Connect with us

Kozhikode

സമ്മതിദാനാവകാശ വിനിയോഗം കൂടുതല്‍ സുഗമമാക്കും: കലക്ടര്‍

Published

|

Last Updated

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുഗമമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ പൂര്‍ത്തിയാകുന്നതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു. ഭീഷണിയോ തടസ്സപ്പെടുത്തലോ ഇല്ലാതെ വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തും.
ക്രമസമാധാനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വോട്ടെടുപ്പു ദിവസവും അതിനു മുമ്പുള്ള ഇരുപത്തിനാല് മണിക്കൂറും മദ്യവിതരണം പൂര്‍ണ്ണമായും നിര്‍ത്തിവെക്കും. സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും അംഗീകൃത പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും ബാഡ്ജും ജില്ലാ ഭരണകൂടം വിതരണം ചെയ്യും. സമ്മതിദായകര്‍ക്ക് നല്‍കുന്ന വെള്ളകടലാസ്സിലുള്ള സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥിയുടെയോ പാര്‍ട്ടിയുടെയോ പേരോ എന്തെങ്കിലും ചിഹ്നമോ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനും നടപടിയുണ്ടാകും. ഇത്തവണ പോളിംഗ് ദിവസം ഉദ്യോഗസ്ഥരുടെ യാത്രക്ക് ജില്ലയിലെ സ്‌കൂള്‍ കോളജ് ബസുകള്‍ ഉപയോഗിക്കും.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായ വിവിധ നടപടിക്രമങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയാകുകയാണെന്നും കലക്ടര്‍ അറിയിച്ചു. ഇലക്ഷന്‍ കമ്മിഷന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുള്ള സൗകര്യങ്ങള്‍ ബൂത്തുകളില്‍ ക്രമീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സാങ്കേതിക പരിശോധന പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കി വിവിധ ഘട്ടങ്ങളായുള്ള പരിശീലന പരിപാടി തുടങ്ങി. പെരുമാറ്റച്ചട്ട പാലനം ഉറപ്പാക്കുന്നതിനും പ്രചാരണ ചെലവ് വിലയിരുത്തുന്നതിനുമുള്ള നിരീക്ഷകര്‍ ജില്ലയിലെത്തിയ സാഹചര്യത്തില്‍ ഇവര്‍ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി.
ഇലക്ഷന്‍ കമ്മിഷന്റെ മാര്‍ഗ്ഗ രേഖകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് അതീവ ഗൗരവത്തോടെയുള്ള നടപടി സ്വീകരിക്കും. സുരക്ഷിതവും സമാധാന പൂര്‍ണ്ണവുമായ തിരഞ്ഞെടുപ്പിനായി പൊതുജനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.