വിവാദ എസ് ഐ ലിസ്റ്റ്: ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പി എസ് സി അപ്പീല്‍ പോകും

Posted on: March 22, 2014 7:28 am | Last updated: March 22, 2014 at 7:28 am
SHARE

തിരുവനന്തപുരം: വിവാദ എസ് ഐ ലിസ്റ്റ് സംബന്ധിച്ച സംസ്ഥാന അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ പി എസ് സി തീരുമാനം. എസ് ഐ ലിസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് നിലവിലെ സംയോജിത ലിസ്റ്റ് റദ്ദാക്കി പ്രധാന ലിസ്റ്റും സപ്ലിമെന്ററി ലിസ്റ്റും ഈ മാസം 20 ന് മുന്‍പ് പ്രസിദ്ധീകരിക്കാനാണ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും ഉത്തരവ് നടപ്പാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതിനെതിരെ അപ്പീല്‍ പോകാന്‍ പി എസ് സി തീരുമാനമെടുത്തിരിക്കുന്നത്.
വിവാദ എസ് ഐ ലിസ്റ്റിനെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഡി ജി പി നേരത്തെ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും പി എസ് സിയുടെ നടപടികള്‍ അന്വേഷിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവയൊന്നും ചെയ്യാതെ തുടക്കം മുതല്‍ അവസാനം വരെ അനര്‍ഹരെ കുത്തിനിറച്ച ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനാണ് സര്‍ക്കാറിന്റെ നീക്കം. ഇതിന് പി എസ് സിയുടെ പൂര്‍ണ പിന്തുണയും ലഭിച്ചു. സംയോജിത ലിസ്റ്റ് പ്രസിദ്ധീകരിച്ചത് നിയമ വിരുദ്ധമായിട്ടാണെന്നും അനര്‍ഹര്‍ ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുണ്ടെന്നും സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് പ്രധാന ലിസ്റ്റും സപ്ലിമെന്ററി ലിസ്റ്റും വേര്‍തിരിച്ച് പ്രസിദ്ധീകരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഈ മാസം 20ന് മുമ്പ് ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പി എസ് സി യോഗത്തില്‍ മിക്ക മെമ്പര്‍മാരും എതിര്‍ത്തിട്ടും ഇതിനെതിരെ അപ്പീല്‍ നല്‍കണമെന്ന തീരുമാനത്തില്‍ ചെയര്‍മാന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അതേസമയം വിവാദമായ ഡെപ്യൂട്ടി കലക്ടര്‍ നിയമനത്തിനുള്ള സംയോജിത ലിസ്റ്റ് മാറ്റാന്‍ പി എസ് സി തയ്യാറായിരുന്നു.