ഇനി യൂറോപ്പിന്റെ ‘സ്വന്തം’ ഉക്രൈന്‍

Posted on: March 22, 2014 7:45 am | Last updated: March 22, 2014 at 7:45 am
SHARE
eu_ukraine1
ഇ യു രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ക്കൊപ്പം ഉക്രൈന്‍ ഇടക്കാല പ്രധാനമന്ത്രി അര്‍സെനി യാത്‌സന്യുക്‌

ബ്രസല്‍സ്: ക്രിമിയന്‍ മേഖല റഷ്യന്‍ ഫെഡറേഷന്റെ ഭാഗമായതിനിടെ ഉക്രൈനുമായി യൂറോപ്യന്‍ യൂനിയന്‍ ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചു. റഷ്യയുമായുള്ള ബന്ധം സ്ഥാപിക്കാനും രാജ്യത്തെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുത്താനുമായി അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ച് ഒപ്പുവെക്കാതെ വിട്ടുനിന്ന കരാറിലാണ് ഉക്രൈന്‍ നേതാക്കള്‍ ഒപ്പുവെച്ചത്.
ഉക്രൈനില്‍ പാശ്ചാത്യ ശക്തികള്‍ ഇടപെടുന്നതിന്റെയും സംരക്ഷണമൊരുക്കുന്നതിന്റെയും പ്രതീകമാണ് ഇന്നലെ ഒപ്പുവെച്ച കരാര്‍. ഇത്തരമൊരു കരാറിനെച്ചൊല്ലിയാണ് പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിനെതിരെ പ്രക്ഷോഭം തുടങ്ങിയതും അദ്ദേഹത്തിന് അധികാരം വിട്ടൊഴിയേണ്ടി വന്നതും. ഒടുവില്‍ ഉക്രൈനില്‍ നിന്ന് ക്രിമിയ വിട്ടു പോകുമ്പോള്‍ കരാര്‍ യാഥാര്‍ഥ്യമാകുകയാണ്. സാമ്പത്തിക സഹകരണം മുതല്‍ നീതിന്യായ പരിഷ്‌കാരം വരെ നീളുന്ന നിരവധി വിഷയങ്ങളടങ്ങുന്നതാണ് കരാര്‍. 1200 പേജുള്ള കരാറിന്റെ മൂന്ന് അധ്യായങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നത്. ആകെ ഏഴ് അധ്യായങ്ങളാണ് ഉള്ളത്.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, ജനാധിപത്യ തത്വങ്ങള്‍ പാലിക്കുക, സ്വതന്ത്ര വിപണി വ്യവസ്ഥ സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഒന്നാം അധ്യായത്തിലുള്ളത്. ഈ ദിശയിലുള്ള ചുവടുവെപ്പുകള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ സാമ്പത്തിക പിന്തുണ നല്‍കും. ഇ യുവും ഉക്രൈനും തമ്മില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് സ്ഥിരം സംവിധാനമായി ‘അസോസിയേഷന്‍ കൗണ്‍സില്‍’ രൂപവത്കരിക്കണമെന്നാണ് രണ്ടാം അധ്യായത്തില്‍ പ്രധാനമായും പറയുന്നത്. ഇപ്പോള്‍ നിലവില്‍ വരുന്ന കരാറിലെ ഏഴാം അധ്യായം ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു കൂട്ടം നിര്‍ദേശങ്ങളാണ് ഉള്ളത്.
ഒരേ ചരിത്രം പങ്കുവെക്കുന്ന യൂറോപ്യന്‍ രാജ്യമായാണ് കരാറിന്റെ ആമുഖത്തില്‍ ഉക്രൈനിനെ പരിചയപ്പെടുത്തുന്നത്. ഇടക്കാല സര്‍ക്കാറാണ് ഒപ്പു വെക്കുന്നത് എന്നതിനാല്‍ കരാറിന്റെ അന്താരാഷ്ട്ര സാധുതയില്‍ സംശയമുയര്‍ന്നിട്ടുണ്ട്. മെയ് 25ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുവരെ ഇടക്കാല പ്രധാനമന്ത്രി ആര്‍സെനി യാത്‌സന്യുക് സര്‍ക്കാറിനെ നയിക്കും.
ഉക്രൈനുമായി പ്രതിവര്‍ഷം 50 കോടി യൂറോയുടെ വ്യാപാരം ഉറപ്പാക്കുമെന്ന് ഇ യു നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.