താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Posted on: March 22, 2014 5:34 pm | Last updated: March 23, 2014 at 1:09 am
SHARE

ppdy accid

താമരശ്ശേരി: പുതുപ്പാടി പഞ്ചായത്ത് ബസാറില്‍ ബൈക്ക് ആമ്പുലന്‍സിലിടിച്ച് 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു. പുതുപ്പാടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും കൈതപ്പൊയില്‍ വേഞ്ചേരി സ്വദേശികളുമായ ആനോറമ്മല്‍ മുഹമ്മദലിയുടെ മകന്‍ നിയാസ് (17), ഇബ്രാഹീം മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റമീസ് (17) എന്നിവരാണ് മരിച്ചത്. മറ്റൊരു സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന പുതുപ്പാടി കണ്ണപ്പന്‍കുണ്ട് ചെറുപ്ലാട് ജോണ്‍ (48), മകന്‍ ജോബിന്‍ (23) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു അപകടം.

പുതുപ്പാടി ഗവ. ഹൈസ്‌കൂളില്‍നിന്നും പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ ഇരുവരും സഞ്ചരിച്ച പള്‍സര്‍ ബൈക്ക് വയനാട്ടില്‍നിന്നും രോഗിയെയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആമ്പുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു. അടിവാരം ഭാഗത്തേക്കു പോവുകയായിരുന്ന ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് ആമ്പുലന്‍സില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നിയന്ത്രണം വിട്ട ബൈക്ക് അടിവാരം ഭാഗത്തേക്കുപോവുകയായിരുന്ന സ്‌കൂട്ടറിലും ഇടിച്ച് മറിഞ്ഞുവീഴുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ മൂവരെയും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരു വിദ്യാര്‍ത്ഥികളും മരിച്ചിരുന്നു.