സി എം പി അരവിന്ദാക്ഷന്‍ വിഭാഗം യു ഡി എഫ് വിട്ടു; കണ്ണൂരിലെ പാര്‍ട്ടി ഓഫീസ് പിടിച്ചെടുത്തു

Posted on: March 22, 2014 2:48 pm | Last updated: March 23, 2014 at 10:21 am
SHARE

cmp

തൃശൂര്‍: സി എം പിയിലെ അരവിന്ദാക്ഷന്‍ വിഭാഗം യു ഡി എഫ് മുന്നണി വിടാന്‍ തീരുമാനിച്ചു. തൃശൂരില്‍ ചേര്‍ന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. യു ഡി എഫ് തങ്ങളെ അവഗണിക്കുകയാണെന്നാണ് അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ പരാതി. ഘടക കക്ഷിയായിപ്പോലും തങ്ങളെ പരിഗണിക്കുന്നില്ലെന്ന് നേതാക്കള്‍ പറഞ്ഞു. സി പി ജോണിനെ മാത്രമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

രണ്ടു മാസങ്ങള്‍ക്ക് മുമ്പ് സി എം പിയില്‍ പിളര്‍പ്പുണ്ടായിരുന്നു. രണ്ട് ഘടകങ്ങളായി മുന്നണിയില്‍ തുടരാനനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ചയിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു.

അതിനിടെ കണ്ണൂരിലെ പാര്‍ട്ടി ഓഫീസ് അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തു. ഈ ഓഫീസ് ഇപ്പോള്‍ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുകയാണ്. ഇതേകുറിച്ച് അന്വേഷിക്കാനെത്തിയ സി പി ജോണ്‍ വിഭാഗത്തിലെ സി എ അജീറിനെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ഓഫീസ് പിടിച്ചെടുക്കാനുള്ള നീക്കത്തെ കൂടുതല്‍ പ്രവര്‍ത്തകരെ അണിനിരത്തി ചെറുക്കുമെന്ന് സി പി ജോണ്‍ വിഭാഗം നേതാക്കള്‍ പറഞ്ഞു.