സോണിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരക്കണം: യു എസ് കോടതി

Posted on: March 22, 2014 6:00 am | Last updated: March 22, 2014 at 7:43 am
SHARE

sonia tearsജലന്ധര്‍: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോട് ഏപ്രില്‍ ഏഴിന് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് അമേരിക്കന്‍ കോടതി ഉത്തരവിട്ടു. അമേരിക്കയിലെ സിഖ് സംഘടന സോണിയക്കെതിരെ നല്‍കിയ അവകാശ ലംഘനക്കേസിനോട് അനുബന്ധിച്ചാണ് ഉത്തരവ്. 2013 സെപ്തംബര്‍ രണ്ട് മുതല്‍ ഒമ്പത് വരെ താന്‍ അമേരിക്കയിലുണ്ടായിരുന്നില്ലെന്ന് അവകാശപ്പെട്ട് സോണിയ കോടതിക്ക് സത്യപ്രസ്താവന നല്‍കിയിരുന്നു.
സത്യപ്രസ്താവനയില്‍ പറഞ്ഞപ്രകാരം അമേരിക്കയിലില്ലായിരുന്നുവെന്ന് തെളിയിക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് കോടതി പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. 1984ലെ സിഖ് കൂട്ടക്കൊലക്ക് ഉത്തരവാദികളായവരെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് സിഖ് സംഘടന സോണിയക്കെതിരെ കേസ് ഫയല്‍ ചെയ്തത്. കേസില്‍ എതിര്‍കക്ഷിയായ സോണിയ സത്യപ്രസ്താവനയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉറപ്പിക്കുന്നതിന് തീര്‍ച്ചയായും ചില രേഖകള്‍ സമര്‍പ്പിക്കണമെന്ന് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി പറഞ്ഞു.
അമേരിക്കയില്‍ വന്നതിനും തിരിച്ചുപോയതിനുമുള്ള തെളിവുകള്‍ പരിശോധിക്കുന്നതിനാണ് പാസ്‌പോര്‍ട്ട് പകര്‍പ്പ് ഹാജരാക്കേണ്ടതെന്നും കോടതി പറഞ്ഞു. ചികിത്സാ ആവശ്യാര്‍ഥം അമേരിക്കയിലെത്തിയ സോണിയ ഗാന്ധിക്ക് ഇവരുടെ സ്റ്റാഫ് മുഖേന സമന്‍സ് നല്‍കിയിരുന്നുവെന്ന് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ( എസ് ജെ എഫ്) എന്ന സംഘടന കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. എന്നാല്‍ നിയമപരിപാലന അധികാരമില്ലാത്ത കേസില്‍ താന്‍ വ്യക്തിപരമായി അമേരിക്കന്‍ കോടതിയുടെ ഉത്തരവ് കൈപ്പറ്റിയിട്ടില്ലെന്ന് ജനുവരി പത്തിന് നല്‍കിയ സത്യപ്രസ്താവനയില്‍ സോണിയ വ്യക്തമാക്കിയിരുന്നു.