Connect with us

Editorial

കത്തുന്ന വേനലില്‍ ഉരുകുന്ന കേരളം

Published

|

Last Updated

കടുത്ത വേനല്‍ ചൂടില്‍ കത്തി ഉരുകുകയാണ് കേരളം. തുലാവര്‍ഷത്തിന്റെയും വേനല്‍മഴയുടെയും കുറവാണ് താപനില ക്രമാതീതമായി ഉയര്‍ത്തുന്നത്. സാധാരണഗതിയില്‍ ഇടവപ്പാതി, തുലാവര്‍ഷം, വേനല്‍ മഴ എന്നിങ്ങനെ സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി ആവശ്യത്തിന് മഴ ലഭിക്കാറുണ്ട്. ഇത്തവണ ഇടവപ്പാതിയില്‍ ഏറെക്കുറെ നല്ല മഴ ലഭിച്ചെങ്കിലും തുലാവര്‍ഷം കുറവായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്ത് വേണ്ടത്ര മഴ ലഭിക്കുന്നുമില്ല. 2003 ല്‍ സാധാരണത്തേക്കാള്‍ 27 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. 2012 ലെ മഴലഭ്യത 35 ശതമാനവും 2011 ല്‍ 13 ശതമാനവും കുറവായിരുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കടുത്ത വേനലില്‍ താപനിലയുടെ പരമാവധി ഉയര്‍ച്ച മുന്‍ വര്‍ഷങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. ഈ വര്‍ഷം പാലക്കാട്ട് ഇതിനകം തന്നെ 41 ഡിഗ്രി സെല്‍ഷ്യസായി അതുയര്‍ന്നിട്ടുണ്ട്. ഒരു ദശകത്തിനുള്ളില്‍ കേരളത്തിലെ താപനിലയില്‍ ഒരു ഡിഗ്രിയുടെ വര്‍ധനയുണ്ടായതായി കാലാവസ്ഥാ ഗവേഷണകേന്ദ്രം അടുത്തിടെ വ്യക്തമാ ക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മാര്‍ച്ചിലെ പതിവ് താപനിലയേക്കാളും മൂന്നു മുതല്‍ അഞ്ച് ഡിഗ്രി വരെ ഉയര്‍ന്നിട്ടുണ്ട് ഇത്തവണ. വേനല്‍മഴയായിരുന്നു ശക്തമായ വേനല്‍ ചൂടിനെ പ്രതിരോധിച്ചിരുന്നത്. ഇക്കൊല്ലം വേനല്‍മഴ ദുര്‍ബലമാണ്. ലഭിക്കുന്ന മഴ ചെറിയ പ്രദേശങ്ങളില്‍ മാത്രവുമായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴയുടെ ഘടനയില്‍ ഗണ്യമായ വ്യതിയാനമാണ് അനുഭവപ്പെടുന്നത്.
കൊടിയ വേനല്‍ച്ചൂടിന്റെ അനന്തര ഫലങ്ങളായ സാംക്രമിക രോഗങ്ങള്‍, സൂര്യാഘാതം, കുടിവെള്ള ക്ഷാമം തുടങ്ങിയവ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഇതിനകം 18 പേര്‍ക്ക് സൂര്യാഘാതമേല്‍ക്കുകയുണ്ടായി. അടുത്ത കാലം വരെ അത്യപൂര്‍വമായിരുന്നു കേരളത്തില്‍ സൂര്യാഘാത ബാധ. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപ നില വര്‍ധിക്കുന്നതോടെ സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത ഇനിയും കൂടുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴില്‍സമയം സര്‍ക്കാര്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയായി ക്രമീകരിക്കുകയും ഉച്ചക്ക് 12 മുതല്‍ 3 മണി വരെ അവര്‍ക്ക് വിശ്രമം നല്‍കണമെന്ന് നിര്‍ദേശിച്ചിരിക്കയുമാണ്.
മഞ്ഞപ്പിത്തം, ചിക്കന്‍ പോക്‌സ്, ടൈഫോയ്ഡ്, മൂത്രാശയരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ വേനല്‍ക്കാല സാംക്രമിക രോഗങ്ങളും എങ്ങും പടരുന്നുണ്ട്. കോഴിക്കോട്ടെ വിവിധ കോളജുകളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ഥികളെ മഞ്ഞപ്പിത്തം വ്യാപമായി ബാധിച്ചതിനാല്‍ സ്ഥാപനങ്ങള്‍ അടച്ചിടുകയുണ്ടായി. കൊതുകകളുടെ വ്യാപനവും കുടിവെള്ളത്തിന്റെ അപര്യാപ്തതയും മലിനീകരണവുമാണ് ഇത്തരം രോഗങ്ങളുടെ അടിസ്ഥാന കാരണം. പൊതുനിരത്തുകളുടെ ഇരുവശങ്ങളില്‍ സ്ഥലംപിടിച്ച ശീതള പാനീയ കടകള്‍ക്കും ഐസ് കച്ചവടങ്ങള്‍ക്കും ഇത്തരം സാംക്രമിക രോഗങ്ങളുടെ വര്‍ധനയില്‍ ചെറുതല്ലാത്ത പങ്കുണ്ട്. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ശീതളപാനീയങ്ങളുടെ വില്‍പ്പന. പല ഐസ് നിര്‍മാണ പ്ലാന്റുകളിലും ഉപയോഗിക്കുന്നത് മലിന ജലമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതുമാണ്.
വേനല്‍ കനത്തതോടെ കിണറുകളും കുളങ്ങളും വരണ്ടു തുടങ്ങി. തോട്ടം ഉടമകള്‍ വന്‍തോതില്‍ വെള്ളം പമ്പ് ചെയ്തു തുടങ്ങിയതോടെ നദികളും വറ്റിവരളുകയായി. കുടങ്ങളും ബക്കറ്റുകളുമേന്തി കുടിവെള്ളം തേടിയിറങ്ങുന്ന സ്ത്രീകളുടെയും കുട്ടികളുടെയും നിരകള്‍ സംസ്ഥാനത്തെങ്ങും ദൃശ്യമാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രമല്ല, താഴ്ന്ന പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും കൃഷികളെയും ജലക്ഷാമം ബാധിച്ചിട്ടുണ്ട്. നെല്‍ കൃഷി ഉണങ്ങിയും വാഴകള്‍ ഒടിഞ്ഞും നശിച്ചു കൊണ്ടിരിക്കുന്നു. പാലക്കാട്ട് വെള്ളം ലഭിക്കാത്തതിനാല്‍ വിളയാത്ത നെല്‍വയലുകള്‍ ഉടമകള്‍ തീയിട്ടു നശിപ്പിച്ച സംഭവം വരെയുണ്ടായി. ആവശ്യത്തിന് ശുദ്ധജലം ലഭിക്കാത്തത് പല പ്രദേശങ്ങളിലും ലോറികളില്‍ വെള്ളം എത്തിക്കാനുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നീക്കങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വരള്‍ച്ചാ ദുരിതാശ്വാസത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉടനെ സര്‍വ കക്ഷിയോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ എല്ലാവരുടെയും ശ്രദ്ധ ആ വഴിക്കായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ കാലതാമസം നാശനഷ്ടങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കാനിടയാക്കുകയും ജനങ്ങളുടെ ദുരിതം അസഹനീയമാക്കുകയും ചെയ്യുന്നതിനാല്‍ അധികൃതര്‍ ഉണര്‍ന്നു പ്രവൃത്തിക്കുകയും യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

Latest