യു എന്‍ ഇടപെട്ടാലും ഇറ്റാലിയന്‍ നാവികരെ വിട്ടയക്കരുത്: മുഖ്യമന്ത്രി

Posted on: March 22, 2014 12:44 am | Last updated: March 22, 2014 at 12:44 am
SHARE

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരുടെ മോചനത്തിന് ഐക്യരാഷ്ട്ര സംഘടനയെ ഇടപെടുവിക്കാനുള്ള ഇറ്റലിയുടെ സമ്മര്‍ദത്തിനു വഴങ്ങരുതെന്നും വിചാരണ കൂടാതെ അവരെ വിട്ടയക്കരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇറ്റലിയുടെ ആവശ്യപ്രകാരം ഇറ്റാലിയന്‍ നാവികരുടെ കേസില്‍ ഇടപെടാന്‍ യു എന്‍ പൊതുസഭയുടെ പ്രസിഡന്റ് ജോണ്‍ ആഷെ ഇന്ത്യയില്‍ എത്തി എന്ന മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്.
പ്രകോപനം കൂടാതെയുള്ള ക്രൂരമായ കൊലപാതകമാണ് ഇറ്റാലിയന്‍ നാവികര്‍ നടത്തിയത്. ഈ കേസിന്റെ വിചാരണയുടെ ഓരോ ഘട്ടവും അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ ഉത്കണ്ഠയോടെ കാത്തിരിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെയോ ഏതെങ്കിലും വിദേശ രാജ്യത്തിന്റെയോ ഇടപെടലിനെ തുടര്‍ന്ന് കുറ്റാരോപിതരെ നിരുപാധികം മോചിപ്പിച്ചാല്‍ അത് മുന്‍വിധിക്കും നമ്മുടെ രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ അവമതിക്കും ഇടയാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2012 ഫെബ്രുവരി 15ന് എന്റിക്ക ലെക്‌സി എന്ന ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്നുള്ള വെടിവെപ്പിനെത്തുടര്‍ന്ന് മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കേരള തീരത്ത് കൊല്ലപ്പെടുകയും ഇറ്റാലിയന്‍ നാവികരായ മാസിമിലാനോ ലാത്തോറെ, സാവത്തോറെ ജിറോനെ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് നീണ്ടകര പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
സംസ്ഥാന പോലീസ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതി ശരിവച്ചതിനെ തുടര്‍ന്ന് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചു. നാവികരുടെ വിചാരണ ശരിവെച്ച സുപ്രീം കോടതി, കേസ് അനേ്വഷണം ദേശീയ അനേ്വഷണ ഏജന്‍സിയെ ഏല്‍പ്പിച്ചു. ദേശീയ അനേ്വഷണ ഏജന്‍സി കേസ് പുനരനേ്വഷിക്കുകയും ന്യൂഡല്‍ഹിയിലെ എന്‍ ഐ എ പ്രത്യേക കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഈ കോടതിയില്‍ കേസിന്റെ വിചാരണ നടന്നുവരികയാണ്.