Connect with us

Ongoing News

വിലക്കയറ്റത്തിന്റെ ദുരിതം; ആധാറില്‍ ആശ്വാസം

Published

|

Last Updated

വിവാദങ്ങളുടെ കുത്തൊഴുക്കില്‍ ചര്‍ച്ചയാകാതെ പോകുന്ന ജീവല്‍ പ്രശ്‌നങ്ങളില്‍ മുഖ്യം വിലക്കയറ്റമാണ്. വിലക്കയറ്റം “രാഷ്ട്രീയ” ചര്‍ച്ചകള്‍ക്കുള്ള ഒരു ആയുധം മാത്രമാകുമ്പോള്‍ ജനം അനുഭവിക്കുന്ന ദുരിതം അങ്ങനെ തന്നെ തുടരുന്നു. ഇക്കാര്യങ്ങളുയര്‍ത്തി പ്രതിപക്ഷം ജനങ്ങളെ സമീപിക്കുമ്പോള്‍ സാഹചര്യങ്ങള്‍ നേരിടാന്‍ സ്വീകരിച്ച ബദല്‍ നടപടികള്‍ ഉയര്‍ത്തിക്കാട്ടിയാകും ഭരണപക്ഷം ഇതിനെ പ്രതിരോധിക്കുക. ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ എതിര്‍പ്പുയര്‍ത്തുന്ന കാര്യത്തിലെങ്കിലും കക്ഷി രാഷ്ട്രീയം മറന്ന് യോജിക്കാന്‍ കേരളം മനസ്സുകാട്ടിയിട്ടുണ്ട്.

പെട്രോളിയം വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് കൈമാറിയതാണ് രൂക്ഷമായ വിലക്കയറ്റത്തിന്റെ അടിസ്ഥാനം. രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ച യു പി എ സര്‍ക്കാറിന്റെ ഈ തീരുമാനം കേന്ദ്ര സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരം സൃഷ്ടിച്ചിട്ടുണ്ട്. യു പി എയുടെ ഈ തീരുമാനത്തെ കേരളത്തിലെ കോണ്‍ഗ്രസും യു ഡി എഫും തുറന്നെതിര്‍ക്കുന്നതും ഇതുകൊണ്ടു തന്നെ. പെട്രോളിയം വില നിര്‍ണയാധികാരം കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പലതവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ഒരു പാര്‍ട്ടിയും അംഗീകരിക്കാത്ത തീരുമാനമാണ് കേന്ദ്രം അടിച്ചേല്‍പ്പിച്ചതെന്ന് ഈ എതിര്‍പ്പില്‍ നിന്ന് തന്നെ വ്യക്തം.
എണ്ണക്കമ്പനികളുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം വില നിര്‍ണയാധികാരം കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് കൈമാറിയത്. ഇതോടെ, കമ്പനികള്‍ ഇഷ്ടാനുസരണം വില വര്‍ധിപ്പിക്കുന്ന സാഹചര്യമുണ്ടായി. പെട്രോളിന് ഒരു നിയന്ത്രണവുമില്ലാതെ വില കൂട്ടി. കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനെന്ന പേരില്‍ ഡീസലിനാകട്ടെ പ്രതിമാസം അമ്പത് പൈസ വീതം വര്‍ധിപ്പിക്കാനും അനുവാദമുണ്ട്. പെട്രോളിയം വില കൂടുന്നതിന്റെ പ്രതിഫലനം അപ്പപ്പോള്‍ വിപണയിലും അനുഭവപ്പെട്ടു. അവശ്യ സാധനങ്ങളുടെ വില കുത്തനെ വര്‍ധിച്ചതിനൊപ്പം ചരക്ക് നീക്കത്തിനും യാത്രക്കും ചെലവ് കൂടി. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തെ ഇത് കാര്യമായി ബാധിച്ചു. ഉത്സവ സീസണുകളില്‍ പോലും രൂക്ഷമായ വിലക്കയറ്റം അനുഭവപ്പെട്ടു. അടുക്കളയില്‍ പടര്‍ന്ന തീ പലപ്പോഴും കേരളത്തിന്റെ പ്രതിഷേധമായി മാറി.
കേരളത്തിലും കേന്ദ്രത്തിലും ഭരിക്കുന്ന മുന്നണി ഒന്നായതിനാല്‍ പ്രതിക്കൂട്ടില്‍ യു ഡി എഫാണ്. അപ്പോഴും ജനവികാരം മനസ്സിലാക്കി വിപണിയില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച ജാഗ്രത കാണാതിരിക്കാനുമാകില്ല. യു ഡി എഫ് അധികാരമേറ്റ ശേഷമുള്ള നിയമസഭാ സമ്മേളനങ്ങളിലെല്ലാം ചര്‍ച്ച ചെയ്ത ഒരേ ഒരു വിഷയം വിലക്കയറ്റമാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഈ ചര്‍ച്ചകള്‍ ഏറെ സഹായിച്ചിട്ടുണ്ട്.
വിപണി ഇടപെടലിന് അനുവദിച്ച തുകയിലെ വര്‍ധന ചൂണ്ടിയാണ് പ്രതിപക്ഷ വിമര്‍ശങ്ങളെ സര്‍ക്കാര്‍ നേരിടുന്നത്. ബജറ്റില്‍ നീക്കിവെച്ചതിനപ്പുറം ഉത്സവ സീസണുകളില്‍ ആവശ്യാനുസരണം തുക നല്‍കിയെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിക്കുന്നു. പാചക വാതക വില കൂട്ടിയതും സിലിന്‍ഡര്‍ വിതരണത്തിലെ നിയന്ത്രണവും ആധാര്‍ നടപ്പാക്കിയതും ജനത്തെ വലച്ചു. സബ്‌സിഡി സിലിന്‍ഡര്‍ വര്‍ഷം ഒരു കുടുംബത്തിന് ആറെണ്ണം മാത്രമായി ആദ്യം നിജപ്പെടുത്തി. എതിര്‍പ്പുയര്‍ന്നതോടെ ഇത് ഒമ്പതാക്കി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി സിലിന്‍ഡറിന്റെ എണ്ണം പന്ത്രണ്ടിലെത്തിച്ചു. സിലിന്‍ഡറിന്റെ വില കൂട്ടിയതിനൊപ്പം സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് ജനത്തെ വലച്ചു. ആധാറെടുക്കാനും ബേങ്കിലേക്കും ജനം നെട്ടോട്ടമോടി. പ്രതിഷേധം ഭയന്ന് ആധാര്‍ എടുക്കാനുള്ള സമയം ആദ്യം രണ്ട് മാസത്തേക്ക് നീട്ടി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എതിര്‍പ്പ് വന്നതോടെ ആധാര്‍ നടപ്പാക്കാനുള്ള തീരുമാനം തന്നെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.