ലീഡര്‍ പറഞ്ഞു; ചാള്‍സ് സ്ഥാനാര്‍ഥിയായി

  Posted on: March 22, 2014 1:06 am | Last updated: March 22, 2014 at 1:06 am
  SHARE

  THAROOR1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന തലസ്ഥാനത്ത് ആരും പ്രതീക്ഷിക്കാത്ത ഒരു പേരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലിടം പിടിച്ചത്. സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതാകട്ടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യന്‍ കെ കരുണാകരനും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പേരു പുറത്തുവന്നപ്പോള്‍ പലരും നെറ്റി ചുളിച്ചു- എ ചാള്‍സ്. 80ലെ തിരഞ്ഞെടുപ്പില്‍ എം എന്‍ ഗോവിന്ദന്‍ നായരെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയ നീലലോഹിതദാസന്‍ നാടാരോട് ഏറ്റുമുട്ടാന്‍ ശേഷിയുള്ള ചാള്‍സ് ആരെന്നായിരുന്നു പലരുടെയും ചോദ്യം. പുതുമുഖമെന്ന നിലയില്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന എതിര്‍പ്പുകളെ തൂത്തെറിഞ്ഞ് ചാള്‍സിന്റെ സ്ഥാനാര്‍ഥിത്വം ലീഡര്‍ ഉറപ്പിച്ചു. ലീഡറുടെ ചുവടു പിഴച്ചില്ല എന്ന് ഹാട്രിക് വിജയം നേടി ചാള്‍സ് തെളിയിച്ചു.
  തിരഞ്ഞെടുപ്പുകള്‍ പിന്നീട് പലകുറി കടന്നു പോയെങ്കിലും തലസ്ഥാനത്ത് ചാള്‍സിന്റെ ഹാട്രിക് വിജയത്തെ മറികടക്കാന്‍ ഒരു പാര്‍ട്ടിയിലെയും സമുന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്കായിട്ടില്ല. നിശ്ചയിച്ചുറപ്പിച്ചതു പോലെയായിരുന്നു കരുണാകരന്റെ തിരഞ്ഞെടുക്കല്‍. രാഷ്ട്രീയ രംഗത്തുനിന്നു വിട്ട ചാള്‍സ് ഇപ്പോള്‍ കുമാരപുരം ബര്‍മറോഡില്‍ മകനോടൊപ്പം വിശ്രമജീവിതത്തിലാണെങ്കിലും സജീവ രാഷ്ട്രീയ സംഭവങ്ങളില്‍ ഇന്നും ജാഗ്രതയിലാണ്. രാഷ്ട്രീയ പാരമ്പര്യമില്ലാതെ വന്ന ചാള്‍സ് സാമുദായിക പിന്തുണകൊണ്ടാണ് ആദ്യ വിജയം ഉറപ്പിച്ചത്. പിന്നീട് എം പി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിലൂടെ വിജയം ആവര്‍ത്തിക്കുകയും ചെയ്തു. അന്ന് സ്ഥാനാര്‍ഥിയായി നിര്‍ണയിക്കപ്പെട്ടതിനെക്കുറിച്ച് വാചാലനാകുമ്പോള്‍ ചാള്‍സിന്റെ കണ്ണുകളില്‍ അന്നുണ്ടായ അതേ തിളക്കം.
  ലീഡര്‍ വിളിച്ചു, താന്‍ പോന്നു. ഇതാണ് തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചാള്‍സിന് പറയാനുള്ളത്. ദക്ഷിണ കേരള മഹാഇടവക സെക്രട്ടറിയായിരുന്ന ചാള്‍സ് സമുദായാംഗങ്ങളുടെ പ്രശ്‌നങ്ങളുമായി കരുണാകരനെ കാണാന്‍ പോകുമായിരുന്നു. അതായിരുന്നു അദ്ദേഹവുമായുള്ള പരിചയം. ആ സമയത്ത് പി എസ് സി ബോര്‍ഡ് മെമ്പറായിരുന്നു ചാള്‍സ്. സ്ഥാനാര്‍ഥിയാകണമെന്ന് ലീഡര്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം ചാള്‍സ് സമ്മതിച്ചില്ല, പിന്നീട് നിര്‍ബന്ധിച്ചപ്പോളും വിസമ്മതം പ്രകടിപ്പിച്ചു. ജോലി രാജിവെച്ച് തിരുവനന്തപുരം സീറ്റില്‍ മത്സരിക്കണം. അല്ലെങ്കില്‍ സമുദായം എന്നൊക്കെപ്പറഞ്ഞ് ഇനി തന്റെ മുന്നില്‍ വരരുത് എന്നായിരുന്നു കരുണാകരന്റെ അവസാന നിര്‍ദേശം. കരുണാകരന്റെ ശാഠ്യത്തിനു മുന്നില്‍ തലകുനിക്കേണ്ടിവന്ന ചാള്‍സ് അങ്ങനെ സജീവ രാഷ്ട്രീയക്കാരനായി.
  സമുദായത്തിന്റെ പിന്തുണയോടെ വിജയിച്ചെങ്കിലും പിന്നീട് എല്ലാ സമുദായങ്ങളും തന്നെ ചാള്‍സിനെ പിന്തുണച്ചു. 84ലെ തിരഞ്ഞെടുപ്പിനു ശേഷം പിന്നീട് രണ്ട് പ്രാവശ്യം തലസ്ഥാനം ചാള്‍സിനൊപ്പം നിന്നു. 89ല്‍ ഒ എന്‍ വി കുറുപ്പിനെയും 91ല്‍ ഇ ജെ വിജയമ്മയെയും തോല്‍പ്പിച്ചാണ് ചാള്‍സ് ഹാട്രിക്കിട്ടത്. 96ല്‍ നാലാം തവണ മത്സരിച്ചെങ്കിലും കെ വി സുരേന്ദ്രനാഥിനോട് തോറ്റു.
  എതിരാളിയെ തകര്‍ക്കാന്‍ ലീഡര്‍ക്ക് പല തന്ത്രങ്ങളുമുണ്ടായിരുന്നു. ചാള്‍സിന്റെ ആദ്യ മത്സരവേളയില്‍ രാത്രി പുലരുവോളമായിരുന്നു പ്രചാരണം. ഇന്നത്തെ പോലെ പ്രചാരണം പത്ത് മണിക്ക് നിര്‍ത്തേണ്ട. രാവിലെ എട്ട് മണിക്ക് തുടങ്ങും. രാത്രി ഒരു മണിയൊക്കെ കഴിയുമ്പോള്‍ സ്ഥാനാര്‍ഥി ഉറങ്ങി വീഴാന്‍ തുടങ്ങും. മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്തും. രണ്ടാം തവണ ഇതെല്ലാം മാറി. പിന്നീടങ്ങോട്ട് രാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍ ചാള്‍സ് ഉത്സാഹഭരിതനാകും. തിരുവനന്തപുരത്തിനുവേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുവെന്ന് അദ്ദേഹം അഭിമാനിക്കുന്നു.