പി ഡി പി നിലപാട് കര്‍ണാടക സര്‍ക്കാറിന്റെ നിലപാടനുസരിച്ച്

Posted on: March 22, 2014 7:36 am | Last updated: March 22, 2014 at 7:36 am

തിരുവനന്തപുരം: ഈ മാസം 28ന് മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടനുസരിച്ചായിരിക്കും പി ഡി പിയുടെ തിരഞ്ഞെടുപ്പ് നിലപാടെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. കോടതി വിധി വന്നശേഷം തിരഞ്ഞെടുപ്പ് നിലപാട് ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി പ്രഖ്യാപിക്കും.ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്ത ബി ജെ പിയേക്കാള്‍ കൂടുതല്‍ ദ്രോഹിക്കുന്നത് ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്‍ക്കാറാണെന്ന് പി ഡി പി നേതാക്കള്‍ ആരോപിച്ചു.
നേരത്തെ ആഴ്ചയില്‍ രണ്ട് തവണ ബന്ധുക്കള്‍ക്ക് ജയില്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നത് ഇപ്പോള്‍ ഒരു തവണയായി ചുരുക്കി.
നിരവധി രോഗങ്ങളാല്‍ ഗുരുതരമായ ആരോഗ്യ സ്ഥിതിയുള്ള മഅ്ദനിക്ക് ചികിത്സ നിഷേധിക്കുകയും ജാമ്യം നല്‍കുന്നത് തടസ്സപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേസിലെ ഒന്നം പ്രതി തടിയന്റവിടെ നസീറിന് ജയിലില്‍ ലഭിക്കുന്ന പരിരക്ഷ പോലും 31-ാം പ്രതിയായ മഅ്ദനിക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തനിടെ ജാമ്യത്തിനായി പല തവണ മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതിയെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ ജാമ്യം തടസ്സപ്പെടുത്തുകയായിരുന്നു. അതേ സമയം ഈ മാസം 28ന് സുപ്രീം കോടതി ജാമ്യം നിഷേധിക്കുന്ന സ്ഥിതിയുണ്ടായാല്‍ മഅ്ദനിയുടെ മോചനമാവശ്യപ്പെട്ട് പി ഡി പി നേതാക്കള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം ലോക്‌സഭാ മണ്ഡലത്തിലേക്കും വ്യാപിപ്പിക്കും.
28 മുതല്‍ കൊല്ലം ചിന്നക്കട പ്രസ് ക്ലബ്ബ് മൈതാനം, മാവേലിക്കര ചാരുംമൂട് ജംഗ്ഷന്‍, പത്തനംതിട്ട ഈരാറ്റുപേട്ട, ആലപ്പുഴ ടൗണ്‍, എറണാകുളം ഹൈക്കോടതി ജംഗ്ഷന്‍, പെരുമ്പാവൂര്‍ ജംഗ്ഷന്‍, തൃശൂര്‍ ജംഗ്ഷന്‍, പട്ടാമ്പി ടൗണ്‍, തിരൂര്‍ ടൗണ്‍, കൊയിലാണ്ടി ജംഗ്ഷന്‍, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് വോട്ടെണ്ണുന്ന മെയ് പത്തിന് വൈകുന്നേരം ആറ് മണി വരെ നിരാഹാരം നടത്തുക.