപ്പില്‍ ഓരോ പൗരനും നിര്‍വഹിക്കാനുള്ളത്.

കഥ കേരളീയം
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ സാക്ഷരതയിലും പ്രബുദ്ധതയിലും മുന്‍പന്തിയിലാണ് കേരളം. പക്ഷേ, ഈ മികവിനെ പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയ കാഴ്ചകളല്ല ഇപ്പോള്‍ ദൃശ്യമാകുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങി മുന്നണി മാറ്റങ്ങള്‍ വരെയുള്ള വാര്‍ത്തകളില്‍ അസംബന്ധ നാടകത്തിന്റെ എല്ലാ ചേരുവകളുമുണ്ട്.
ആര്‍ എസ് പിയുടെ മുന്നണിമാറ്റമായിരുന്നു തിരഞ്ഞെടുപ്പുകാലത്തെ ഞെട്ടലുകളിലൊന്ന്. ദീര്‍ഘകാലമായുണ്ടായിരുന്ന ഇടതുബാന്ധവം അവസാനിപ്പിച്ച് സോഷ്യലിസ്റ്റ് വിപ്ലവ പാര്‍ട്ടി മറുകണ്ടം ചാടിയപ്പോള്‍ അവസരവാദ രാഷ്ട്രീയത്തിന്റെയും പാര്‍ലിമെന്ററി ദുരാഗ്രഹത്തിന്റെയും മറ്റൊരധ്യായം തുറക്കപ്പെടുകയായിരുന്നു. മാണി കോണ്‍ഗ്രസില്‍ നിന്ന് ജോസഫിനെ അടര്‍ത്തിയെടുത്ത് യു ഡി എഫിനെ ദുര്‍ബലപ്പെടുത്താന്‍ എല്‍ ഡി എഫ് വിശിഷ്യാ സി പി എം നേതൃത്വം ചരടുവലി നടത്തുമ്പോള്‍ ഐക്യമുന്നണിയുമായി രഹസ്യ സംഭാഷണം നടത്തുന്നുണ്ടായിരുന്നു ആര്‍ എസ് പി നേതൃത്വം. അതിന്റെ തുടര്‍ച്ചയായാണ് അവര്‍ മുന്നണി വിട്ടത്. അല്ലാതെ ഒരു സുപ്രഭാതത്തില്‍ അവര്‍ കൂടാരം മാറുകയായിരുന്നില്ല. സി പി എമ്മിനേറ്റ അപ്രതീക്ഷിത അടിയായി അതിനെ വിലയിരുത്താമെങ്കിലും ആത്യന്തികമായി ഈ ചുവടുമാറ്റം ആര്‍ എസ് പിയെ ക്ഷീണിപ്പിക്കും. ഒരു വലതുപക്ഷ കൂട്ടായ്മക്കകത്ത് നിന്നുകൊണ്ട് എങ്ങനെ രാഷ്ട്രീയാദര്‍ശങ്ങളും മൂല്യങ്ങളും സംരക്ഷിക്കുമെന്ന ദാര്‍ശനിക പ്രതിസന്ധിയിലേക്കാണ് ആര്‍ എസ് പി എടുത്തുചാടിയിരിക്കുന്നത്.
സമീപദിവസങ്ങള്‍ വരെയും കേരള രാഷ്ട്രീയം കസ്തൂരി (രംഗന്‍) മയമായിരുന്നു. റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള വാദകോലാഹലങ്ങളില്‍ അന്തരീക്ഷം ശബ്ദമുഖരിതമായിരുന്നു. വയനാട്, ഇടുക്കി ജില്ലകളെയാണ് റിപ്പോര്‍ട്ട് കാര്യമായി ബാധിക്കുകയെന്നതിനാല്‍ പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രവും ഇതുതന്നെയായിരുന്നു. രണ്ടിടങ്ങളിലുമുള്ളത് കോണ്‍ഗ്രസ് എം പിമാര്‍. പ്രക്ഷോഭത്തിന്റെ മുന്‍നിരയിലാകട്ടെ, എക്കാലവും കോണ്‍ഗ്രസിനെ പിന്തുണച്ച ക്രിസ്ത്യന്‍ സഭകള്‍. വയനാട്ടില്‍ എം ഐ ഷാനവാസ് നിലപാടികളില്ലാതുഴറി. ഇടുക്കിയില്‍ പി ടി തോമസ് നിലപാടെടുത്ത് കുഴങ്ങി. പി ടിക്ക് പ്രിയം ഗാഡ്ഗിലിനോടായിരുന്നു. ചുരുങ്ങിയ പക്ഷം ഗാഡ്ഗിലെങ്കിലും കൂടിയേ തീരു. എങ്കില്‍ മാത്രമേ പശ്ചിമ ഘട്ടം സംരക്ഷിക്കപ്പെടൂ എന്ന നിലപാടിലുറച്ചു നിന്നു പി ടി തോമസ്. ഫലം, ഇടുക്കി ബിഷപ്പ് കോപിച്ചു. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടു. എങ്കിലും തന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ പി ടി തോമസ് തയ്യാറായില്ലെന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതയെ വെളിപ്പെടുത്തുന്നു.

കാത്തുകാത്തിരുന്നിട്ടും
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി കോണ്‍ഗ്രസുമായി ബന്ധം വിച്ഛേദിച്ച് മാണി കോണ്‍ഗ്രസ് യു ഡി എഫ് വിട്ടുവരുമെന്ന് കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെ ചില സി പി എം നേതാക്കളെങ്കിലും വിശ്വസിച്ചിരുന്നു. ചുരുങ്ങിയ പക്ഷം ആഗ്രഹിച്ചിരുന്നു. ഇന്നു വരും, നാളെ വരും എന്ന മട്ടില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയും പ്രത്യക്ഷപ്പെട്ടു. മാണി യു ഡി എഫ് വിട്ടാല്‍ നിരാശപ്പെടേണ്ടിവരില്ലെന്നും മാണി മുഖ്യമന്ത്രിയാകാന്‍ സര്‍വഥാ യോഗ്യനെന്നും കോടിയേരി പറഞ്ഞു വെച്ചു. യക്ഷി പാര്‍ക്കും പാലച്ചുവട്ടില്‍ പാതിരാവിലെത്തിയ പാവം നസ്രാണികളുടെ ഗതിയാകും തന്നെ കാത്തിരിക്കുന്നതെന്ന് ഭയപ്പെട്ടത് കൊണ്ടാകാം. പാലായുടെ മണവാളന്‍ കരിങ്ങോഴയ്ക്കല്‍ മാണി ആ ക്ഷണം കേട്ടില്ലെന്ന് വെച്ചു. പിന്നീട് പി ജെ ജോസഫിന് നേരെയായി എല്‍ ഡി എഫിന്റെ കടക്കണ്ണേറ്. ജോസഫിനും ചലനശേഷി കുറഞ്ഞു. കൈ ചിലപ്പോള്‍ ഉയര്‍ത്തിയും മറ്റു ചിലപ്പോള്‍ താഴ്ത്തിയുമൊക്കെ ചിലതെല്ലാം പറഞ്ഞു. മറ്റു ചിലതൊന്നും പറഞ്ഞില്ല. എങ്കിലും പ്രതീക്ഷയോടെ എല്‍ ഡി എഫ് കാത്തിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിനെ ഇടുക്കിയില്‍ മത്സരിപ്പിക്കാന്‍ തയ്യാറെന്ന മട്ടില്‍ എം എം മണിയും പ്രസ്താവനയിറക്കി. തോണി കടവിനോടക്കുന്നുവെന്ന് തോന്നിച്ചപ്പോഴാണ് ഹൈറേഞ്ച് സംരക്ഷണ സമിതി, രാഷ്ട്രീയക്കാര്‍ മത്സരിച്ചാല്‍ പിന്തുണക്കില്ലെന്നറിയിച്ചത്. അതോടെ ഫ്രാന്‍സിസ് ജോര്‍ജിന്റെ വഴിയടഞ്ഞു. സി പി എമ്മിന്റെ മോഹങ്ങള്‍ മരിച്ചു. കോടിയേരിയുടെ മോതിരക്കൈ മരവിച്ചു. ഒടുക്കം ഹൈറേഞ്ച് സംരക്ഷണ സമിതി നിര്‍ദേശിച്ച വക്കീലിനെ സ്വന്തം സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച് സി പി എം മാനം കാത്തു.
പതിവുപോലെ രണ്ട് മുന്നണികള്‍ തമ്മിലുള്ള മത്സരമാണ് കേരളത്തില്‍ നടക്കാനിരിക്കുന്നത്. ആം ആദ്മിയും ആര്‍ എം പിയും ബി ജെ പിയുമെല്ലാം രംഗത്തുണ്ടെങ്കിലും ഒറ്റപ്പെട്ട മണ്ഡലങ്ങളിലൊഴിച്ച ത്രികോണ മത്സരത്തിന് പോലും സാധ്യതയില്ല. ഏറെക്കുറെ കമ്യൂണിസ്റ്റ് മുന്നണിയായി ചുരുങ്ങിയ എല്‍ ഡി എഫ് നേട്ടം കൊയ്താല്‍ അത് സി പി എമ്മിന്റെ രാഷ്ട്രീയ വിജയമായിരിക്കും. മറു ഭാഗത്ത് യു ഡി എഫ് മെച്ചപ്പെട്ട നില കൈവരിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടിയുടെ മാത്രം വിജയമായി വിലയിരുത്തപ്പെടും. അന്ന് വി എം സുധീരന്‍ പോലും ചിത്രത്തിലുണ്ടാകില്ലെന്നത് ഉറപ്പാണ്.

[email protected]