മലപ്പുറത്ത് ഇ അഹമ്മദിനെതിരെ ഖാഇദേമില്ലത്തിന്റെ ചെറുമകന്‍

Posted on: March 22, 2014 5:04 pm | Last updated: March 24, 2014 at 12:04 pm
SHARE

e-ahammed-and-davoodമലപ്പുറം: മലപ്പുറം മണ്ഡലത്തില്‍ ഇ അഹമ്മദിനെതിരെ മുസ്ലിം ലീഗ് സ്ഥാപകന്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പൗത്രന്‍ മത്സരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ദാവൂദ് മിയാന്‍ഖാനാണ് അഹമ്മദിനെതിരെ മത്സരിക്കാന്‍ ഇന്ന് മലപ്പുറത്തെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അഹമ്മദിന് എതിരെയാണ് താന്‍ മത്സരിക്കുന്നതെന്നും ലീഗിനെതിരെ അല്ലെന്നും പത്രിക സമര്‍പ്പിച്ച ശേഷം അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.

മൂന്ന് തവണ ഖാഇദേമില്ലത്തിനെ വിജയിപ്പിച്ച മലപ്പുറത്തുകാര്‍ തന്നെയും വിജയിപ്പിച്ച് ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇടതുപക്ഷത്തിന് വേണ്ടി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറായിരുന്നുവെങ്കിലും മലപ്പുറത്ത് അവര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഒറ്റക്ക് മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

miyakhan nomination
മിയാഖാന്‍ മലപ്പുറം കലക്ടര്‍ മുമ്പാകെ പത്രിക നല്‍കുന്നു

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ദാവൂദ് മിയാഖാന്‍ പത്രിക സമര്‍പ്പിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള അനുയായികള്‍ അദ്ദേഹത്തെ അനുഗമിച്ചു. ദാവൂദ് മിയാഖാനെ സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.