Connect with us

Kozhikode

പ്രഖ്യാപനങ്ങള്‍ പലതരം; രാജ്യ പുരോഗതിക്ക് എല്ലാവരും അധികാരത്തില്‍ വരണം

Published

|

Last Updated

കോഴിക്കോട്: പരമാവതി വോട്ടുകള്‍ ശേഖരിക്കാന്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ പലതരമാണ്. രാജ്യത്തിന്റെ പുരോഗതിക്ക് എല്ലാവരും അധികാരത്തില്‍ വരേണ്ടിവരും. ഇന്നലെ പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ നടന്ന പ്രഖ്യാപനങ്ങള്‍ ഇത്തരത്തിലുള്ളതായിരുന്നു.
പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ടുള്ള ജനപക്ഷ വികസനം അനിവാര്യമെന്ന് ആര്‍ എം പി. അതേസമയം അഴിമതിയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ബി ജെ പി. “ദില്ലി ചലോ” മുഖാമുഖം പരിപാടിയിലാണ് വടകര, കോഴിക്കോട് മണ്ഡലത്തിലെ ആര്‍ എം പി സ്ഥാനാര്‍ഥികളായ അഡ്വ. പി കുമാരന്‍ കുട്ടി, അഡ്വ. എന്‍ പി പ്രതാപ് കുമാര്‍ എന്നിവരും വടകര മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി വി കെ സജീവനും ഇത്തരത്തില്‍ പ്രതികരിച്ചത്.
ദേശീയ പാതക്ക് 30 മീറ്റര്‍ വീതി മതി എന്നിരുന്നിട്ടും അത് 45 മീറ്ററില്‍ തന്നെ വേണമെന്ന് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ശാഠ്യം പിടിക്കുന്നു. ഇങ്ങനെ ആയിരക്കണക്കിന് സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നത് കോര്‍പ്പറേറ്റ് ശക്തികളെ സഹായിക്കാനാണ്. സ്വകാര്യവത്കരണത്തിലും ബി ഒ ടി വ്യവസ്ഥയിലും വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ആര്‍ എം പി സ്ഥാനാര്‍ഥികള്‍ പറഞ്ഞു.
എല്‍ ഡി എഫും യു ഡി എഫും ഒഴുകുന്ന നദിയുടെ ഇരുകരകളാണ്. ഇരു വിഭാഗവും ചെന്നെത്തുന്നത് കോര്‍പ്പറേറ്റുകളുടെ പിടിയിലാണ്. സാധാരണക്കാരന്റേതടക്കമുള്ള സമഗ്ര വികസനമാണ് ആവശ്യം. വിദ്യാഭ്യാസ രംഗത്ത് വികസനം അത്യാവശ്യമാണ്.
ഒരു സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം മാത്രം രാജ്യാന്തര നിലവാരത്തിലേക്ക് മാറ്റുന്നത് ശരിയല്ല. അത് പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കൂളില്‍ പഠിക്കാനുള്ള അവസരം നിഷേധിക്കലാകുമെന്നും ആര്‍ എം പി സ്ഥാനാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചു.
ഇത്തവണ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത് ബി ജെ പി നേതൃത്വം നല്‍കുന്ന മുന്നണിയും കോണ്‍ഗ്രസ് മുന്നണിയുമാണെന്ന് വി കെ സജീവന്‍ പറഞ്ഞു. എല്‍ ഡി എഫും യു ഡി എഫും ഒരേ തൂവല്‍ പക്ഷികളാണ്. കോണ്‍ഗ്രസിന്റെ അഴിമതി അനുകൂല നടപടി മൂലം രാജ്യത്ത് മോദിക്ക് വന്‍ പിന്തുണയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വടകര മണ്ഡലത്തില്‍ ഒരു മാറ്റം അനിവാര്യമാണ്. കുറേ നിഷ്ഠൂര കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന മണ്ഡലമാണത്.
എല്‍ ഡി എഫ് ജനപ്രതിനിധികള്‍ കുറ്റവാളികളെ സംരക്ഷിക്കുന്നെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ട്. അതുപോലെ നിലവിലുള്ള കോണ്‍ഗ്രസിന്റെ ജനപ്രതിനിധി പ്രശ്‌നപരിഹാരവുമുണ്ടാക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ബി ജെ പിയെ പിന്തുണക്കുമെന്നും അദ്ദേഹം പരഞ്ഞു.
പ്രസി ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എ വി ഷെറിന്‍ സംബന്ധിച്ചു.